തന്നെ ഒരാൾ വീട്ടിൽ കയറി ആക്രമിച്ച ദിവസം ഓർത്തെടുത്ത് നടൻ സെയ്ഫ് അലി ഖാൻ. ആക്രമണം ചെറുക്കാൻ താൻ ശ്രമിച്ചപ്പോൾ അക്രമിക്ക് ഭ്രാന്തുപിടിച്ചതുപോലെയായെന്ന് താരം പറഞ്ഞു. ഏറ്റുമുട്ടലിൽ തന്റെ പുറത്തും കഴുത്തിലും ഗുരുതരമായ പരിക്കേറ്റെന്നും ഇത് മകൻ തൈമുറിനെ ആശങ്കപ്പെടുത്തിയെന്നും സെയ്ഫ് കൂട്ടിച്ചേർത്തു. 'ടു മച്ച് വിത്ത് ട്വിങ്കിൾ ആൻഡ് കജോൾ' എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ഇളയമകൻ ജേയുടെ കട്ടിലിനരികെ കത്തിയും പിടിച്ച് നിൽക്കുന്ന അക്രമിയെയാണ് താൻ ആദ്യം കണ്ടതെന്ന് സെയ്ഫ് അലി ഖാൻ പറഞ്ഞു. ഇത് കണ്ടയുടൻ പ്രതികരിച്ച് അയാളെ കീഴ്പ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. താൻ ജേയുടെ മുറിയിലേക്ക് ഇടിച്ചുകയറി. ഇരുട്ടിൽ, ഒരാൾ കത്തിയും പിടിച്ച് അവന്റെ കട്ടിലിനരികെ നിൽക്കുന്നതാണ് അപ്പോൾ കണ്ടത്. തുടർന്ന് താനയാളുടെ മുകളിലേക്ക് ചാടിവീണു. ഇരുവരും തമ്മിൽ പോരാട്ടം തുടങ്ങി. അതിനുശേഷം, അയാൾക്ക് ഭ്രാന്ത് പിടിച്ചതുപോലെയായെന്ന് സെയ്ഫ് ഓർമിച്ചു.

"അയാളുടെ കയ്യിൽ രണ്ട് കത്തികളുണ്ടായിരുന്നു, അയാൾ അതുകൊണ്ട് എന്റെ ദേഹമാസകലം വെട്ടാൻ തുടങ്ങി. തൈമൂർ മുകളിൽ നിന്ന് എന്നെ നോക്കി, അവൻ ചോദിച്ചു, 'ദൈവമേ! അച്ഛൻ മരിക്കാൻ പോവുകയാണോ?' ഞാൻ പറഞ്ഞു, 'ഇല്ല, എനിക്ക് തോന്നുന്നില്ല. പക്ഷെ എന്റെ പുറത്ത് വേദനയുണ്ട്. ഞാൻ മരിക്കില്ല, എനിക്ക് കുഴപ്പമൊന്നുമില്ല,'" അദ്ദേഹം ഓർത്തെടുത്തു. സംഭവത്തിന് ശേഷം, തന്നെ"ഹീറോ" എന്നാണ് ജേ വിളിച്ചതെന്നും സെയ്ഫ് അലി ഖാൻ കൂട്ടിച്ചേർത്തു.

അക്ഷയ് കുമാറിനൊപ്പമുള്ള 'ഹൈവാനാ'ണ് സെയ്ഫിന്റെ അടുത്തതായി പുറത്തിറങ്ങുന്ന സിനിമ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്നും പറയുന്നുണ്ട്.