ബോളിവുഡിന്റെ 'കിംഗ് ഖാൻ' ഷാരൂഖ് ഖാന്റെ 61-ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. എല്ലാ ജന്മദിനത്തിനും തന്റെ വസതിയായ മന്നത്തിനുമുന്നിലെത്തുന്ന ആരാധകരെ അഭിവാദ്യംചെയ്യുന്ന പതിവുണ്ട് കിങ് ഖാന്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിച്ചിരിക്കുകയാണ് അദ്ദേഹം. മുംബൈയിലെ തന്റെ വസതിയായ 'മന്നത്തി'ലെ ബാൽക്കണിയിൽ നിന്ന് ആരാധകരെ കാണുന്ന പതിവ് രീതിക്കുമുൻപേ സൗത്ത് മുംബൈയിലെ ആഡംബര ഹോട്ടലിനുമുന്നിൽവെച്ച് ഷാരൂഖ് ആരാധകരെ അഭിവാദ്യംചെയ്തു. ഇവിടെവെച്ചാണ് അദ്ദേഹം കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും ഒപ്പം ജന്മദിനം ആഘോഷിച്ചത്.

To advertise here,

ഹോട്ടലിന് പുറത്ത് വൻ ജനക്കൂട്ടമാണ് താരത്തെ കാണാനായി തടിച്ചുകൂടിയതും സ്നേഹത്തോടെ മുദ്രാവാക്യം വിളിച്ചതും. ഷാരൂഖിന്റെ മക്കളായ സുഹാന ഖാനും ആര്യൻ ഖാനും ആഘോഷങ്ങളുടെ ഭാഗമായിരുന്നു. പാർട്ടിക്ക് ശേഷം ഇവർ രണ്ടുപേരും പെട്ടെന്ന് മടങ്ങിയെങ്കിലും, കാറിൽ കയറുന്നതിന് മുൻപ് ഷാരൂഖ് ഖാൻ മണിക്കൂറുകളോളം കാത്തുനിന്ന ആരാധകരുടെ സ്നേഹത്തിന് നന്ദി പ്രകടിപ്പിക്കാൻ സമയം കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ ഹോട്ടലിന് പുറത്തിറങ്ങിയ താരം, തനിക്കായി കാത്തുനിന്ന ആരാധകർക്ക് നേരെ കൈവീശുകയും 'ഫ്ലയിംഗ് കിസ്സുകൾ' നൽകുകയും ചെയ്തു. അതേസമയം വൈകീട്ടോടെ അദ്ദേഹം മന്നത്തിന് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ പതിവുരീതിയിൽ കാണാനെത്തി.

താജിൽ ആഘോഷങ്ങൾ നടക്കുമ്പോഴും 'മന്നത്തി'ന് മുന്നിൽ തടിച്ചുകൂടിയ ആരാധകർക്കായി പ്രത്യേക സർപ്രൈസ് ഒരുക്കിയിരുന്നു. വസതിക്ക് പുറത്തുള്ള വലിയ സ്ക്രീനിൽ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ കിംഗ്' (King) എന്ന സിനിമയുടെ ദൃശ്യങ്ങളും ദീപിക പദുകോൺ അഭിനയിച്ച പുതിയ ഗാനവും പ്രദർശിപ്പിച്ചു. കൂടാതെ "എന്നെ 'കിംഗ്' ആക്കി മാറ്റിയ ഹൃദയങ്ങൾക്ക്, പകരം ഒരുപാട് സ്നേഹം" എന്ന് ഷാരൂഖ് കൈപ്പടയിൽ എഴുതിയ പ്രത്യേക സന്ദേശവും സ്ക്രീനിൽ തെളിഞ്ഞു.

ജന്മദിനത്തോടനുബന്ധിച്ച് മുംബൈ സീ ലിങ്ക് ദീപാലംകൃതമാക്കുകയും രാജ്യത്തുടനീളമുള്ള ആരാധകർ കേക്ക് മുറിച്ചും വിവിധ പരിപാടികൾ സംഘടിപ്പിച്ചും ആഘോഷത്തിൽ പങ്കുചേരുകയും ചെയ്തു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് റെഡ് ചില്ലീസ് എന്റെർടെയിൻമെന്റും മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന 'കിംഗ്' 2026 ഡിസംബർ 24-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.