2025 ജനുവരി 16-ന്, ബാന്ദ്രയിലെ സൈഫിന്റെയും കരീനയുടെയും ഫ്ലാറ്റിൽ ഒരാൾ അതിക്രമിച്ചുകയറിയത്.

തന്നെ വീട്ടിൽക്കയറി കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി നടൻ സെയ്ഫ് അലി ഖാൻ. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു രാത്രിയായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. ആ സംഭവത്തിനുശേഷം തനിക്ക് ആറുമാസത്തോളം ശരിയായി ഉറങ്ങാൻ സാധിച്ചില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കരീന കപൂറും പറഞ്ഞു. കോഫീ വിത്ത് കരൺ എന്ന ഷോയിൽ അതിഥികളായി എത്തിയതായിരുന്നു ഇരുവരും.
ആ ഭീതിജനകമായ രാത്രിയെക്കുറിച്ച് ഓർത്തെടുത്ത കരീന കപൂർ, ആ സംഭവം തന്നിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞു. സംഭവത്തിനുശേഷം ആറുമാസത്തോളം തനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്ന് അവർ പറഞ്ഞു. "ഞാൻ റോഡിൽ നിന്ന് ‘രുക്കോ, രുക്കോ’ എന്ന് അലറിക്കരയുകയായിരുന്നു", കരീനയുടെ വാക്കുകൾ ഇങ്ങനെ. രാത്രികളുടെ ചരിത്രത്തിലെ ഏറ്റവും മോശമായ രാത്രി എന്നാണ് സംഭവദിവസത്തെ സെയ്ഫ് വിശേഷിപ്പിച്ചത്. ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടും മക്കളുടെ സാന്നിധ്യത്തിൽ മനസ്സാന്നിധ്യം കൈവിടാതിരിക്കാൻ താൻ പരമാവധി ശ്രമിച്ചതായി സൈഫ് പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ചും ദമ്പതികൾ സംസാരിച്ചു.
2025 ജനുവരി 16-ന്, ബാന്ദ്രയിലെ സൈഫിന്റെയും കരീനയുടെയും ഫ്ലാറ്റിൽ ഒരാൾ അതിക്രമിച്ചുകയറി. ഇയാൾ വീട്ടിലെ ജോലിക്കാരനുമായി തർക്കത്തിലേർപ്പെടുകയും പ്രശ്നം പരിഹരിക്കാൻ സൈഫ് ഇടപെടുകയും ചെയ്തതോടെ സാഹചര്യം അക്രമസക്തമായി മാറുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ സൈഫിന് ആഴത്തിൽ കുത്തേറ്റു. അപകടനിലയിലായ സെയ്ഫിനെ ഒരു ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്. ആറ് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചതും ജനുവരി 21-ന് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയതും.
പ്രതിയായ ഷരീഫുൾ ഇസ്ലാമിനെ ജനുവരി 19-ന് താനെയിൽ നിന്ന് പോലീസ് പിടികൂടി. സെയ്ഫിന്റെ നട്ടെല്ലിന് സമീപത്ത് തറച്ച കത്തിയുടെ ഭാഗവും അപ്പാർട്ട്‌മെന്റിൽ നിന്ന് ലഭിച്ച കത്തിയുടെ ഭാഗവും പ്രതിയിൽ നിന്ന് കണ്ടെടുത്ത ആയുധവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
Also Read: രണ്ട് കത്തികളുണ്ടായിരുന്നു അയാളുടെ കയ്യിൽ, എന്റെ ദേഹമാസകലം വെട്ടി -സെയ്ഫ് അലി ഖാൻ
'ഇളയമകൻ ജേയുടെ കട്ടിലിനരികെ കത്തിയും പിടിച്ച് നിൽക്കുന്ന അക്രമിയെയാണ് ഞാൻ ആദ്യം കണ്ടത്. ഇത് കണ്ടയുടൻ പ്രതികരിച്ച് അയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഞാൻ ജേയുടെ മുറിയിലേക്ക് ഇടിച്ചുകയറി. ഇരുട്ടിൽ, ഒരാൾ കത്തിയും പിടിച്ച് അവന്റെ കട്ടിലിനരികെ നിൽക്കുന്നതാണ് അപ്പോൾ കണ്ടത്. തുടർന്ന് ഞാനയാളുടെ മുകളിലേക്ക് ചാടിവീണു. ഇരുവരും തമ്മിൽ പോരാട്ടം തുടങ്ങി. അതിനുശേഷം, അയാൾക്ക് ഭ്രാന്ത് പിടിച്ചതുപോലെയായി. അയാളുടെ കയ്യിൽ രണ്ട് കത്തികളുണ്ടായിരുന്നു, അയാൾ അതുകൊണ്ട് എന്റെ ദേഹമാസകലം വെട്ടി.'-അന്നത്തെ സംഭവം സെയ്ഫ് അലി ഖാൻ മുമ്പ് ഓർത്തെടുത്തത് ഇങ്ങനെയാണ്.
Content Highlights: Appearing together on the final season of Koffee With Karan, Saif Ali Khan and Kareena Kapoor opened up about the harrowing January 2025 home invasion and stabbing incident, with Kareena admitting she suffered six months of sleeplessness and Saif recounting it as "the worst night in the history of nights."
Published: 04 Nov 2026, 03:26 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented