തെന്നിന്ത്യൻ താരം ആക്ഷൻ കിങ് അർജുൻ സർജയെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന മിസ്റ്ററി ത്രില്ലർ ചിത്രം 'പോളിമേര 3'-യുടെ ഫസ്റ്റ് ലുക്ക് ഗ്ലിംപ്‌സ് ദീപാവലി ദിനത്തിൽ പുറത്തിറങ്ങി. ചിത്രത്തിൽ അർജുൻ സർജ അവതരിപ്പിക്കുന്ന 'വീരാവി' എന്ന കഥാപാത്രത്തെയാണ് ഗ്ലിംപ്‌സിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഡോ. അനിൽ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ വമ്പൻ റിലീസായി പ്രേക്ഷകരിലേക്കെത്തും. വംശി നന്ദിപതി എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ വംശി നന്ദിപതി, ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പി. (ഏഷ്യൻ ഗ്രൂപ്പ്)യുടെ ഭരത് നരംഗുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

To advertise here,

വീരയോദ്ധാവിന്റെ രൂപഭാവത്തിൽ വാളേന്തി നിൽക്കുന്ന അർജുൻ സർജയുടെ മാസ് അവതാരം ഗ്ലിംപ്‌സിലെ പ്രധാന ആകർഷണമാണ്. താരത്തിന്റെ ശക്തമായ സ്‌ക്രീൻ പ്രസൻസും തീവ്രമായ ഭാവപ്രകടനവും കഥാപാത്രത്തിന്റെ വരവിന് കൂടുതൽ കരുത്തേകുന്നു. 'ബ്ലാസ്റ്റ്' എന്ന ചിത്രത്തിന് ശേഷമുള്ള അർജുൻ സർജയുടെ ചിത്രം, 'പോളിമേര' ഫ്രാഞ്ചൈസിയുടെ ലോകത്തിന് പുതിയൊരു മാനം നൽകുമെന്നാണ് പ്രതീക്ഷ. മികച്ച പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും ഉയർന്ന നിർമാണ നിലവാരവും ഗ്ലിംപ്‌സിന്റെ ദൃശ്യാനുഭവത്തെ കൂടുതൽ മികവുറ്റതാക്കുന്നു.

'മാ ഊരി പോളിമേര' എന്ന ആദ്യ ഭാഗത്തിലൂടെ ഒ.ടി.ടി.യിൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഫ്രാഞ്ചൈസിയാണ് 'പോളിമേര'. വിവിധ ഭാഷകളിലായി ചിത്രം വലിയൊരു പ്രേക്ഷകവിഭാഗത്തിലേക്ക് എത്തുകയും ചെയ്തു. രണ്ടാം ഭാഗമായ 'പോളിമേര 2' തിയേറ്ററുകളിൽ വമ്പൻ വിജയം നേടി. ഓരോ ഭാഗത്തിലും വികസിച്ചുവന്ന ഫ്രാഞ്ചൈസിയുടെ അടുത്ത ഘട്ടമാണ് 'പോളിമേര 3'. അർജുൻ സർജയുടെ വരവും നാല് ഭാഷകളിലുള്ള വിപുലമായ റിലീസും ചിത്രത്തിന്റെ ക്യാൻവാസും പ്രതീക്ഷകളും ഉയർത്തുന്നു.

ഡോ. അനിൽ വിശ്വനാഥ് കഥ- തിരക്കഥ- സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സത്യം രാജേഷ്, കൊമരയ്യ എന്ന ശ്രദ്ധേയ കഥാപാത്രമായി തിരിച്ചെത്തുന്നു. കാമാക്ഷി ഭാസ്‌കർല, ഗെറ്റപ്പ് ശ്രീനു, ബാലാദിത്യ, രാകേന്ദു മൗലി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും.

ബാനർ: വംശി നന്ദിപതി എന്റർടെയ്ൻമെന്റ്‌സ്, ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പി. (ഏഷ്യൻ ഗ്രൂപ്പ്), കഥ- തിരക്കഥ- സംഭാഷണം- സംവിധാനം: ഡോ. അനിൽ വിശ്വനാഥ്, നിർമാതാക്കൾ: വംശി നന്ദിപതി, ഭരത് നാരംഗ്, ഛായാഗ്രഹണം: സിദ്ധാർഥ്, സംഗീതം: കൃഷ്ണ പ്രസാദ്, പി.ആർ.ഒ: ശബരി.