ന്യൂഡൽഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇന്ത്യൻ പനോരമയിലേക്കുള്ള ചിത്രങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിൽനിന്ന് അഖിൽ സത്യൻ സംവിധാനംചെയ്ത സർവ്വം മായ എന്ന ചിത്രം ഫീച്ചർ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

To advertise here,

25 ഫീച്ചർ സിനിമകൾ, 20 നോൺ ഫീച്ചർ സിനിമകൾ എന്നിങ്ങനെയാണ് ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രമുഖ സംവിധായകൻ മധുർ ഭണ്ഡാർകറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഫീച്ചർ സിനിമകൾ തിരഞ്ഞെടുത്തത്. വിവാദമുയർത്തിയ ഹിന്ദി ചിത്രം 'ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' എന്ന ചിത്രവും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പനോരമയിലെ മെയിൻ സ്ട്രീം വിഭാഗത്തിൽ 'കാന്താര എ ലെജൻഡ് ചാപ്റ്റർ 1' എന്ന കന്നഡചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ആദിത്യ ധർ സംവിധാനംചെയ്ത ഹിന്ദി ചിത്രം ധുരന്ധറാണ് ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രം.

നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽനിന്ന് സന്ദീപ് ഫ്രാൻസിസ് സംവിധാനം ചെയ്ത സ്വിച്ച് ഓഫ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളി സംവിധായകൻ വിജീഷ് മണി തമിഴിൽ ഒരുക്കിയ അട്ടപ്പാടി എന്ന ചിത്രവും തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ സംവിധായകൻ ഹിമാംശു ശേഖർ ഖത്വയുടെ നേതൃത്വത്തിലുള്ള സമിതിയാണ് നോൺ ഫീച്ചർ ചിത്രങ്ങൾ തിരഞ്ഞെടുത്തത്.