'ഷിർദ്ദി കേ സായി ബാബ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ സുധീർ ദൽവിയുടെ ചികിത്സാച്ചെലവുകൾക്കായി ബോളിവുഡ് താരങ്ങൾ സാമ്പത്തിക സഹായം നൽകിയതായി വെളിപ്പെടുത്തി ഭാര്യ സുഹാസ് ദൽവി. സെപ്‌സിസ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുധീറിന്റെ ചികിത്സാച്ചെലവുകൾ താങ്ങാൻ കഴിയാതെ വന്നപ്പോൾ അക്ഷയ് കുമാർ, രൺബീർ കപൂർ, കാർത്തിക് ആര്യൻ തുടങ്ങിയവർ സഹായവുമായി മുന്നോട്ടുവരികയായിരുന്നുവെന്ന് സുഹാസ് തുറന്നുപറഞ്ഞു.

To advertise here,

2025 ഒക്ടോബറിലാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സുധീർ ദൽവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ നീണ്ടുപോയതോടെ ആശുപത്രി ബിൽ ഉയർന്നു. ഈ ഘട്ടത്തിലാണ് ബോളിവുഡ് താരങ്ങളും സിനിമാ മേഖലയിലുള്ള മറ്റു ചിലരും സഹായവുമായെത്തിയതെന്ന് സുഹാസ് വ്യക്തമാക്കി.

ലഭിച്ച സാമ്പത്തിക സഹായങ്ങൾക്ക് സുഹാസ് ദൽവി നന്ദി രേഖപ്പെടുത്തി. 'എന്റെ ഭർത്താവ് സായി ബാബയെ അവതരിപ്പിച്ചതിലൂടെയാണ് കൂടുതലായും അറിയപ്പെടുന്നത്. നിരവധി സായി ഭക്തരും സഹായിക്കാൻ മുന്നോട്ടുവന്നു. സിനിമാ മേഖലയിൽ നിന്നും പുറത്തുനിന്നും നിരവധി പേർ പിന്തുണച്ചു,' അവർ പറഞ്ഞു.

നിലവിൽ ചികിത്സയ്ക്ക് ശേഷമുള്ള സാമ്പത്തിക സഹായങ്ങളുടെ ആവശ്യമില്ലെന്നും പ്രാർഥനകൾ മാത്രമാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി. സിനിമാ സംഘടനകൾ പ്രതിമാസം നൽകിവരുന്ന സഹായം തങ്ങളേക്കാൾ ആവശ്യമുള്ള മറ്റാർക്കെങ്കിലും നൽകണമെന്ന് സുഹാസ് അഭ്യർഥിച്ചു. നിലവിൽ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന സുധീർ ദൽവിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും സുഹാസ് കൂട്ടിച്ചേർത്തു.

ലീലാവതി ആശുപത്രിയിലായിരുന്നു സുധീറിന്റെ ചികിത്സ. അണുബാധ സന്ധികളെ ബാധിക്കുകയും കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ഏറെക്കാലം ഐ.സി.യുവിലായിരുന്നു.

10 ലക്ഷം രൂപ കുടുംബത്തിന് ചികിത്സയ്ക്കായി ചെലവായി. 15 ലക്ഷംവരെ ചെലവുകൾ ഉയരാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ചികിത്സാ സഹായമായി ശ്രീ സായിബാബാ സംസ്ഥാൻ ട്രസ്റ്റ് 11 ലക്ഷം രൂപ നടന് കൈമാറിയിരുന്നു.