ഇതിഹാസ നടൻ ധർമേന്ദ്രയെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഹേമ മാലിനി. ധർമേന്ദ്ര തനിക്ക് എല്ലാമെല്ലാമായിരുന്നു എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവർ സോഷ്യൽ മീഡിയയിൽ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചു. ധർമേന്ദ്രയുടെ മരണശേഷം ഇതാദ്യമായാണ് ഹേമ മാലിനി പ്രതികരിക്കുന്നത്.

To advertise here,

ധർമേന്ദ്ര തനിക്ക് പലതുമായിരുന്നുവെന്ന് ഹേമ മാലിനി പറഞ്ഞു. സ്നേഹനിധിയായ ഭർത്താവ്, രണ്ട് പെൺമക്കളായ ഇഷയുടെയും അഹാനയുടെയും വാത്സല്യനിധിയായ അച്ഛൻ, സുഹൃത്ത്, തത്വചിന്തകൻ, വഴികാട്ടി, കവി, എല്ലാ ആവശ്യങ്ങളിലും തനിക്ക് ആശ്രയിക്കാവുന്നയാൾ. യഥാർത്ഥത്തിൽ, അദ്ദേഹം തനിക്ക് എല്ലാമെല്ലാമായിരുന്നു. നല്ല സമയത്തും മോശം സമയത്തും അദ്ദേഹം എപ്പോഴും അങ്ങനെയായിരുന്നു. തന്റെ ലളിതവും സൗഹൃദപരവുമായ പെരുമാറ്റം കൊണ്ട് അദ്ദേഹം കുടുംബാംഗങ്ങൾക്കെല്ലാം പ്രിയങ്കരനായി. അവരെല്ലാവരോടും എപ്പോഴും സ്നേഹവും താൽപ്പര്യവും കാണിച്ചിരുന്നുവെന്നും ഹേമ മാലിനി പറഞ്ഞു.

"അദ്ദേഹത്തിന്റെ വിനയവും സാർവത്രികമായ ആകർഷണീയതയും അദ്ദേഹത്തെ ഒരു അതുല്യ പ്രതിഭയാക്കി മാറ്റി. ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്റെ പ്രശസ്തിയും നേട്ടങ്ങളും എന്നേക്കും നിലനിൽക്കും. എന്റെ വ്യക്തിപരമായ നഷ്ടം വിവരണാതീതമാണ്. അതുണ്ടാക്കിയ ശൂന്യത എന്റെ ജീവിതകാലം മുഴുവൻ നിലനിൽക്കും. വർഷങ്ങളോളം ഒരുമിച്ചു ജീവിച്ചു. ആ പ്രത്യേക നിമിഷങ്ങളെക്കുറിച്ചുള്ള എണ്ണമറ്റ ഓർമ്മകൾ മാത്രമാണ് എനിക്കിപ്പോൾ കൂട്ട്." ഹേമ മാലിനി കൂട്ടിച്ചേർത്തു.

നവംബർ 24-ന് മുംബൈയിൽ വെച്ചായിരുന്നു ധർമേന്ദ്ര അന്തരിച്ചത്. 89 വയസായിരുന്നു അദ്ദേഹത്തിന്. അതേസമയം ധർമേന്ദ്രയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനാ യോഗം വ്യാഴാഴ്ച മുംബൈയിൽ നടക്കും. വൈകീട്ട് 5 മണി മുതൽ 7:30 വരെ ഒരു ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുചേരും.