മുതിർന്ന തെലുങ്ക് നടനും സംവിധായകനും നിർമാതാവുമായ ഗിരി ബാബു (80) അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ഹൈദരാബാദ് കൊണ്ടാപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു അന്ത്യം. നടൻ ചിരഞ്ജീവി, സംവിധായകൻ അനിൽ രവിപുഡി, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

To advertise here,

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 600-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലും ഹാസ്യകഥാപാത്രങ്ങളിലും സ്വഭാവവേഷങ്ങളിലും ഗിരി ബാബു ഒരുപോലെ തിളങ്ങി. മൂന്ന് സിനിമകൾ സംവിധാനം ചെയ്യുകയും നാല് സിനിമകൾ നിർമിക്കുകയും ചെയ്തു.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ രവിനുതല ഗ്രാമത്തിലാണ് ഗിരി ബാബുവിന്റെ ജനനം. യെറ ശേഷഗിരി റാവു എന്നാണ് യഥാർഥ പേര്. ചെറുപ്പത്തിൽ തന്നെ നാടകങ്ങളിലും അഭിനയത്തിലും താത്പര്യം കാണിച്ചിരുന്ന അദ്ദേഹം 1973-ൽ 'ജഗമേ മായ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കത്തിൽ നായകവേഷങ്ങൾ ചെയ്ത അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും ജനപ്രീതി നേടി.

1977-ൽ പുറത്തിറങ്ങിയ പുരാണ ചിത്രമായ 'കുരുക്ഷേത്ര'യിലെ ദുശ്ശാസന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ജ്യോതി', 'പസിവാടി പ്രാണം', 'ഹലോ ബ്രദർ', 'സിസിന്ദ്രി', 'ലിറ്റിൽ സോൾജിയേഴ്‌സ്', 'നിന്നേ പെള്ളാഡത്ത' എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 'ഗമ്യം', 'ഗീത ഗോവിന്ദം', 'ജാതി രത്‌നാലു', 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ' തുടങ്ങിയ ചിത്രങ്ങളിലൂടെ പുതുതലമുറ താരങ്ങൾക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു.

'രണരംഗം', 'ഇന്ദ്രജിത്ത്', 'നീ സുഖമേ നേ കോരുതുന്ന' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം 'ദേവതലാറ ദീവിഞ്ചണ്ടി', 'മെരുപു ദാഡി' എന്നീ ചിത്രങ്ങളുടെ നിർമാണത്തിലും പങ്കാളിയായി. ഭാര്യ ശ്രീദേവി 2016-ൽ അന്തരിച്ചു. രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. മൂത്ത മകൻ രഘു ബാബു തെലുങ്ക് സിനിമയിലെ പ്രശസ്ത ഹാസ്യനടനും സ്വഭാവനടനുമാണ്. ഇളയ മകൻ ബോസ് ബാബുവും സിനിമാമേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്.