മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ചിത്രങ്ങളിലൊന്നാണ് പ്രിയദർശൻ സംവിധാനംചെയ്ത ഒപ്പം. കാഴ്ചശക്തിയില്ലാത്ത ജയരാമൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പ്രിയദർശൻതന്നെ തിരക്കഥയൊരുക്കി 2016-ൽ പുറത്തുവന്ന ചിത്രം ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായും മാറി. ഇപ്പോഴിതാ ജയരാമൻ എന്ന കഥാപാത്രം മറ്റൊരു ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്.

To advertise here,

പ്രിയദർശൻ സംവിധാനം ചെയ്ത് സെയ്ഫ് അലി ഖാൻ, അക്ഷയ് കുമാർ എന്നിവർ ഒന്നിച്ച ഹൈവാൻ എന്ന ചിത്രത്തിലാണ് ഒപ്പം എന്ന ചിത്രത്തിലെ അതേ കഥാപാത്രമായി മോഹൻലാലെത്തിയിരിക്കുന്നത്. സെയ്ഫ് അലി ഖാനോടൊപ്പമാണ് മോഹൻലാലിന്റെ രംഗം. ഇരുവരും തമ്മിലുള്ള രംഗത്തിൽ ഒപ്പം എന്ന ചിത്രത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം പശ്ചാത്തലസംഗീതമായി ഉപയോഗിച്ചിട്ടുമുണ്ട്. ചിത്രത്തിൽ ശ്യാം എന്ന കഥാപാത്രമായാണ് സെയ്ഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്നത്.
Also Read: ‘ഒപ്പം’ കഴിഞ്ഞപ്പോൾ ‍പ്രിയദർശൻ പറഞ്ഞു, അല്പം വൈകിയാലും തെറ്റായ സിനിമകൾ ചെയ്യരുത്- സമുദ്രക്കനി

ബോളിവുഡിലെ വമ്പൻ താരങ്ങളായ അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവർ ഒരിടവേളക്ക് ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്. സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ, ബൊമൻ ഇറാനി, രാജ്പാൽ യാദവ്, ശരീബ്‌ ഹാഷ്മി, രാജേഷ് ശർമ്മ, പഹൽ ചൗധരി, മനോജ് ജോഷി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ ചിത്രീകരണം ആരംഭിച്ച 'ഹൈവാൻ', കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിൽ ആയാണ് പൂർത്തീകരിച്ചത്.

അക്ഷയ് കുമാറിനൊപ്പം ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ബോളിവുഡിൽ ഒരുക്കിയിട്ടുള്ള പ്രിയദർശൻ ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. സാബു സിറിൾ ആണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ, സാബു സിറിൾ എന്നീ 4 ദേശീയ പുരസ്കാര ജേതാക്കൾ ഒന്നിക്കുന്നു എന്നതും ഹൈവാന്റെ ഹൈലൈറ്റ് ആണ്. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ഹൈവാൻ നിർമിച്ചത്.