ഇന്ത്യൻ സിനിമയുടെ സ്വന്തം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ആരാധകർക്ക് ഒരു കിടിലൻ സർപ്രൈസ് നൽകിയിരിക്കുകയാണ് പുതിയ ചിത്രമായ 'ഫൗജി'യുടെ അണിയറപ്രവർത്തകർ. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിലെ പ്രഭാസിന്റെ വിന്റേജ് മിലിറ്ററി ലുക്ക് വ്യക്തമാക്കുന്ന പുതിയ പോസ്റ്റർ പുറത്തുവിട്ടു.

To advertise here,

തീജ്വാലകൾക്കിടയിൽ സൈനിക വേഷത്തിലുള്ള പ്രഭാസിന്റെ മുഖം പതിപ്പിച്ച ഒരു സ്വർണ്ണ നാണയമാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. "ഒറ്റയ്ക്ക് പോരാടുന്ന ഒരു ബറ്റാലിയൻ" (A Battalion Who Fights Alone), "1939 മുതൽ മോസ്റ്റ് വാണ്ടഡ്" എന്നീ ശ്രദ്ധേയമായ വാചകങ്ങളും പോസ്റ്ററിലുണ്ട്. 1939-ലെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ഹിസ്റ്റോറിക്കൽ ഡ്രാമയാകും 'ഫൗജി' എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

രഹസ്യ സ്വഭാവമുള്ള 'ഫയൽ നമ്പർ 025' പുറത്തുവിടുന്നു എന്ന ക്യാപ്ഷനോടെയെത്തിയ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. "അവൻ ആരാണ്?" എന്ന ചോദ്യത്തിന് ഉത്തരമായി താരത്തിന്റെ കഥാപാത്രത്തെ വെളിപ്പെടുത്തുന്ന ഒരു സ്പെഷ്യൽ വീഡിയോയും പിറന്നാൾ ദിനമായ ഇന്ന് പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനം ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്.

ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ഫൗജി, മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവർക്കൊപ്പം ടി-സീരീസിന്റെ ഭൂഷൺ കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാകും പ്രഭാസ് ഈ ചിത്രത്തിലെത്തുക.

അതേസമയം, 2026 ഡിസംബർ മൂന്നിന് ലോകമെമ്പാടുമായി തിയേറ്ററുകളിലെത്താനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. പുതിയ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി തുടങ്ങി ആറു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.