നടനും ഷെഫുമായ മദംപട്ടി രംഗരാജുമായി വിവാഹിതയായെന്ന കോസ്റ്റ്യൂം ഡിസൈനറും സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റുമായ ജോയ് ക്രിസിൽഡയുടെ തുറന്നുപറച്ചിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വിവാഹവിവരം പുറത്തുവിട്ടതിനൊപ്പം തന്നെയായിരുന്നു താൻ ആറുമാസം ഗർഭിണിയാണെന്ന കാര്യവും ജോയ് ക്രിസിൽഡ സാമൂഹികമാധ്യമങ്ങൾ വഴി അറിയിച്ചത്. എന്നാൽ, ജോയ് ക്രിസിൽഡയുടെ അവകാശവാദങ്ങൾ വലിയ നിയമപ്രശ്‌നങ്ങളിലാണ് കലാശിച്ചത്.

To advertise here,

തന്റെ കുട്ടിയുടെ പിതാവ് മദംപട്ടി രംഗരാജാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന വേണമെന്ന് ജോയ് ക്രിസിൽഡ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് രംഗരാജ് സമ്മതം അറിയിച്ചതിനെത്തുടർന്ന് കോടതി ഡിഎൻഎ ടെസ്റ്റിന് ഉത്തരവിട്ടു. പിന്നാലെ രംഗരാജ് പരിശോധനയ്ക്ക് വിധേയനായി. പരിശോധനയ്ക്കുശേഷം എന്തുസംഭവിച്ചുവെന്ന ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ജോയ് ക്രിസിൽഡ ഇപ്പോൾ.

'ഡിഎൻഎ ടെസ്റ്റ് റിസൾട്ടിന് ശേഷം എന്തുസംഭവിച്ചുവെന്ന് ചോദിക്കുന്നവരോട്: രാഘ രംഗരാജ് അദ്ദേഹത്തിന്റെ മകനാണെന്ന് മദംപട്ടി രംഗരാജ് അംഗീകരിച്ചു. ജീവിതാന്ത്യംവരെ അവനൊപ്പമുണ്ടാവുമെന്ന് വാക്കുനൽകി. മകൻ രാഘ രംഗരാജിനെ ഒരിക്കലും വിട്ടുപോവില്ല. നമുക്ക് കാത്തിരുന്ന് കാണാം', എന്നായിരുന്നു ജോയ് ക്രിസിൽഡ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. 'മദംപട്ടി രംഗരാജ് അവർക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് സ്വയം അംഗീകരിച്ചു'- മറ്റൊരു കുറിപ്പിൽ ജോയ് ക്രിസിൽഡ അവകാശപ്പെട്ടു.

ചെന്നൈ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ നടന്ന ഡിഎൻഎ പരിശോധനയുടെ ഫലം മുദ്രവെച്ച കവറിൽ മധ്യസ്ഥനായ റിട്ട. ജഡ്ജി പി.എൻ. പ്രകാശിന് കൈമാറിയതായി അഡ്വക്കേറ്റ് കമ്മീഷണർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മാർച്ച് അവസാനമായിരുന്നു പരിശോധന. തന്നെ വഞ്ചിച്ചുവെന്നും വിവാഹശേഷം ഉപേക്ഷിച്ചുവെന്നും ആരോപിച്ച് ജോയ് ക്രിസിൽഡ രംഗരാജിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച രംഗരാജ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. നിലവിൽ ഇരുവർക്കുമിടയിൽ മധ്യസ്ഥ ചർച്ചകൾ നടന്നുവരികയാണ്. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി കേസ് പരിഗണിക്കുന്നത് ജൂൺ എട്ടിലേക്ക് മാറ്റി.

തമിഴ് സിനിമാ മേഖലയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റും കോസ്റ്റ്യൂം ഡിസൈനറുമാണ് ക്രിസിൽഡ. ഒരു സ്വകാര്യ ചാനലിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് തുടക്കം. മോഹൻലാലും വിജയും ഒന്നിച്ച ജില്ല, ഫഹദ് ഫാസിലും ശിവകാർത്തികേയനും പ്രധാനവേഷങ്ങളിലെത്തിയ വേലൈക്കാരൻ, നിവിൻ പോളിയുടെ റിച്ചി എന്നീ ചിത്രങ്ങളിൽ ക്രിസിൽഡ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയാണ് ആദ്യ ചിത്രം. 2018-ൽ സംവിധായകൻ ജെ.ജെ. ഫ്രെഡ്രിക്കിനെ ക്രിസിൽഡ വിവാഹംചെയ്തിരുന്നു.

മദംപട്ടി തങ്കവേലു ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയാണ് മദംപട്ടി രംഗരാജ്. തമിഴ്നാട്ടിൽ അറിയപ്പെടുന്ന ഷെഫ് ആയ രംഗരാജ് ടെലിവിഷൻ കുക്കറി ഷോയിൽ ജഡ്ജ് ആയിരുന്നു. മെഹന്തി സർക്കസ്, പെൻഗ്വിൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിഭാഷകയായ ശ്രുതിയെയാണ് രംഗരാജ് ആദ്യം വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടുകുട്ടികളുണ്ട്.