പാ. രഞ്ജിത് സംവിധാനംചെയ്യുന്ന 'വേട്ടുവം' (Vettuvam) ഈ വരുന്ന ഡിസംബറിൽ പ്രദർശനത്തിനെത്തുകയാണ്. അപ്പോക്കാലിപ്റ്റ് ആക്ഷൻ ത്രില്ലറായെത്തുന്ന ചിത്രത്തിൽ ആര്യയാണ് നായകൻ. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് താൻ എത്തിയതെങ്ങനെ എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ആര്യ. ആര്യയും പാ. രഞ്ജിത്തും ഒന്നിച്ച ചിത്രമായിരുന്നു സാർപ്പട്ട പരമ്പര. ഈ ചിത്രത്തിന്റെ രണ്ടാംഭാഗം ചെയ്യുന്നതിന് മുൻപ് മറ്റൊരു ചെറിയ ചിത്രം താൻ ചെയ്യുന്നുണ്ടെന്നാണ് പാ. രഞ്ജിത് പറഞ്ഞതെന്ന് ആര്യ ഓർത്തെടുത്തു. ഈ ചിത്രത്തിൽ ആദ്യം തനിക്ക് വേഷമില്ലായിരുന്നു എന്നും കഥ പോലും പറയാതെയാണ് പിന്നീട് ചിത്രത്തിലേക്ക് രഞ്ജിത് തന്നെ ക്ഷണിച്ചതെന്നും ആര്യ പറഞ്ഞു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്മാരായ കലൈയരസൻ, ജോൺ വിജയ് എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

25 കോടി ബഡ്ജറ്റിൽ തുടങ്ങിയ ഒരു ചെറിയ ചിത്രമായിരുന്നു വേട്ടുവം എന്ന് ആര്യ പറഞ്ഞു. പിന്നീടത് 75 കോടി ബഡ്ജറ്റുള്ള ഒരു വലിയ ചിത്രമായി മാറുകയായിരുന്നു. തുടക്കത്തിൽ താൻ ആ സിനിമയിൽ ഉണ്ടായിരുന്നില്ല. 'വേട്ടുവം' അറുപത് ദിവസം കൊണ്ട് ചെയ്യാൻ പോകുന്ന സിനിമയാണെന്ന് രഞ്ജിത് പറഞ്ഞു. തനിക്ക് ഈ സിനിമയിൽ വേഷമുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘ഇല്ലെടാ, നീയൊന്നും അതിലില്ല’ എന്നാണ് സംവിധായകൻ ഉത്തരം നൽകിയതെന്നും ആര്യ വ്യക്തമാക്കി.

"പിന്നീട് ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു, വേട്ടുവത്തിൽ ഒരു കഥാപാത്രമുണ്ട്, നീ ചെയ്യണമെന്ന്. ഞാൻ അദ്ദേഹത്തോട് കഥ എന്താണെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു, കഥയൊന്നും നിന്നോട് പറയാൻ കഴിയില്ല. കഥ പറഞ്ഞാൽ നീ ചെയ്യില്ല. നീ ഷൂട്ടിങ്ങിന് വന്നാൽ മതി. അങ്ങനെയാണ് ഞാൻ ‘വേട്ടുവ’ത്തിന്റെ ഭാഗമാകുന്നത്’, ആര്യ കൂട്ടിച്ചേർത്തു.

അപ്പോക്കലിപ്സ് പശ്ചാത്തലത്തിൽ വമ്പൻ ആക്ഷൻ രംഗങ്ങളോടെ ഒരുക്കുന്ന ചിത്രമാണ് ‘വേട്ടുവം’. വ്യത്യസ്ത വിഭാഗങ്ങൾക്കിടയിലെ ആധിപത്യത്തിനായുള്ള പോരാട്ടവും സംഘർഷങ്ങളും അതിൽ നിന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ പ്രധാനമായും അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ അടിമുറൈ, മാൽഖംബ് തുടങ്ങിയ പരമ്പരാഗത ആയോധനകലകളെ അടിസ്ഥാനമാക്കിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനായി ചിത്രത്തിലെ അഭിനേതാക്കൾ പ്രത്യേകമായി മാർഷൽ ആർട്സ് പരിശീലനം നേടിയിരുന്നു. ഇത് വ്യക്തമാക്കുന്ന വേൾഡ് ഓഫ് വേട്ടുവം എന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.
Also Read: 'താങ്കളില്ലാതെ ആ മാന്ത്രികനിമിഷങ്ങൾ പിറക്കുമായിരുന്നില്ല'; സ്റ്റണ്ട്മാൻ രാജുവിനെ അനുസ്മരിച്ച് പൃഥ്വി

ദിനേഷ്, ഷബീർ, ശോഭിത ധൂലിപാല, കലൈയരസൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യനായി റിലീസ് ചെയ്യും. ചിത്രത്തിന്റെ കലാസംവിധാനം എസ്. എസ്. മൂർത്തി നിർവഹിക്കുമ്പോൾ, ഛായാഗ്രഹണം രൂപേഷ് ഷാജി, എഡിറ്റിംഗ് ആർ. കെ. സെൽവ എന്നിവരാണ് നിർവഹിക്കുന്നത്. ജി. വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്നു. ദിലീപ് സുബ്ബരായൻ ആണ് സ്റ്റണ്ട് ഡയറക്ടർ.