ബ്രാഹ്മണസമുദായത്തിനെതിരെ സാമൂഹികമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതിയുടെ വാറന്റ്. സൂറത്തിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജെ.വി. ചൗഹാനാണ് ബെയ്‌ലബിൾ വാറന്റ് പുറപ്പെടുവിച്ചത്. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഡിസംബർ 24-ലേക്ക് മാറ്റി.

To advertise here,

നേരത്തെ പത്രത്തിൽ പരസ്യം നൽകിയതുൾപ്പെടെ പലതവണ സമൻസ് അയച്ചിട്ടും അനുരാഗ് കശ്യപ് കോടതിയിൽ ഹാജരാകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.

ബജ്രംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ ലീഗൽ അഡ്വൈസറായ അഭിഭാഷകൻ കമലേഷ് റാവൽ നൽകിയ ഹർജിയിലാണ് നടപടി. 2025 ഏപ്രിലിൽ അനുരാഗ് കശ്യപ് എക്‌സിൽ പങ്കുവെച്ച പോസ്റ്റാണ് പരാതിക്കാധാരം. സാമൂഹികമാധ്യമത്തിൽ ഒരാളുമായി ഉണ്ടായ വാദപ്രതിവാദത്തിനിടയിൽ, ബ്രാഹ്‌മണസമുദായത്തെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം.

ALSO READ | ബ്രാഹ്‌മണർക്കെതിരായ പരാമർശം; അനുരാഗ് കശ്യപിന് കോടതിയുടെ നോട്ടീസ്, മേയ് 7-ന് ഹാജരാവണം

ഭാരതീയ ന്യായ സംഹിതയിലെ 192, 352, 352(2) എന്നീ വകുപ്പുകൾ പ്രകാരം കശ്യപിനെതിരെ കേസെടുക്കാൻ കഴിഞ്ഞ മേയിൽ കോടതി ഉത്തരവിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ഇൻസ്റ്റാഗ്രാമിലൂടെ അനുരാഗ് കശ്യപ് ക്ഷമാപണം നടത്തിയിരുന്നു. ദേഷ്യത്തിൽ സംസാരിച്ചപ്പോൾ അതിരു കടന്നുപോയെന്നും ബ്രാഹ്‌മണസമുദായത്തോടും സുഹൃത്തുക്കളോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

സാമൂഹിക പരിഷ്‌കർത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രിഭായി ഫൂലെ എന്നിവരുടെ ജീവിതകഥ പറയുന്ന ആനന്ദ് മഹാദേവൻ ചിത്രം ഫൂലെയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുമ്പോഴായിരുന്നു അനുരാഗ് വിവാദപരാമർശം നടത്തിയത്. ബ്രാഹ്‌മണരുടെ മേൽ മൂത്രമൊഴിക്കുമെന്നായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. ഫൂലെ വിവാദവുമായി ബന്ധപ്പെട്ട അനുരാഗിന്റെ പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി പറയവെ ആയിരുന്നു വിവാദപരാമർശം. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പുപറഞ്ഞിരുന്നു.