ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ അതിക്രമിച്ചുകയറി ആക്രമിച്ച കേസിലെ വിചാരണ നടപടികൾ വിചാരണക്കോടതിയിൽ ആരംഭിച്ചു. കഴിഞ്ഞ വർഷം ജനുവരി 15-16 തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെയ്ഫിന്റെയും കരീന കപൂറിന്റെയും ഇളയ മകൻ ജെഹിനെ പരിചരിക്കുന്ന ജീവനക്കാരിയാണ് കേസിലെ ആദ്യസാക്ഷിയും പരാതിക്കാരിയുമായ സ്റ്റാഫ് നഴ്സ്. കോടതി നടപടികൾക്കിടയിൽ, പ്രതിയായ 31-കാരൻ മുഹമ്മദ് ഷരീഫുളിനെ ഇവർ തിരിച്ചറിഞ്ഞു.

To advertise here,

സംഭവം നടന്ന രാത്രിയിലെ ഭീതിജനകമായ വിവരങ്ങൾ നഴ്സ് കോടതിയിൽ പങ്കുവെച്ചു: പുലർച്ചെ രണ്ടുമണിയോടെ ശബ്ദം കേട്ട് ഉണർന്ന താൻ, ബാത്ത്റൂമിലെ വെളിച്ചം കണ്ട് അത് കരീന കപൂറാകാം എന്നാണ് വിചാരിച്ചത്. എന്നാൽ, വീണ്ടും ഉണർന്നപ്പോൾ കുഞ്ഞായ ജെഹിന്റെ കിടക്കയ്ക്ക് നേരെ ഒരാളുടെ നിഴൽ നീങ്ങുന്നത് കണ്ടു. കുഞ്ഞിനെ എടുക്കാൻ ഓടിയെത്തിയ നഴ്സിനെ അക്രമി ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും ഒരു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ബഹളം കേട്ട് ജെഹിന്റെ ആയ ഉണർന്ന് ശബ്ദമുണ്ടാക്കിയതോടെ കരീനയും സെയ്ഫും മുറിയിൽനിന്ന് ഓടിയെത്തി.

അക്രമി ആരാണെന്നും എന്താണ് വേണ്ടതെന്നും സെയ്ഫ് ചോദിച്ചതോടെ അക്രമി സെയ്ഫിന് നേരെ തിരിയുകയും ആക്രമിക്കുകയും ചെയ്തു. മറ്റൊരു ജീവനക്കാരനും ഈ ആക്രമണത്തിൽ പരിക്കേറ്റു. എന്നാൽ, നഴ്സും മറ്റുള്ളവരും അടുത്ത മുറിയിൽ കയറി വാതിലടച്ച് രക്ഷപ്പെട്ട സമയത്ത് സെയ്ഫ് അലി ഖാൻ അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. കൂടുതൽ ജീവനക്കാർ എത്തുമ്പോഴേക്കും അക്രമി അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവർ പറഞ്ഞു.

Also Read: 'അച്ഛൻ മരിക്കാൻ പോകുകയാണോ എന്ന് തൈമൂർ ചോദിച്ചു’; വികാരഭരിതനായി സെയ്ഫ്, കെട്ടിപ്പിടിച്ച് കജോൾ
സംഭവത്തിൽ രക്തത്തിൽ കുളിച്ചു കിടന്ന ആ നിമിഷങ്ങളിൽ താൻ മരിച്ചുപോകുമെന്ന് ഭയപ്പെട്ടിരുന്നതായി സെയ്ഫ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. വെളുത്ത കുർത്തയും പൈജാമയും ധരിച്ച് രക്തം പുരണ്ട് നിലത്തു കിടന്നപ്പോൾ, മകൻ തൈമൂറിനെ കൂടെക്കൂട്ടി ആശുപത്രിയിൽ പോകാനാണ് താൻ ആഗ്രഹിച്ചതെന്ന് അദ്ദേഹം ഓർത്തെടുത്തു. സമൂഹം നേരിടുന്ന സാമ്പത്തിക അസമത്വമാണ് ഇത്തരമൊരു കവർച്ചാശ്രമത്തിന് പിന്നിലെന്ന് വിശ്വസിക്കുന്ന അദ്ദേഹം, പ്രതിയോട് ക്ഷമിക്കാൻ താൻ തയ്യാറാണെങ്കിലും തന്നെ കൊല്ലാൻ ശ്രമിച്ച സംഭവം മറക്കാൻ പ്രയാസമാണെന്നും വ്യക്തമാക്കിയിരുന്നു.

ആക്രമണം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് മുംബൈ പോലീസ് പ്രതിയായ മുഹമ്മദ് ഷരീഫുളിനെ അറസ്റ്റ് ചെയ്തത്. കുറ്റം സമ്മതിക്കാനുള്ള പ്രതിയുടെ രണ്ടാമത്തെ അപേക്ഷയും കോടതി തള്ളിയതോടെയാണ് വിചാരണ നടപടികൾ ആരംഭിച്ചത്.