ഛായാഗ്രാഹകൻ ഷാജികുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. വൈകാരിക ഭാവങ്ങളെ അതീവ ആഴത്തിൽ ഒപ്പിയെടുക്കാൻ കഴിവുള്ള പ്രതിഭയായിരുന്നു ഷാജികുമാർ എന്ന് മോഹൻലാൽ അനുസ്മരിച്ചു. ഷാജികുമാറിന്റേത് ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.
പ്രിയപ്പെട്ട ഷാജികുമാർ വിടപറഞ്ഞു. ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണ്. ഛായാഗ്രഹണ കലയിൽ തന്റേതായ വ്യക്തിമുദ്ര പതിച്ച ഷാജിയുടെ അകാല വിയോഗം ഏറെ സങ്കടപ്പെടുത്തുന്നു. 'നരൻ', 'പുലിമുരുകൻ', 'ഒടിയൻ', 'തുടരും' തുടങ്ങി അവസാനമായി ഞങ്ങളൊന്നിച്ച 'അതിമനോഹരം' എന്ന ചിത്രത്തിൽ വരെ ഷാജി എന്റെ ഒപ്പമുണ്ടായിരുന്നു', മോഹൻലാൽ കുറിച്ചു.
'വൈകാരിക ഭാവങ്ങളെ അതീവ ആഴത്തിൽ ഒപ്പിയെടുക്കാൻ കഴിവുള്ള അതുല്യ പ്രതിഭയായിരുന്നു ഷാജി. സ്‌നേഹവും സൗഹൃദവും എക്കാലത്തും ഞങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു. വേദനയോടെ ആദരാഞ്ജലികൾ', താരം കൂട്ടിച്ചേർത്തു.
ജോഷി സംവിധാനം ചെയ്ത 'നരനി'ൽ ആണ് ഷാജികുമാറും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നത്. പിന്നാലെ, മഹാസമുദ്രം, ബാബാ കല്യാണി, പുലിമുരുകൻ, ഒടിയൻ, ഇട്ടമാണി മെയ്ഡ് ഇൻ ചൈന, തുടരും വരെയുള്ള ചിത്രങ്ങളിൽ ഒന്നിച്ചു. 'അതിമനോഹരം' ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ചിത്രം ഡിസംബറിൽ റിലീസിനെത്തും.
ഷാജികുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് സംവിധായകൻ വിനയനും വൈകാരിക കുറിപ്പ് പങ്കുവെച്ചു. മലയാള സിനിമയിലെ ഒന്നാം നിരയിലുള്ള ഛായാഗ്രാഹകനാണ് ഷാജികുമാർ എന്ന് വിനയൻ അനുസ്മരിച്ചു. ഷാജികുമാറിന്റെ വിയോഗവാർത്ത ഞെട്ടിക്കുന്നതായിരുന്നുവെന്നും വിനയൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
'അത്ഭുതദ്വീപ്', 'സത്യം', 'വെള്ളിനക്ഷത്രം', 'പത്തൊമ്പതാം നൂറ്റാണ്ട്' എന്നിവയായിരുന്നു ഷാജിയോടൊത്ത് ഞാൻ ചെയ്ത ചിത്രങ്ങൾ. തന്റെ ജോലിയോട് ഇത്രയേറെ ആത്മാർഥതയും അർപ്പണബോധവും കാണിക്കുന്നെ ടെക്‌നീഷ്യന്മാർ വളരെ കുറവാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഗോകുലം കൺവൻഷൻ സെന്റററിൽ നടന്ന ഒരു ചടങ്ങിൽ വച്ച് ഷാജിയെ കണ്ടപ്പോൾ 'അടുത്ത സിനിമയിലേക്ക് സാർ എന്നെ വിളിച്ചാൽ എത്ര തിരക്കാണെങ്കിലും ഞാനവിടെ എത്തിയിരിക്കും', എന്ന വാക്കാണ് ഷാജി എന്നോട് അവസാനം പറഞ്ഞു പിരിഞ്ഞത്. ആ ഗോകുലം കൺവൻഷൻ സെന്റററിലേക്ക് ഷാജിയുടെ ചേതനയറ്റ മൃതശരീരം കാണാൻ ഇന്നു പോകുമ്പോൾ മനസ്സിനു താങ്ങാനാവാത്ത വിഷമമുണ്ട്. മനുഷ്യന്റെ കാര്യം ഇത്രയേ ഉള്ളൂ. ഷാജിയുടെ ആത്മാവിനുവേണ്ടി പ്രാർഥിക്കുന്നു- വിനയൻ കുറിച്ചു.
അർധരാത്രി 12 മണിയോടെയായിരുന്നു ഷാജികുമാറിന്റെ അന്ത്യം. ദിലീപ് നായകനായ 'ഹെനോക്കി'ന്റെ ചിത്രീകരണത്തിനായി ആലപ്പുഴയിലായിരുന്നു. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് ശനിയാഴ്ച രാത്രി ഹോട്ടൽ മുറിയിലെത്തിയ ഷാജികുമാർ ശാരീരിക അസ്വാസ്ഥ്യം തോന്നി ചിത്രത്തിന്റെ സംവിധായകൻ ഉല്ലാസ് കൃഷ്ണയെ വിവരം അറിയിച്ചു. ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കൊണ്ടുവന്ന ഷാജികുമാർ ആരോഗ്യം വീണ്ടെടുത്തുവരികയായിരുന്നു. കൂടെയുള്ളവരോട് സാധാരണ പോലെ സംസാരിച്ചിരുന്നു. പെട്ടെന്നാണ് തിങ്കളാഴ്ച രാത്രി വീണ്ടും ആരോഗ്യനില വഷളായത്. ശൗചാലയത്തിൽ പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
Content Highlights: Actor Mohanlal expressed deep sorrow over the demise of renowned cinematographer Shajikumar. Mohanlal remembered Shajikumar as a rare talent who captured deep emotions, citing collaborations from 'Naran' to 'Athimanoharam'. Director Vinayan also posted an emotional tribute, recalling his work with Shajikumar on films like 'Albhuthadweep' and 'Pathonpatham Noottandu'. Shajikumar fell ill after wrapping up the shoot for Dileep's movie 'Henok' in Alappuzha. Although he initially showed signs of recovery at Ernakulam Medical Trust Hospital, his health deteriorated rapidly on Monday night.
Published: 10 Nov 2026, 11:56 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented