സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി പ്രഭാസ് നായകനായ സ്പിരിറ്റ് എന്ന ചിത്രത്തിന്റെ ഓഡിയോ ടീസർ. ടീസറിൽ പ്രഭാസിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച ഒരു വാചകം ഷാരൂഖ് ഖാൻ ആരാധകർക്ക് അത്ര ഇഷ്ടപ്പെടാത്തതാണ് ഈ ചർച്ചയ്ക്ക് കാരണം. പ്രഭാസിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ പ്രത്യേക ടീസർ പുറത്തുവിട്ടത്. അനിമൽ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വാംഗ സംവിധാനംചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. ത്രിപ്തി ദിമ്രിയാണ് നായികയായെത്തുന്നത്.
അഞ്ച് ഇന്ത്യൻ ഭാഷകളിൽ പുറത്തിറങ്ങിയ ടീസറിൽ താരങ്ങളുടെ ശബ്ദവും ഹർഷവർദ്ധൻ രാമേശ്വറിന്റെ പശ്ചാത്തല സംഗീതവുമാണ് ഉൾപ്പെടുത്തിയിരുന്നത്. ടീസറിൻ്റെ അവസാനത്തിൽ, "ചെറുപ്പം മുതലേ എനിക്ക് ഒരേയൊരു ദുശ്ശീലമേയുള്ളൂ" എന്ന പ്രഭാസിന്റെ സംഭാഷണവുമുണ്ട്. ടീസറിൽ ഒരിടത്ത് പ്രഭാസിനെ 'ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതാണ് ഷാരൂഖ് ഖാന്റെ ആരാധകരെ ചൊടിപ്പിച്ചത്. ഈ പരാമർശം ബോളിവുഡിന്റെ ബാദ്ഷായോടുള്ള അനാദരവായി കണ്ടാണ് ഷാരൂഖ് ഖാൻ ആരാധകർ വിമർശനവുമായി രംഗത്തെത്തിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറോ? കൊള്ളാം, മുംബൈ മുതൽ മൊറോക്കോ വരെ ഹൃദയങ്ങൾ ഭരിക്കുന്ന ഒരേയൊരു ബാദ്ഷായേയുള്ളൂ, അതാണ് ഷാരൂഖ് ഖാൻ. പാരമ്പര്യം പോസ്റ്ററുകളിൽ പ്രഖ്യാപിക്കുന്നതല്ല; പതിറ്റാണ്ടുകളുടെ മാന്ത്രികത, ആകർഷണീയത, ആഗോള സ്നേഹം എന്നിവയിലൂടെ നേടിയെടുക്കുന്നതാണ് എന്നാണ് ഒരാൾ പ്രതികരിച്ചത്.
സന്ദീപ് റെഡ്ഡി വാംഗ പ്രഭാസിനെ ലോകത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നു. ഇന്ത്യക്ക് പുറത്ത് പ്രഭാസിനെ ആർക്കും അറിയില്ല. അദ്ദേഹത്തിന്റെ ഒരേയൊരു വിജയചിത്രം 'ബാഹുബലി'യാണ്. യഥാർത്ഥത്തിൽ ഒരേയൊരു ആഗോള സൂപ്പർസ്റ്റാറേയുള്ളൂ. ഇങ്ങനെയായിരുന്നു മറ്റൊരു പ്രതികരണം.
https://x.com/bikg_creation/status/1981696720624033853
അതേസമയം പ്രഭാസിനേയും സംവിധായകനേയും പിന്തുണച്ചും കമന്റുകൾ വരുന്നുണ്ട്. "സന്ദീപ് റെഡ്ഡി വംഗ പറഞ്ഞതാണ് ശരിയെന്ന് ഞാൻ കരുതുന്നു. പ്രഭാസ് തീർച്ചയായും ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറാണ്! സംവിധായകരുടെ അസാധാരണമായ കാഴ്ചപ്പാടുകൾക്ക് ജീവൻ നൽകാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു, അദ്ദേഹത്തിന് ഇനിയും ഒരുപാട് ജന്മദിനങ്ങൾ നേരുന്നു." ഒരു കമന്റ് ഇങ്ങനെ.
ഇത്തരം ചർച്ചകൾ അവസാനിപ്പിക്കണമെന്നും ഷാരൂഖിന്റെയും പ്രഭാസിന്റെയും ആരാധകർ തർക്കം അവസാനിപ്പിച്ച് സൗഹൃദത്തിലാകണമെന്ന് ആവശ്യപ്പെട്ടവരുമുണ്ട്.
വിവേക് ഒബ്രോയി, പ്രകാശ് രാജ് എന്നിവരാണ് സ്പിരിറ്റിൽ പ്രധാനവേഷത്തിലെത്തുന്ന മറ്റുള്ളവർ. മാരുതി സംവിധാനം ചെയ്യുന്ന ഫാന്റസി ഹൊറർ ചിത്രമായ 'ദി രാജാസാബ്' ആണ് പ്രഭാസിന്റേതായി പ്രദർശനത്തിന് തയ്യാറെടുക്കുന്ന ചിത്രം. സഞ്ജയ് ദത്ത്, മാളവിക മോഹനൻ, നിധി അഗർവാൾ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം 2026 ജനുവരി 9-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷാരൂഖ് ഖാൻ. ഈ ചിത്രത്തിലൂടെ അദ്ദേഹം ആദ്യമായി മകൾ സുഹാന ഖാനൊപ്പം സ്ക്രീനിലെത്തും. അഭിഷേക് ബച്ചൻ, ദീപിക പദുകോൺ, രാഘവ് ജുയൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Content Highlights: Prabhas's 'Spirit' Teaser Sparks 'India's Biggest Superstar' Debate Amidst Fan Reactions
Published: 25 Oct 2025, 10:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented