മോഹന്‍ലാല്‍ നായകനായ 'ഒപ്പം' സിനിമ പൂര്‍ത്തിയായപ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നോട് പറഞ്ഞത് ഓര്‍ത്തെടുത്ത് നടന്‍ സമുദ്രക്കനി. കേരളത്തിലെ പ്രേക്ഷകര്‍ ഒരിക്കലും തന്നെ മറക്കില്ലെന്നായിരുന്നു അന്ന് പ്രിയദര്‍ശന്‍ പറഞ്ഞതെന്ന് സമുദ്രക്കനി ഓര്‍ത്തെടുത്തു. കുറച്ച് വൈകിയാലും തെറ്റായ സിനിമകള്‍ ചെയ്യരുതെന്നും പ്രിയദര്‍ശന്‍ അന്ന് ഉപദേശിച്ചതായി സമുദ്രക്കനി പറഞ്ഞു. ദുല്‍ഖല്‍ സല്‍മാന്‍ നായകനായ 'കാന്ത' എന്ന ചിത്രത്തിന്റെ കൊച്ചിയിലെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'ഒപ്പം സിനിമ കഴിഞ്ഞപ്പോള്‍ പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞു-നിന്നെ കേരളത്തിലെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. കുറച്ച് വൈകി വന്നാലും സാരമില്ല, പക്ഷേ തെറ്റായ സിനിമകള്‍ ചെയ്യരുത്. ശരിയായ സിനിമ ചെയ്യണം', സമുദ്രക്കനി പറഞ്ഞു.

'ഒരു ശരിയായ സിനിമയുമായി, ഒരു പ്രാപഞ്ചിക ഭാഷയുമായാണ് ഞാന്‍ വന്നിരിക്കുന്നത്. ഈ സിനിമയ്ക്ക് ഭാഷയില്ല. ഇത് കാലത്തിന് മായ്ക്കാനാവാത്ത ഒരു കാവ്യമാണ്. ഇത് ഏത് ഭാഷയില്‍ കണ്ടാലും ഇഷ്ടപ്പെടും', 'കാന്ത'യെക്കുറിച്ച് സമുദ്രക്കനി പറഞ്ഞു.

ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനെ സമുദ്രക്കനി പ്രശംസിച്ചു. 'ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍, ഫസ്റ്റ് ടേക്കില്‍ ഞാനൊരിക്കലും അഭിനയിക്കാറില്ല. അദ്ദേഹം അഭിനയിക്കുന്നത് ഞാന്‍ ആസ്വദിക്കും. അപ്പോള്‍ സംവിധായകന്‍ ശെല്‍വമണി സെല്‍വരാജ്‌ പറയും, 'നിങ്ങള്‍ അദ്ദേഹത്തെത്തന്നെ നോക്കിയിരിക്കുകയാണല്ലോ' എന്ന്. അത്രയും അടുത്തുനിന്ന് ഞാന്‍ അദ്ദേഹത്തെ ആസ്വദിക്കുകയായിരുന്നു, അതിനുശേഷമാണ് ഞാന്‍ അഭിനയിക്കുക', അദ്ദേഹം പറഞ്ഞു. 

‘ഇത്രയും അടുത്ത് നിങ്ങളില്‍നിന്ന് ആ നവരസങ്ങളും കാണാന്‍ കഴിഞ്ഞു. നിങ്ങളുടെ കഴിവിനും നിങ്ങളുടെ അധ്വാനത്തിനും നിങ്ങള്‍ മറ്റുള്ളവരോട് കാണിക്കുന്ന സ്‌നേഹത്തിനും, നിങ്ങള്‍ വലിയ നിലയില്‍ എത്തും', ദുല്‍ഖര്‍ സല്‍മാനെ ചൂണ്ടി സമുദ്രക്കനി പറഞ്ഞു.

'ഒരു അച്ഛനും മോനും പോലെയാണ്. ആ സിനിമയിലും യഥാര്‍ഥ ജീവിതത്തിലും അങ്ങനെത്തന്നെയാണ്', ദുല്‍ഖറുമായുള്ള ബന്ധത്തെക്കുറിച്ച് അവതാരക രഞ്ജിനി ഹരിദാസിന്റെ ചോദ്യത്തോട് നടന്‍ പ്രതികരിച്ചു.