ണത്തിന് തുടങ്ങിയ വിജയയാത്രയാണ്, 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇപ്പോഴും തിയേറ്ററിൽ ആളെക്കൂട്ടുന്നു. നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിനും മമിത ബൈജുവിന്റെ ആഷ്‌ലിക്കും ഗിക്ലസനായെത്തിയ റോഷനുമൊപ്പം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു കുട്ടിത്താരമുണ്ട് ചിത്രത്തിൽ. അലൻ തങ്കച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിരാം അരവിന്ദ്. ചേച്ചിയുടെ പ്രണയം പിടിക്കപ്പെടുമ്പോൾ ഡയറി വായിച്ച് അമ്മയ്ക്ക് പരിഭാഷപ്പെടുത്തിക്കൊടുത്തപ്പോഴും പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത 'മൈസൂർ പാക്ക്' സീനിലും ചിരിപടർത്തുന്ന ഈ എട്ടാം ക്ലാസുകാരന്റെ പ്രകടനം കൈയടി നേടി. ആദ്യചിത്രം നേടിയ വൻവിജയത്തിന്റെ സന്തോഷം അഭിരാം മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെച്ചു.

To advertise here,

'ബെത്‌ലഹേമി'ലേക്കുള്ള വഴി

ശ്രീകാന്ത് വെട്ടിയാരുടെ കൂടെ റീലുകൾ ചെയ്തിരുന്നു. അത് കണ്ടാണ് ഗിരീഷ് എ.ഡി. ഓഡിഷനുവേണ്ടി വിളിക്കുന്നത്. കൊച്ചിയിൽ നടന്ന ഓഡിഷനിൽ, ഇപ്പോൾ ട്രെൻഡിങ് ആയ മൈസൂർ പാക്ക് സീൻ ആണ് അഭിനയിക്കാൻ പറഞ്ഞത്. ഡയലോഗ് തന്നു, അത് വായിച്ച ശേഷം തയ്യാറെടുക്കാൻ സമയം തന്നു. അഭിനയിച്ച ഭാഗം ഗിരീഷേട്ടന് അയച്ചുകൊടുത്തു.

‘കൺട്രി ബോയ്‌സ്’ എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്ത വിഷ്ണു ചേട്ടൻ, വൈശാഖ് ചേട്ടൻ എന്നിവരാണ് ഒഡിഷന് ഉണ്ടായിരുന്നത്. രണ്ടുപേരും 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ അസിസ്റ്റന്റ് ഡയറക്ടർമാരാണ്. ഓഡിഷൻ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വിളിവന്നു. അമ്മയെ വിളിച്ചാണ് സിനിമയിലേക്ക് തിരഞ്ഞെടുത്ത കാര്യം പറഞ്ഞത്.

‘ഗിരീഷേട്ടന്റെ പിന്തുണ’

കൊച്ചി, ആലുവ, പാലക്കാട്, ഗോവ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. ചാലക്കുടിയിലായിരുന്നു താമസം. മമിത ചേച്ചിയുടെ അനിയൻ വേഷത്തിലേക്കാണെന്ന് പറഞ്ഞു. കഥ മുഴുവൻ കേട്ടിരുന്നില്ല. ഷൂട്ടിങ്ങിലാണ് കഥാപാത്രത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞതും മനസിലാക്കിയതും. ഓരോ സീൻ ചെയ്യുമ്പോഴും ഗിരീഷേട്ടൻ അടുത്തുവന്ന് പറഞ്ഞുതരും.

നല്ല ജോളി ആയിട്ടുള്ള കഥാപാത്രം ആണ്. ഞാൻ എങ്ങനെയാണോ അതുപോലെ ചെയ്താൽ മതി എന്ന് ഗിരീഷേട്ടൻ പറഞ്ഞു. എല്ലാവരും നല്ല പിന്തുണ ആയിരുന്നു. ഗിരീഷേട്ടൻ കൂടെനിന്ന്, വൈബിൽ എല്ലാം നന്നായി ചെയ്യിപ്പിച്ചു. നല്ലത് ചെയ്താൽ ഓപ്പണായി തന്നെ ഗിരീഷേട്ടൻ പറയും. തെറ്റ് ചെയ്താലും അങ്ങനെയാണ്.

‘ടൂർ പോയ പോലെ’

എന്റെ ആദ്യത്തെ പടം ആണ്. എന്താണ്, എങ്ങനെയാണ് ചെയ്യേണ്ടത് എന്നൊക്കെ ചെറിയ ആശങ്ക ഉണ്ടായിരുന്നു. ഗിരീഷേട്ടൻ നന്നായി, ടെൻഷൻ ഇല്ലാതെ പറഞ്ഞുതരും. കൂടെ അഭിനയിക്കുമ്പോൾ നിവിൻ ചേട്ടനും മമിത ചേച്ചിയും നന്നായി പിന്തുണച്ചു. തെറ്റുകൾ പറഞ്ഞുതരും, തിരുത്താൻ സഹായിക്കും.

സെറ്റിൽ അടിപൊളിയായിരുന്നു. തമാശയും ചിരിയുമൊക്കെയായി എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളായിരുന്നു അത്. എത്ര ബുദ്ധിമുട്ടേറിയ സാഹചര്യം ആണെങ്കിലും ഗിരീഷേട്ടൻ തമാശയൊക്കെ പറഞ്ഞ് നമ്മളെ സമാധാനിപ്പിക്കും. ഗോവയിൽ പോയപ്പോൾ ശരിക്കും ടൂർ പോയപോലെയായിരുന്നു.

ഷൂട്ടിങ് സമയത്ത് ഞാൻ എപ്പോഴും മമിത ചേച്ചിയുടെ കൂടെ ആയിരുന്നു. കാരവാനിൽ ഒരുമിച്ചായിരുന്നു. ഷോട്ടുകൾ കണ്ടിരിക്കും. സ്വന്തം ചേച്ചിയെപ്പോലെ നല്ല അടുപ്പമായിരുന്നു. തമാശയ്ക്ക് വഴക്കുണ്ടാക്കും. നിവിൻ ചേട്ടൻ കാണുന്ന പോലെയല്ല, കോമഡിയൊക്കെ പറഞ്ഞ് നല്ല എനർജിയിൽ നിൽക്കുന്ന ആളാണ്. പുള്ളി അഭിനയിക്കുമ്പോൾ ആ എനർജി നമുക്കും കിട്ടും. 

‘ഗിരീഷേട്ടന്റെ മീറ്റർ കിട്ടിയില്ല’

എന്റെ ആദ്യഷോട്ട് എടുക്കുമ്പോൾ ഒരു സംഭവം ഉണ്ടായി. ഞാൻ ഡയലോഗ് പറയുമ്പോൾ, റീൽസിൽ ഒക്കെ ചെയ്യുന്നതുപോലെ ലൗഡ് ആയി ആണ് ചെയ്തത്. എനിക്ക് ഗിരീഷേട്ടന്റെ മീറ്റർ ആദ്യം മനസിലായിരുന്നില്ല. റീൽസ് ചെയ്യുന്നതുപോലെ ഉറക്കെ ഡയലോഗ് പറഞ്ഞു. ഇതുകേട്ട് ഗിരീഷേട്ടൻ ഭയങ്കര ചിരി ആയിരുന്നു.

‘നാച്വറലായി നീ എങ്ങനെ ചെയ്യുമോ, അതുപോലെ ചെയ്താൽ മതി’, എന്ന് ഗിരീഷേട്ടൻ പറഞ്ഞു. പേടിക്കേണ്ട, സെറ്റാവും എന്ന് ആശ്വസിപ്പിച്ചു. പിന്നീട് ഓരോ ദിവസം കഴിയുന്തോറും ഗിരീഷേട്ടനോട് കൂടുതൽ അടുത്തു. ഇപ്പോൾ അദ്ദേഹത്തിന്റെ എല്ലാ പരിപാടിയും എനിക്ക് സെറ്റാവുന്നുണ്ട്. ആദ്യത്തെ ഡയലോഗ് കഴിഞ്ഞപ്പോൾ പേടിയൊക്കെ മാറി. എല്ലാവരുമായി അടുപ്പമായി.

ഗിരീഷേട്ടന്റെ വാക്കുകൾ അവാർഡ് പോലെ

ആദ്യദിവസം സിനിമ കണ്ടത് കൊച്ചിയിൽ ടീമിനൊപ്പമാണ്. നിവിൻ ചേട്ടൻ, ഗിരീഷേട്ടൻ, മമിത ചേച്ചി, സംഗീത് ചേട്ടൻ തുടങ്ങി ആർട്ടിസ്റ്റുകൾ മിക്കവാറും എല്ലാവരും ഉണ്ടായിരുന്നു. അച്ഛനും അമ്മയും കൂടെ വന്നിരുന്നു. ഗിരീഷേട്ടന്റെ വാക്കുകളാണ് കിട്ടിയ ഏറ്റവും വലിയ പ്രശംസ. നന്നായി ചെയ്തുവെന്ന് പറഞ്ഞു. സ്‌കൂളിലുള്ളവരും നല്ല പിന്തുണ ആയിരുന്നു.

സ്‌കൂളിൽനിന്ന് അനുവാദം വാങ്ങിയാണ് ഷൂട്ടിങ്ങിന് പോയത്. പടം ഇറങ്ങിയപ്പോൾ തന്നെ മിക്കവാറും എല്ലാവരും കണ്ടു. ചിലർ ടിക്കറ്റ് കിട്ടുന്നില്ല എന്ന് പറഞ്ഞു. കിടിലൻ പടം ആണെന്നാണ് കണ്ടവർ പറയുന്നത്. എന്നേക്കാൾ ആവേശത്തിലാണ് സുഹൃത്തുക്കളൊക്കെ.

ഷൂട്ടും സ്‌കൂളും

ഷൂട്ട് നടക്കുന്ന സമയത്ത് ക്ലാസുണ്ടായിരുന്നു. ഷൂട്ടിങ് ബ്രേക്കിനിടെ സ്‌കൂളിൽ വരും. അപ്പോൾ നോട്ട് ഒക്കെ എഴുതി എടുക്കും. സഹപാഠികൾ നോട്ട്‌സ് ഫോണിൽ അയച്ചുതരും. പിന്നീട് വീണ്ടും ഷൂട്ടിന് പോവും.

200 കോടി പടം!

ഗിരീഷേട്ടന്റെ പടം ആണെന്ന് അറിഞ്ഞപ്പോഴേ പ്രതീക്ഷയുണ്ടായിരുന്നു. ഗിരീഷേട്ടന്റെ എല്ലാ പടവും അടിപൊളിയല്ലേ! പടം 200 കോടി അടിച്ചെങ്കിലും ഞാൻ പഴയതുപോലെ തന്നെയാണ്. സുഹൃത്തുക്കൾക്കും അധ്യാപകർക്കും സന്തോഷമുണ്ട്. കാണുമ്പോൾ ഒക്കെ അവർ നല്ല വാക്കുകൾ പറയും.

മൈസൂർ പാക്ക് സീൻ

മൈസൂർ പാക്ക് സീൻ ഇത്ര ട്രെൻഡ് ആവുമെന്ന് അന്ന് മനസിലായില്ല. പക്ഷേ, സീനിലെ കോമഡി അന്നുതന്നെ തിരിച്ചറിഞ്ഞു. ഓരോ ടേക്ക് എടുക്കുമ്പോഴും ഗിരീഷേട്ടൻ ചിരിക്കുകയായിരുന്നു. ഞാൻ എന്തെങ്കിലും കൈയിൽനിന്ന് ഇട്ടാലും ഗിരീഷേട്ടൻ അതിന് ഓക്കെ പറയും.

റോഷൻ ബ്രോയും ഇപ്പോൾ എന്റെ ചേട്ടനെപ്പോലെയാണ്. എനിക്ക് ഓരോന്ന് പറഞ്ഞുതരും. ഞങ്ങളിപ്പോൾ നല്ല അടുത്ത സുഹൃത്തുക്കളാണ്, ബെസ്റ്റ് ഫ്രണ്ട്സിനെ പോലെ.

എന്റെ സീനുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മൈസൂർ പാക്ക് സീൻ തന്നെയാണ്. മൊത്തം ചിത്രത്തിൽ പക്ഷേ, ക്ലൈമാക്‌സിനോടാണ് ഇഷ്ടക്കൂടുതൽ. പ്രത്യേകിച്ച് മമിത ചേച്ചിയുടെ മൊണ്ടാഷ് കാണിക്കുമ്പോൾ.

സാത്തുക്കുടി പ്രണയത്തിൽ

ഗിരീഷേട്ടന്റെ ഡീറ്റെയ്‌ലിങ് അടിപൊളിയാണ്. ഞാനും ചേച്ചിയും സ്‌കൂളിലും കോളേജിലും പോവുന്ന ഷോട്ടാണ് ആണ് ഷോർട്ട് ഫിലിമിൽ ഉൾപ്പെടുത്തിയത്. ‘സാത്തുക്കുടി പ്രണയ’ത്തിൽ ഞങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. ഷോർട്ട് ഫിലിമിലേക്കുള്ള സീൻ ആണെന്ന് ഷൂട്ട് ചെയ്യുമ്പോൾ അറിയില്ലായിരുന്നു. സിനിമയിലെ സീൻ പോലെ തന്നെയായിരുന്നു ഷൂട്ട് ചെയ്തത്.

ആ സീനിൽ അലൻ എവിടെ?

ജോയലിന്റെ കല്യാണ സീനിൽ അലൻ ഇല്ലല്ലോ എന്ന് കമന്റുകൾ വരുന്നുണ്ട്. കുറച്ചൂടെ വളർന്ന് വലുതായ ലുക്ക് ആയിരുന്നു അതിൽ വേണ്ടത്. അങ്ങനെ ഒരു ചേഞ്ച് വരുത്താൻ പറ്റാത്തതുകൊണ്ടാണ് ആ സീനിൽ ഞാൻ ഇല്ലാത്തത്. അപ്പോഴേക്കും അലൻ പത്താംക്ലാസിൽ എത്തിയിരുന്നു. അതിന് പഠിക്കാനായി വീട്ടിൽനിന്ന് മാറ്റി നിർത്തിയത് പോലെയാക്കി.

നിവിന്റെ അളിയാ വിളി

റിലീസ് ദിവസം ഹോട്ടലിൽവെച്ച് പാർട്ടിയുണ്ടായിരുന്നു. അവിടെവെച്ച് എടുത്തതാണ്, നിവിൻ ചേട്ടൻ ‘അളിയാ’ എന്ന് വിളിക്കുന്ന ആ വൈറൽ റീൽ. നിവിൻ ചേട്ടൻ അടുത്ത് വിളിച്ച് നിർത്തിയപ്പോൾ സന്തോഷമായി. ചേട്ടൻ എപ്പോൾ കണ്ടാലും നല്ല അടുപ്പം കാണിക്കും. അതൊക്കെ ഭാഗ്യമാണ്.

ബെത്‌ലഹേം- വലിയ ഭാഗ്യം

ആദ്യ പടം എന്ന നിലയിൽ വളരെ വലിയ അവസരം ആണ് എനിക്ക് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്‌’. ഗിരീഷേട്ടന്റെ പടം, ഭാവനാ സ്റ്റുഡിയോസിന്റെ പ്രൊഡക്ഷൻ, ഇത്രയും വലിയ ആർട്ടിസ്റ്റുകളുടെ കൂടെ നല്ലൊരു വേഷം.

സിനിമയിലുള്ള എല്ലാവരും സ്വന്തം ബന്ധുക്കളെപ്പോലെ ആയിരുന്നു. അമ്മയെയും അച്ഛനെയും അവതരിപ്പിച്ച മഞ്ജുശ്രീ ആന്റിയും ജയശങ്കർ ചേട്ടനും സ്വന്തം അമ്മയെയും അച്ഛനെയും പോലെയായിരുന്നു. മഞ്ജുശ്രീ ആന്റിയെ അമ്മേ എന്ന് തന്നെയായിരുന്നു വിളിച്ചത്. പടത്തിന്റെ പേരുപോലെ ഒരു കുടുംബ യൂണിറ്റ് തന്നെയായിരുന്നു ‌സെറ്റും. 100 ദിവസം ഒരുമിച്ച് അഭിനയിച്ച് നല്ല അടുപ്പമായി.

ഷൂട്ടിങ് നടന്ന വീടും സ്വന്തം വീടുപോലെയായിരുന്നു. അതിന്റെ ഉടമകളായ ഓമന ആന്റിയും ശശി അങ്കിളുമായും നല്ല അടുപ്പമായിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും ചെയ്തുതരും. ഇപ്പോൾ ആ വീടൊക്കെ മിസ് ചെയ്യുന്നുണ്ട്.

ഗിരീഷേട്ടന്റെ ടീമിലെ അസോസിയേറ്റ് ഡയറക്ടർ ഫിലിപ്പ് ചേട്ടൻ, വിഷ്ണു, വൈശാഖ്, അർജുൻ എന്നീ ചേട്ടന്മാരും നീതു ചേച്ചിയും ഉൾപ്പെടെ സഹായിച്ചു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജംഷീർ, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, ഹാരിസ് തുടങ്ങിയ ചേട്ടന്മാരും ഒപ്പം നിന്നു.

വെട്ടിയാർ അന്നേ പറഞ്ഞു

ഗിരീഷേട്ടന്റെ പടത്തിൽ അഭിനയിക്കുന്ന കാര്യം ശ്രീകാന്ത് ചേട്ടന് അറിയാമായിരുന്നു. ‘സൂപ്പർശരണ്യ’യിൽ ചേട്ടൻ അഭിനയിച്ചിട്ടുണ്ട്. അന്നേ പറഞ്ഞിരുന്നു പടം സൂപ്പർഹിറ്റാവുമെന്ന്. അടിപൊളിയാണ്, എന്റെ അഭിനയം ഇഷ്ടമായി എന്നൊക്കെ പറഞ്ഞു. ശ്രീകാന്ത് ചേട്ടന്റെ അമ്മയും നല്ല അഭിപ്രായം പറഞ്ഞു.

റീൽസ് വഴി സിനിമ

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് റീൽ ചെയ്തു തുടങ്ങുന്നത്. കലാകുടുംബമാണ്. അമ്മൂമ്മയും അപ്പൂപ്പനും നാദസ്വരം വായിക്കും. ഞാൻ ഇപ്പോൾ വയലിൻ പഠിക്കുന്നുണ്ട്. പാട്ടുപാടും, പടംവരയ്ക്കും, ഡാൻസ് ചെയ്യും.

അമ്മയാണ് പ്രോത്സാഹിപ്പിക്കുന്നത്. വീഡിയോ എടുക്കാൻ നിർബന്ധിക്കുന്നത് അച്ഛനും. അച്ഛന് അതൊക്കെ വലിയ ആഗ്രഹമാണ്. അവർ രണ്ടുപേരും ഇങ്ങനെ കൊണ്ടുനടക്കുന്നതുകൊണ്ട് എനിക്ക് ഇതൊക്കെ എൻജോയ് ചെയ്ത് ചെയ്യാൻ പറ്റുന്നത്.

അച്ഛൻ എന്നെ സിനിമാ സെറ്റിലൊക്കെ കൊണ്ടുപോകുമായിരുന്നു. അച്ഛൻ അഭിനയിച്ച തമിഴ് സിനിമയുടെ സെറ്റിലൊക്കെ പോയിട്ടുണ്ട്. കുറേപ്പേരെ പരിചയപ്പെട്ടു. അങ്ങെനെയാണ് സിനിമാ ആഗ്രഹമുണ്ടാവുന്നത്.

ഗിരീഷേട്ടന്റെ ‘തണ്ണീർമത്ത’നൊക്കെ പത്തും പതിനഞ്ചും തവണ കണ്ടിട്ടുണ്ട്. അന്ന് ഇത് ഗിരീഷേട്ടന്റെ പടമാണെന്ന് പോലും അറിയില്ലായിരുന്നു. ‘പ്രേമലു’വും ‘സൂപ്പർശരണ്യ’യും സംവിധാനം ചെയ്തത് ഗിരീഷേട്ടൻ ആണെന്ന് അറിയുന്നത് ഒന്നോ രണ്ടോ വർഷം മുമ്പാണ്. അങ്ങനെയിരിക്കെ പ്രതീക്ഷിക്കാതെ ഗിരീഷേട്ടന്റെ പടം വന്നപ്പോൾ സന്തോഷമായിരുന്നു.

അമ്മ കരഞ്ഞു, അച്ഛനും ഹാപ്പി

പടം കണ്ടപ്പോൾ അച്ഛനും അമ്മയും ഹാപ്പി ആയിരുന്നു. അവർക്ക് അഭിമാനം തോന്നി. തിയേറ്ററിൽ പടം കണ്ട അമ്മ കരഞ്ഞു.

അച്ഛനും അമ്മയും ഞാനും ഒന്നിച്ച് റീൽ ചെയ്യാറുണ്ട്. അച്ഛനാണ് ഐഡിയകൾ പറയുന്നത്. അമ്മയും ഞാനും കൂടെ പുതിയ കാര്യങ്ങൾ കൂട്ടിച്ചേർക്കും. ഞാൻ എഡിറ്റ് ചെയ്യും. സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്നത് അമ്മയാണ്.

ഇനിയും സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. നല്ല പടം വന്നാൽ ചെയ്യും. പഠനവും അഭിനയവും ഒന്നിച്ചുകൊണ്ടുപോകണം എന്നാണ് ആഗ്രഹം.

ഇപ്പോൾ എം.ജി.എം. വിദ്യാജ്യോതി സെൻട്രൽ സ്‌കൂൾ, ഓച്ചിറയിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു. ഓച്ചിറയിൽ തന്നെയാണ് വീട്. ദേവസ്വം ബോർഡിൽ ജീവനക്കാരനായ അച്ഛൻ അരവിന്ദ് സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. അമ്മ രാജലക്ഷ്മി.