മറ്റൊരു ഭാഷയിലെ സിനിമകൾ റീമേക്ക് ചെയ്യുമ്പോൾ അത് ഓരോ രംഗവും അതേപടി പകർത്തിയെഴുതുന്ന രീതി തനിക്കില്ലെന്ന് പ്രിയദർശൻ പറഞ്ഞു.

ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്തും 98 സിനിമകളൊരുക്കിയ അനുഭവസമ്പത്തുമുള്ള സംവിധായകനാണ് പ്രിയദർശൻ. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും പ്രധാന വേഷങ്ങളിലെത്തിയ 'ഹൈവാൻ'ആണ് അദ്ദേഹത്തിന്റെ 98-ാമത് സിനിമയായി പുറത്തിറങ്ങിയത്. ഇത്രയധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടും, വിജയിക്കുന്ന ഒരു സിനിമ എങ്ങനെ നിർമ്മിക്കണമെന്ന് തനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. റീമേക്കുകളെ താൻ എങ്ങനെയാണ് സമീപിക്കുന്നത്, പഴയ കഥകൾ പുതിയ പശ്ചാത്തലങ്ങൾക്ക് അനുസരിച്ച് എപ്രകാരം മാറ്റുന്നു, എന്തുകൊണ്ടാണ് ഒരു ജോണറിൽപ്പെട്ട സിനിമകളിൽ മാത്രം ഒതുങ്ങിനിൽക്കാൻ ആഗ്രഹിക്കാത്തത് എന്നീ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ആത്മവിശ്വാസത്തേക്കാൾ ഉപരി, ഓരോ സിനിമയുടെ റിലീസിന് ശേഷവും ഉണ്ടാകുന്ന അരക്ഷിതാവസ്ഥയും അനിശ്ചിതത്വവുമാണ് തന്റെ സിനിമാജീവിതത്തെ മുന്നോട്ട് നയിച്ചതെന്ന് പ്രിയദർശൻ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഈ സംശയങ്ങളും ഭയവുമാണ് മാറുന്ന പ്രേക്ഷകർക്കും സാങ്കേതികവിദ്യയ്ക്കും കഥപറച്ചിൽ രീതികൾക്കും അനുസരിച്ച് സ്വയം മാറാൻ തന്നെ പ്രേരിപ്പിച്ചത്. ഓരോ വിജയത്തിനു ശേഷവും അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ താൻ ആശങ്കാകുലനാകാറുണ്ട്. ആ അരക്ഷിതാവസ്ഥയാണ് തന്നെ 98 സിനിമകൾ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: രണ്ടുപേർക്കും ഒരു കണ്ണ് നഷ്ടപ്പെട്ടു; പ്രിയദർശനെ കണ്ടപ്പോൾ അച്ഛനെ ഓർത്തു -സെയ്ഫ് അലി ഖാൻ
"ആ അരക്ഷിതാവസ്ഥ വളരെ വലുതാണ്. ഓരോ തവണയും ഞാൻ ഒരു തിരക്കഥ എഴുതുകയും ആ സിനിമ വിജയിക്കുകയും ചെയ്യുമ്പോൾ, എനിക്ക് വിജയത്തിന്റെ ടെക്നിക്ക് അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ അടുത്ത ചിത്രം പരാജയപ്പെടുമ്പോൾ എനിക്ക് മനസ്സിലാകും, വിജയകരമായി ഒരു സിനിമ എങ്ങനെ നിർമ്മിക്കണമെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെന്ന്. നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയൊരു പോരാട്ടം നടക്കുന്നുണ്ട്. കാലം മാറി. ഞാൻ തുടങ്ങിയ 40 വർഷം മുമ്പ് സിനിമ കണ്ടിരുന്ന പ്രേക്ഷകരല്ല ഇന്നത്തെ പ്രേക്ഷകർ. അതിനാൽ നിങ്ങൾ അതിനനുസരിച്ച് മാറേണ്ടതുണ്ട്." പ്രിയദർശൻ പറഞ്ഞു.
മറ്റൊരു ഭാഷയിലെ സിനിമകൾ റീമേക്ക് ചെയ്യുമ്പോൾ അത് ഓരോ രംഗവും അതേപടി പകർത്തിയെഴുതുന്ന രീതി തനിക്കില്ലെന്ന് പ്രിയദർശൻ പറഞ്ഞു. ഒരു കഥ മറ്റൊരു പശ്ചാത്തലത്തിലേക്ക് മാറ്റുമ്പോൾ അവിടുത്തെ സംസ്‌കാരം, തൊഴിൽ, സാമൂഹിക സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കഥയുടെ മൂലരൂപം നിലനിർത്തിക്കൊണ്ട് തന്നെ മറ്റ് ഘടകങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയാണ് തന്റെ രീതി.
Also Read: 'കിരീട'ത്തിനുപിന്നാലെ കാലാപാനിയും കാക്കക്കുയിലും തേന്മാവിൻ കൊമ്പത്തും; റീ റിലീസുകൾ വീണ്ടും
തെക്കേ ഇന്ത്യൻ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ പലപ്പോഴും ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് അവയോട് ആത്മബന്ധം സ്ഥാപിക്കാൻ കഴിയാറില്ലെന്നും, കാരണം അവ ഇപ്പോഴും ഒരു ദക്ഷിണേന്ത്യൻ സിനിമ പോലെത്തന്നെ തോന്നിപ്പിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാൽ ഉത്തരേന്ത്യൻ സംസ്കാരത്തിന് അനുയോജ്യമായ രീതിയിൽ കഥകളെ മാറ്റിയെഴുതിയതുകൊണ്ടാണ് തനിക്ക് ഹിന്ദിയിൽ 30-ലധികം സിനിമകൾ ചെയ്യാൻ സാധിച്ചത്. 'മണിചിത്രത്താഴും' അതിന്റെ ഹിന്ദി പതിപ്പായ 'ഭൂൽ ഭുലയ്യയും' തമ്മിൽ വലിയ വ്യത്യാസങ്ങൾ കാണാൻ കഴിയുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ ഗർദിഷ് എന്ന ചിത്രം ഇതിനൊരു മികച്ച ഉദാഹരണമായി പ്രിയദർശൻ ചൂണ്ടിക്കാണിക്കുന്നു. ജാക്കി ഷ്രോഫ് അഭിനയിക്കുന്നതിന് മുൻപ് ചിത്രത്തിലെ നായകവേഷം ചെയ്യാൻ സണ്ണി ഡിയോളിനോടും അനിൽ കപൂറിനോടും ഈ കഥ പറഞ്ഞിരുന്നെങ്കിലും അവർ നിരസിക്കുകയായിരുന്നു. ചിത്രം പൂർത്തിയായ ശേഷം കണ്ട സണ്ണി ഡിയോളിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു എന്ന് പ്രിയദർശൻ പറഞ്ഞു. "ഒരു ദിവസം സണ്ണി എന്നോട് ചോദിച്ചു, 'നിങ്ങൾ ഇങ്ങനെയാണ് ഇത് ചെയ്യാൻ പോകുന്നതെന്ന് എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല?'" പ്രിയദർശൻ ഓർത്തു. ഒരു ചെറിയ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഒറിജിനൽ ചിത്രം സണ്ണി കണ്ടിരുന്നുവെന്നും, എന്നാൽ താൻ ആ കഥ മുംബൈയുടെ അധോലോകത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എത്ര വ്യത്യസ്തമായാണ് ഇത് പ്ലാൻ ചെയ്തതെന്ന് എന്തുകൊണ്ട് തന്നോട് വിശദീകരിച്ചില്ലെന്ന് സണ്ണി ചോദിച്ചപ്പോൾ, "ഒറിജിനൽ ചിത്രം കാണാൻ നിങ്ങളോട് ആരാണ് ആവശ്യപ്പെട്ടത്?" എന്നായിരുന്നു പ്രിയദർശന്റെ മറുപടി.
Also Read: വിസ്മരിക്കാനാവാത്ത ആത്മാവ്, ഹൈവാനിലൂടെ അസ്രാണിയെ ബിഗ്സ്ക്രീനിൽ അവസാനമായി കാണാം -പ്രിയദർശൻ
അടിസ്ഥാന ആശയം ഒന്നുതന്നെയാണെങ്കിലും കഥ പറയുന്ന രീതി മാറ്റിയാൽ മാത്രമേ പ്രസക്തമായി തുടരാൻ കഴിയൂ എന്ന് പ്രിയദർശൻ പറഞ്ഞു. "നിങ്ങൾക്ക് ഒരേ കഥ പറയാം, പക്ഷേ ഒരേ രീതിയിലല്ല. അത് മറ്റൊരു രീതിയിൽ പറയണം. അതിനാൽ, ഇതുവരെ ഞാൻ വിജയിച്ചുവെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ മുന്നിൽ ഇവിടെ ഇരിക്കുന്നത്." അദ്ദേഹം പറഞ്ഞു. ഹിന്ദി സിനിമയിൽ കോമഡി ചിത്രങ്ങളുമായി കൂടുതൽ അറിയപ്പെടുന്നുണ്ടെങ്കിലും, ഒരു തരം സിനിമകളിൽ മാത്രം തളക്കപ്പെടാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗൗരവസ്വഭാവത്തിലുള്ള ചിത്രങ്ങൾ ഒരു സംവിധായകനെന്ന നിലയിൽ തന്നെ ആവേശംകൊള്ളിക്കാറുണ്ടെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
Content Highlights: Veteran filmmaker Priyadarshan opens up about how insecurity and the constant drive to adapt to evolving audiences and technology have propelled his legendary career across 98 films, including his latest release Haiwaan.
Published: 19 Sept 2026, 09:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented