പ്രിയദർശൻ സംവിധാനം ചെയ്ത 'ഹൈവാൻ' എന്ന സിനിമയിലെ ആദ്യ ഗാനമായ 'മേരെ ഹീറോ ഹേ വോ' പുറത്തിറങ്ങി. കാഴ്ചപരിമിതിയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന സെയ്ഫ് അലി ഖാനും ബാലതാരമായ പഹാൽ ചൗധരിയും ചേർന്നുള്ള ഹൃദ്യമായ രംഗങ്ങളാണ് ഗാനരംഗത്തിലുള്ളത്.

To advertise here,

പ്രീതം സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ജാവേദ് അക്തറാണ്. ഷാനും വാനിക നായകും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മോഹൻലാൽ നായകനായ പ്രിയദർശന്റെ തന്നെ മലയാള ചിത്രം 'ഒപ്പ'ത്തിന്റെ റീമേക്കാണ് 'ഹൈവാൻ' എന്ന് സൂചനകളുണ്ട്. ചിത്രത്തിൽ മോഹൻലാലും അതിഥിവേഷത്തിലുണ്ടെന്നാണ് വിവരം. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ.

'ഒപ്പ'ത്തിൽ മോഹൻലാലും മീനാക്ഷി അനൂപും അഭിനയിച്ച 'മിനുങ്ങും മിന്നാമിനുങ്ങേ...' എന്ന് തുടങ്ങുന്ന ഗാനത്തെ ഓർമിപ്പിക്കുന്നതാണ് 'ഹൈവാനി'ലെ പാട്ടും. എം.ജി. ശ്രീകുമാറും ശ്രേയ ജയദീപും ആലപിച്ച ഗാനത്തിന് സംഗീതം നൽകിയത് ഫോർ മ്യൂസിക്സ് ആണ്. ഡോ. മധു വാസുദേവന്റേതാണ് വരികൾ.

ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ബോമൻ ഇറാനി, സയാമി ഖേർ, ശ്രിയ പിൽഗാവോങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കെ.വി.എൻ. പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ. നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബർ 11-ന് ചിത്രം ആഗോള റിലീസായി പ്രദർശനത്തിനെത്തും.