നൂൽപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശോഭൻകുമാർ ഒരുക്കിയ വയലാർ സ്മൃതിമണ്ഡപത്തിൽ നിന്നാണ് ഇരിപ്പിടവും പാട്ടുമെന്ന ആശയം കിട്ടിയത്. അദ്ദേഹത്തെക്കൊണ്ടുതന്നെയാണ് ഗാനതീരം ഉദ്ഘാടനം ചെയ്യിച്ചതും.

സുൽത്താൻബത്തേരി: മഞ്ഞിൻ തണുപ്പുനീക്കി പ്രഭാതമുണരുമ്പോളേക്കും നമ്പിക്കൊല്ലിയിലെ ഞാവൽമരത്തറയിൽ വയലാർ രാമവർമയുടെ അനശ്വര ഗാനങ്ങൾ ചെറുശബ്ദത്തിൽ കേട്ടുതുടങ്ങും. സൂര്യകിരണങ്ങൾ തെളിയുന്നതിനൊപ്പം നാട്ടുകാരിൽ പലരും ഈ മനോഹരതീരത്ത് വന്നിരിക്കും. ചിലപ്പോൾ ചന്ദ്രകളഭം ചാർത്തിയുണരും തീരവും, ചില്ലുമേടയിൽ ഇരുന്നെന്നെ കല്ലെറിയല്ലേ തുടങ്ങിയ വരികളാകും ചെറു ഞാവൽമരത്തിലെ സ്പീക്കറിൽ നിന്നുയരുന്നത്. അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്ന പാട്ടുകൾ രാത്രി എട്ടുവരെ നീളും. ഇതിനിടയിൽ മൂന്നുനേരം എഫ്.എം. റേഡിയോ വാർത്തകളും ഇടയ്ക്ക് കലാഭവൻമണിയുടെ നാടൻപാട്ടുകളും വ്യത്യസ്തതയാകും.
ബത്തേരി-ഊട്ടി പാതയോരത്ത് നമ്പിക്കൊല്ലിയിൽ വ്യാപാര സ്ഥാപനങ്ങളുമായിരിക്കുന്ന രണ്ടുപേരുടെ പഴയഗാനങ്ങളോടും പ്രത്യേകിച്ച് വയലാർ രാമവർമയോടുമുള്ള ആരാധനയും സ്നേഹവുമാണ് വയലാർ ഗാനതീരവും വയലാർ തണലോരവുമായി മാറിയത്. 40 വർഷത്തോളമായി അങ്ങാടിയിൽ കട നടത്തുന്ന ജോർജ് വലിയകുന്നേലും എൽ.ഐ.സി. പ്രീമിയം പോയിന്റ് നടത്തുന്ന എസ്. ബിജുവുമാണ് വയലാറിന്റെ സ്മാരകമെന്ന നിലയിൽ ഇരിപ്പിടവും അവിടെ പകൽമുഴുവൻ പാട്ടുകളുടെ ധാരയുമൊരുക്കിയത്. മറ്റ് വ്യാപാരികളും ഡ്രൈവർമാരുമെല്ലാം ചേർന്നു.
ഇവരുടെ സ്ഥാപനങ്ങൾക്ക് മുന്നിലായി പകുതി പൊളിഞ്ഞ മൈൽക്കുറ്റിയും ഒടിഞ്ഞ വൈദ്യുതക്കാലുമൊക്കെയുണ്ടായിരുന്ന സ്ഥലം നന്നാക്കി ഹൈബ്രീഡ് ഞാവൽ മരം നട്ടു. വളർന്നതോടെ വട്ടത്തിൽ കോൺക്രീറ്റ് ഇരിപ്പിടമുണ്ടാക്കി ചുറ്റിനും കോൺക്രീറ്റ് ചെയ്തു. ഇരിപ്പിടത്തിൽ പെയിന്റ് ചെയ്തതും പേരെഴുതിയതും വയലാറിന്റെ പാട്ടുവരികൾ എഴുതിയതും ജോർജാണ്. ഇരുവരും കണ്ടെത്തിയ പേരുകളായ 'വയലാർ ഗാനതീരം', 'വയലാർ തണലോരം' എന്നിവയാണ് ഇരുഭാഗത്തായി എഴുതിവെച്ചത്. ജോർജിന്റെ കടയിൽ സജ്ജീകരിച്ച ശബ്ദസംവിധാനത്തിൽ നിന്നാണ് സംഗീതം പ്രവഹിക്കുന്നത്. രാവിലെ കടതുറക്കുമ്പോൾ മുതൽ രാത്രി എട്ടിന് കടയടയ്ക്കും വരെ പാട്ടുണ്ടാവും. ഞായറാഴ്ചകളിൽ രാവിലെയെത്തി പാട്ടുവെച്ചു പോകാറാണ്. ആളുകൾക്ക് വന്നിരിക്കാവുന്ന മരച്ചുവടുകളും ആൽത്തറകളും ഇല്ലാതായ കാലത്ത് ഇങ്ങനെയൊന്നിവർ ചിന്തിച്ചത്.
Also Read: വിപ്ലവഗാനങ്ങൾ പലതുണ്ട്, പക്ഷേ 'ബലികുടീരങ്ങൾ' ഒന്നു മാത്രം; ആ ഗാനം പിറന്നതിങ്ങനെ
നൂൽപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശോഭൻകുമാർ ഒരുക്കിയ വയലാർ സ്മൃതിമണ്ഡപത്തിൽ നിന്നാണ് ഇരിപ്പിടവും പാട്ടുമെന്ന ആശയം കിട്ടിയത്. അദ്ദേഹത്തെക്കൊണ്ടുതന്നെയാണ് ഗാനതീരം ഉദ്ഘാടനം ചെയ്യിച്ചതും. പാട്ട് ഇഷ്ടപ്പെടാത്തവരില്ലെന്നും പഴയപാട്ടുകളും വരികളും പ്രത്യേക അനുഭൂതിക്കൊപ്പം മാനസികാശ്വാസവും നൽകുമെന്നതാണ് പാട്ടുധാരയൊരുക്കാൻ ഇവരെ പ്രേരിപ്പിച്ചത്. മറ്റുള്ളവർക്ക് ശല്യമാകാത്തവിധം ചെറിയ ശബ്ദത്തിലേ പാട്ടുവെക്കൂ. തൊട്ടപ്പുറത്തുണ്ടായിരുന്ന തണൽമരം പോയപ്പോൾ പ്ലാവ് തൈയും റോഡിനപ്പുറത്ത് ചില വൃക്ഷത്തൈകളും നട്ട് പരിപാലിക്കുന്നുണ്ട്. ഭാവിയിൽ അവിടെയും ഇരിപ്പിടങ്ങളൊരുക്കാനാണ് ശ്രമം. ഗാനതീരമൊരുക്കാനുള്ള ചെലവുകൾ ഇവർതന്നെ വഹിച്ചു. നാടിന്റെ നന്മയ്ക്കൊപ്പം കൂടിയിരിക്കലിന്റെയും പാട്ടാസ്വാദനത്തിന്റെയും വഴികൾ തെളിക്കുകയാണ് ചെയ്തതെന്ന് ഇരുവരും വിനയാന്വിതരാകുമ്പോഴും സ്പീക്കറിൽ മുഴങ്ങുകയാണ് 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..., തലയ്ക്കുമീതേ ശൂന്യാകാശം... 'തുടങ്ങിയ വയലാർ പാട്ടുകൾ.
മനോഹരതീരത്തെത്താൻ ഇന്ദുലേഖ
നമ്പിക്കൊല്ലിയിലെ ഞാവൽമരച്ചുവട്ടിൽ അച്ഛന്റെ പാട്ടുകൾക്കും സൗഹൃദസദസ്സിനുമൊപ്പം ഇരിക്കാൻ കൊതിയാകുന്നതായി ശബ്ദസന്ദേശമയച്ച് വയലാറിന്റെ മകൾ ഇന്ദുലേഖ. ചില സുഹൃത്തുക്കളിൽനിന്ന് വിവരമറിഞ്ഞ ഇന്ദുലേഖ എന്നെങ്കിലും അവിടെയിരിക്കാൻ കഴിയണമെന്നാണ് ആഗ്രഹമെന്നും വരാൻ കൊതിയുണ്ടെന്നുമാണ് അറിയിച്ചിരിക്കുന്നത്. മകൻ ശരത്ചന്ദ്രവർമയും എത്താനുള്ള ആഗ്രഹമറിയിച്ചിട്ടുണ്ട്. ചിലപ്പോൾ ഇരുവരും ഒരുമിച്ചെത്താനുള്ള സാധ്യതയുമുണ്ട്.
Content Highlights: Two local shopkeepers in Nambikkolli near Sulthan Bathery have created 'Vayalar Gana Theeram', a shaded roadside seating area around a Syzygium (Njaval) tree that plays timeless Vayalar Ramavarma melodies from morning till evening for passersby and music lovers.
Published: 14 Sept 2026, 09:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented