സണ്ണി ഡിയോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സൂര്യ: അന്ത് സേ ആരംഭ തക്' എന്ന സിനിമയുടെ ടീസറിനെതിരെ ഡോക്ടർമാർ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നുവെന്നും ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഇത് കാരണമായേക്കാമെന്നും ചൂണ്ടിക്കാണിച്ചാണ് ഡോക്ടർമാരുടെ സംഘം കോടതിയെ സമീപിച്ചത്.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, സെൻസർ ബോർഡ്, നിർമാതാക്കളായ എം.എം. മൂവീസ്, സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് എന്നിവർക്ക് ജസ്റ്റിസ് അമിത് മഹാജന്റെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി നവംബർ 16-ലേക്ക് മാറ്റി.
ടീസർ നീക്കം ചെയ്യണമെന്ന് ഹർജിയിൽ ആവശ്യമുണ്ടെങ്കിലും ഈ ഘട്ടത്തിൽ അടിയന്തര ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കാൻ കോടതി തയ്യാറായില്ല. ഡൽഹി സ്വദേശികളായ ഡോ. നിഷാന്ത് സോണി, ഡോ. ആശിഷ് തോമർ, ഡോ. രവി ഭാട്ടിയ, ഡോ. ശിവം വത്സൽ എന്നീ നാല് ഡോക്ടർമാരും 'ഡോക്ടേഴ്‌സ് ഓഫ് കോർപ്പറേറ്റ് സൊസൈറ്റി' ഭാരവാഹികളുമാണ് ഹർജി നൽകിയത്. മുൻപ് പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാതിരുന്നതിനെ തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാർ അവകാശപ്പെട്ടു.
എം. പദ്മകുമാർ സംവിധാനം ചെയ്ത 2018-ലെ സൂപ്പർഹിറ്റ് മലയാള ചിത്രം 'ജോസഫി'ന്റെ ഹിന്ദി റീമേക്കാണ് 'സൂര്യ'. സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് നടക്കുന്ന അവയവക്കച്ചവടത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത് എന്ന അവകാശവാദം പ്രേക്ഷകരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും ഡോക്ടർമാർക്കെതിരായ അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള കമന്റുകൾ ടീസറിന് താഴെ വരുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
നേരത്തെ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ.) സിനിമയ്‌ക്കെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. ചിത്രം നവംബർ 20-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് നിയമക്കുരുക്കിൽപ്പെട്ടിരിക്കുന്നത്. എം. പദ്മകുമാറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.
Content Highlights: Delhi High Court issued notices to the Centre and CBFC over the teaser of Sunny Deol's upcoming film 'Surya'. The film is the official Hindi remake of M. Padmakumar's hit 2018 Malayalam movie 'Joseph'. A petition was filed by four doctors alleging that the teaser portrays private hospital doctors in a defamatory light. Petitioners expressed concerns that the storyline on organ trafficking could trigger violence against healthcare workers. The court declined to issue an immediate interim stay on the teaser and listed the matter for November 16.
Published: 03 Nov 2026, 11:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented