ടുത്തിടെയാണ്  രാവണപ്രഭുവിന്റെ 4K പതിപ്പ് റീ റിലീസ് ചെയ്തത്. വലിയ വരവേല്പാണ് സിനിമാപ്രേമികൾ ചിത്രത്തിന് നൽകിയത്. എന്നാൽ ചിത്രം ഇപ്പോൾ ഒരു വലിയ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. രാവണപ്രഭുവിന്റെ റീ-റിലീസ് പോസ്റ്ററിൽനിന്ന് ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതാണ് അതിന് കാരണം. ഗാനരചയിതാവ് മനു മഞ്ജിത്ത് ആണ് വിമർശനം ഉന്നയിച്ചത്.

To advertise here,

ചില ഓർമക്കുറവുകൾക്ക് പേര് മറവി എന്നല്ല, നന്ദികേട് എന്നാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. പുതിയ 4K പതിപ്പിൻ്റെ പോസ്റ്ററിലേക്ക് പഴയ പേരുകൾ പകർത്തി എഴുതുമ്പോൾ അതിൽ ഗിരീഷ് പുത്തഞ്ചേരി എന്നൊരു പേര് വെട്ടിക്കളയാനുള്ള 'ധൈര്യം' തോന്നിയത് ആർക്കാണെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പമായിരുന്നു മനു മഞ്ജിത് പ്രതിഷേധം രേഖപ്പെടുത്തിയത്.

'ഇപ്പോഴും തിയേറ്ററിൽ കേൾക്കുന്ന ആ കടലിരമ്പം ഉറഞ്ഞാടുമ്പോൾ ഉരുവിടുന്നത് "കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്....", "മഴക്കാറ് മായം കാട്ടും രാവാണേ" എന്നും... ഉള്ളു വിങ്ങുന്നത് "തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും ഒരു രുദ്രതാളമായ് ചേർന്നിരുന്നു.." എന്നും... "വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ വാനിലുയരു"മ്പോൾ അതിനൊത്ത് പ്രണയിച്ചുമാണ്. അതൊക്കെ സമ്മാനിച്ച പ്രതിഭാസം മരിച്ചു പോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ല'. മനു മഞ്ജിത്തിന്റെ വാക്കുകൾ.

മനു മഞ്ജിത്തിന്റെ കുറിപ്പിന് പിന്തുണയുമായി നിരവധി പേരെത്തി. പോസ്റ്ററിൽ നിന്നല്ലേ അവർക്ക് വെട്ടി മാറ്റാൻ പറ്റൂ, ലക്ഷകണക്കിന് ഹൃദയങ്ങളിൽ നിന്ന് വെട്ടിമാറ്റാൻ പറ്റില്ലല്ലോ എന്നായിരുന്നു ഒരു പ്രതികരണം. അദ്ദേഹം ആ വർഷത്തെ സ്റ്റേറ്റ് അവാർഡ് തൂക്കിയത് ഈ സിനിമാക്കണെന്നു പൊലും അവർ ചിലപ്പോ മറന്ന് കാണും. ഇത്രയധികം മനോഹരമായ വരികൾ സമ്മാനിച്ച് അതിലൊരു പാട്ടിന് സ്റ്റേറ്റ് അവാർഡും വാങ്ങിയ മനുഷ്യൻ്റെ പേര് വിട്ട് പോയത് കേവലം ശ്രദ്ധ കുറവ് മാത്രമാണോ എന്നും കമന്റുകൾ വന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം 4K അറ്റ്മോസില്‍ എത്തിച്ചത് മാറ്റിനി നൗ ആണ്. മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തിയ ചിത്രത്തില്‍ നെപ്പോളിയന്‍, സിദ്ദിഖ്, രതീഷ്, സായ്കുമാര്‍, ഇന്നസന്റ്, വസുന്ധരാ ദാസ്, രേവതി, ഭീമന്‍ രഘു, അഗസ്റ്റിന്‍, രാമു, മണിയന്‍പിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്. സുരേഷ് പീറ്റേഴ്സിന്റേതാണ് സംഗീതം. രഞ്ജിത്തിന്റെ സംവിധാനത്തിൽ 2001-ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.