ഛായാഗ്രാഹകൻ ഷാജികുമാറിന്റെ വിയോഗത്തിൽ വിങ്ങി മലയാള സിനിമാ ലോകം. ഷാജികുമാറിനെ അവസാനമായി കാണാൻ സിനിമാ മേഖലയിൽനിന്ന് ഒട്ടേറെ പ്രമുഖരാണ് കലൂരിലെത്തിയത്. കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. നടന്മാരായ മോഹൻലാലും സുരേഷ് ഗോപിയും ഷാജികുമാറിനെ അവസാനമായി കാണാൻ ഇവിടെയെത്തി.

To advertise here,

പെരുമ്പാവൂരിലെ വീട്ടുവളപ്പിൽ രാത്രി ഏഴുമണിയോടെയാണ് സംസ്‌കാരച്ചടങ്ങുകൾ. തിരുവനന്തപുരം സ്വദേശിയായ ഷാജികുമാർ ഏറെനാളായി പെരുമ്പാവൂരിലാണ് താമസം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷാജികുമാറിന്റെ അന്ത്യം. മൃതദേഹം ഇവിടെനിന്ന് വാഴക്കാലയിലെ വീട്ടിലെത്തിച്ചു. തുടർന്നാണ് പൊതുദർശനം നടക്കുന്ന കലൂരിലേക്ക് കൊണ്ടുപോയത്. നടന്മാരായ കുഞ്ചാക്കോ ബോബൻ, ദിലീപ്‌, ലാൽ, സിദ്ധിഖ്, മനോജ് കെ. ജയൻ, ലാലു അലക്‌സ്, കലാഭവൻ ഷാജോൺ, ഇടവേള ബാബു, സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, എം. പത്മകുമാർ, ലാൽജോസ്, തരുൺ മൂർത്തി, അരുൺ ഗോപി, വിനയൻ, നടിമാരായ മാലാ പാർവതി, ചിപ്പി, നിർമാതാവ് എം. രഞ്ജിത്ത്, എഡിറ്റർ വി.ബി. ഷെഫീഖ് തുടങ്ങി ഒട്ടേറെപ്പേർ ഷാജികുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.