ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാൻ. തെലുങ്ക് താരം ബാലയ്യയുടെ ‘മാസ് സീൻ’ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പരിഹാസം. ഇറാനെ ഉന്മൂലനം ചെയ്യുമെന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ ട്രംപിന്റെ പരാമർശത്തിന് സിംബാബ്വെയിലെ ഇറാൻ എംബസിയാണ് ‘ഭഗവന്ത് കേസരി’ എന്ന തെലുങ്ക് സിനിമയിലെ ആക്ഷൻ രംഗം എക്‌സിൽ പങ്കുവച്ച് മറുപടി നൽകിയത്.

To advertise here,

'ട്രംപ് ഇറാനെ ഉന്മൂലനം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുന്നു. എന്നാൽ അദ്ദേഹത്തിന് അറിയാം, പ്രതിരോധമില്ലാത്ത രാജ്യമല്ല ഇറാൻ എന്ന്. അവർ ഇപ്പോൾ ഹോളിവുഡ് സിനിമകൾക്ക് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നത് എന്ന് ഞങ്ങൾക്കറിയാം', ഇതായിരുന്നു സിംബാബ്‌വെയിലെ ഇറാൻ എംബസിയുടെ പോസ്റ്റ്.

തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ അഭിനയിച്ച ഭഗവന്ത് കേസരി എന്ന സിനിമയിലെ 58 സെക്കൻഡ് ദൈർഘ്യമുള്ള രംഗമാണ് എംബസി പങ്കുവച്ചത്. തോക്കുകളും മറ്റ് ആയുധങ്ങളുമായി എത്തിയ സംഘത്തെ ബാലയ്യ ഒറ്റയ്ക്ക് നേരിടുന്ന രംഗമാണ് ഇത്. അതേസമയം, ബോളിവുഡ് അല്ല, മറിച്ച് ടോളിവുഡ് ചിത്രത്തിലെ രംഗമാണ് ഇതെന്ന് പലരും സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിച്ചു.

അതേസമയം, യുഎൻ സമ്മേളനത്തിനിടെ അമേരിക്കൻ, ഇറാനിയൻ ഉദ്യോഗസ്ഥർ തമ്മിൽ മൂന്ന് മണിക്കൂറോളം കൂടിക്കാഴ്ച നടന്നതായും റിപ്പോർട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ചകൾ നടന്നത്. ഇറാൻ തുറമുഖങ്ങളിലെ ഉപരോധം നീക്കണമെന്നും മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.