
വർഷങ്ങൾക്കുമുമ്പ് മഹേഷ് ഭട്ടിനെതിരായ നടത്തിയ ആരോപണം പിൻവലിച്ച് പാകിസ്താനി നടി മീര. അന്ന് ആരോപിച്ച സംഭവങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്ന് നടി പറഞ്ഞു. ഇനിയും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും അവർ വ്യക്തമാക്കി.
'സൈക്കോ' എന്ന പേരിൽ പുതിയ ചിത്രവുമായെത്തുകയാണ് മീര. ചിത്രത്തിന്റെ പ്രൊമോഷൻ ജോലികളിലാണ് ഇപ്പോൾ താരം. അതിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് മുമ്പ് മഹേഷ് ഭട്ടിനെതിരായി നടത്തിയ അതിക്രമ ആരോപണങ്ങൾ നടി പിൻവലിച്ചത്.
ബോളിവുഡിലെ ശ്രദ്ധേയനായ സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ മഹേഷ് ഭട്ട്, നടി ആലിയാ ഭട്ടിന്റെ പിതാവാണ്. മീരയെ ബോളിവുഡിൽ അവതരിപ്പിച്ചത് മഹേഷ് ഭട്ട് ആയിരുന്നു. താൻ പുതിയ ചിത്രവുമായെത്തുമ്പോൾ മഹേഷ് ഭട്ടും ആലിയാ ഭട്ടും സന്തോഷിക്കുമെന്ന് മീര പറഞ്ഞു. ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാത്തതിൽ വിഷമമുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. ആലിയ കുട്ടിയായിരുന്നപ്പോൾ ഇരുവരും തമ്മിലെ ബന്ധത്തെക്കുറിച്ചും മീര തുറന്നുപറഞ്ഞു.
'ഞാൻ അവരുടെ വീട്ടിൽ പോകുമ്പോൾ, ആലിയ എന്റെ കൂടെയായിരുന്നു കിടക്കാറ്. അവൾ വളരേ സ്മാർട്ടാണ്, ബുദ്ധിമതിയാണ്. പഠനത്തിൽ മിടുക്കിയായിരുന്നു', മീര കൂട്ടിച്ചേർത്തു. പിന്നാലെയാണ് മഹേഷ് ഭട്ടിനെതിരായ അതിക്രമ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയത്.
'ഒരിക്കലും അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം വളരേ നല്ല സംവിധായകനാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഇഷ്ടമാണ്', എന്നായിരുന്നു മീരയുടെ വാക്കുകൾ.
മഹേഷ് ഭട്ടിന്റെ നിർമാണത്തിലുള്ള 'നസർ' എന്ന ചിത്രത്തിലാണ് മീര ആദ്യമായി ബോളിവുഡ് അഭിനയിച്ചത്. 2005-ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. മഹേഷ് ശാരീരികമായും മാനസികമായും അപമര്യാദയായി പെരുമാറിയെന്ന് അന്ന് മീര ആരോപിച്ചു. മറ്റ് സംവിധായകർക്കൊപ്പം അഭിനയിക്കുന്നതിൽ നിന്ന് തന്നെ വിലക്കി. മർദിച്ചുവെന്നും മീര ആരോപിച്ചു.
'അദ്ദേഹത്തിന്റെ നിർമാണക്കമ്പനിക്കുകീഴിൽ മാത്രമേ അഭിനയിക്കാവൂ എന്നായിരുന്നു മഹേഷ് ഭട്ടിന്റെ ആവശ്യം. ഒരു രാത്രി ഞാൻ സംവിധായകൻ സുഭാഷ് ഗായിയെ ഹോട്ടലിൽവെച്ചു കണ്ടു. അക്കാര്യം മഹേഷ്ജിയോട് പറഞ്ഞപ്പോൾ, അദ്ദേഹം ദേഷ്യപ്പെട്ടു. എന്റെ നേരെ ആക്രോശിച്ചു. രണ്ടോമൂന്നോ തവണ മർദിച്ചു', എന്നായിരുന്നു മീരയുടെ ആരോപണം.
Content Highlights: Meera officially retracts 2005 assault allegations against Mahesh Bhatt. Actress expresses desire to collaborate with Mahesh Bhatt again. Meera shares fond memories of Alia Bhatt from her childhood. Promoting upcoming film 'Psycho' while clarifying past controversies
Published: 22 Apr 2026, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented