ലോകത്തിനുമുന്നിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ചിത്രമായിരിക്കും രാമായണ എന്ന് നടി രാകുൽ പ്രീത് സിംഗ്. ഇന്ത്യയുടെ ചരിത്രവും സത്യവും ലോകത്തിലെ ആദ്യത്തെ ആഗോള സിനിമയിലൂടെ അവതരിപ്പിക്കുന്നതിന്റെ ആവേശവും സന്തോഷവും വാർത്താ ഏജൻസിയായ പി.ടി.ഐയോട് താരം പങ്കുവെച്ചു. രൺബീർ കപൂർ ശ്രീരാമനായും സായി പല്ലവി സീതയായും എത്തുന്ന 'രാമായണ' സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ, ശൂർപ്പണഖയായി പ്രത്യക്ഷപ്പെട്ട രാകുൽ പ്രീത് സിംഗിന്റെ വേഷം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

To advertise here,

രാമായണ എന്ന ചിത്രത്തിന്റെ ട്രെയിലറിൽ ഏവരെയും അത്ഭുതപ്പെടുത്തിയ നിമിഷങ്ങളിൽ ഒന്നായിരുന്നു രാകുലിന്റെ ശൂർപ്പണഖാ വേഷം. ശൂർപ്പണഖ എന്നത് വളരെ തെറ്റിദ്ധരിക്കപ്പെട്ടതും ബഹുമുഖ മാനങ്ങളുള്ളതുമായ ഒരു കഥാപാത്രമാണെന്ന് രാകുൽ വ്യക്തമാക്കി. രാമ-രാവണ യുദ്ധത്തിന് തുടക്കമിട്ട പ്രധാന കാരണം ശൂർപ്പണഖയായിരുന്നു. ഒരു പ്രത്യേക നിമിഷത്തിന്റെ പേരിൽ മാത്രമാണ് ചരിത്രം ശൂർപ്പണഖയെ ഓർമ്മിക്കുന്നതെന്നും, എന്നാൽ അവരുടെ കഥയ്ക്ക് അതിനേക്കാൾ വലിയ മാനങ്ങളുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

"എന്നെ ആവേശത്തിലാക്കിയ കാര്യങ്ങൾ പലതാണ്. ഒന്നാമത്, ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രാതിനിധ്യമാണിത്. നമ്മുടെ ചരിത്രവും നമ്മുടെ സത്യവും ഈ ആഗോള സിനിമയിലൂടെ അവതരിപ്പിക്കപ്പെടുന്നു. രണ്ടാമതായി, ശൂർപ്പണഖ വളരെ തെറ്റിദ്ധരിക്കപ്പെട്ടതും നിരവധി മാനങ്ങളുള്ളതുമായ ഒരു കഥാപാത്രമാണ്. രാമായണ യുദ്ധത്തിന് കാരണക്കാരിതന്നെ അവളാണ്. അതിനാൽ, നിരവധി ഭാവങ്ങളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വളരെ രസകരമായിരുന്നു." രാകുലിന്റെ വാക്കുകൾ.

പ്രേക്ഷകരുടെ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്ന ഇത്തരം സങ്കീർണ്ണമായ കഥാപാത്രങ്ങൾ ചെയ്യാനാണ് ഒരു അഭിനേത്രി എന്ന നിലയിൽ തനിക്ക് താല്പര്യമെന്ന് രാകുൽ നേരത്തേ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. ശൂർപ്പണഖയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ താൻ സമ്മതിച്ചതിന്റെ പ്രധാന കാരണം അതിന്റെ സങ്കീർണ്ണതയാണെന്നും, തുറന്ന മനസ്സോടെ പ്രേക്ഷകർ ഈ കഥാപാത്രത്തെ കണ്ടറിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും താരം വ്യക്തമാക്കി.

Also Read: 20 വർഷംമുൻപ് കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടു, ഇന്ന് 16,000 കോടി ആസ്തി; ആരാണ് രാമായണ നിർമാതാവ് നമിത് മൽഹോത്ര

വാൽമീകി രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ രാവണനായി യഷ് എത്തുന്നു. ഏകദേശം 4,000 കോടി രൂപ ബജറ്റിൽ യഷും നമിത് മൽഹോത്രയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിന്റെ ആദ്യ ഭാഗം 2026 നവംബർ 5-നും, രണ്ടാം ഭാഗം 2027 ദീപാവലി റിലീസായും തിയേറ്ററുകളിൽ എത്തും.