ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് പുറപ്പെടുന്ന ശബ്ദത്തിൽ ദിൽ ഹൂം ഹൂം കരേ എന്ന് ഹസാരിക പാടുമ്പോൾ, ആരുടെ ഹൃദയമാണ് ആ താളത്തിനൊത്ത് മിടിക്കാതിരിക്കുക?

ഹൃദയം ഹൂം ഹൂം എന്ന് മിടിച്ചു തുടങ്ങിയതിന് പിന്നിൽ ഒരു പാട്ടിന്റെ സ്വാധീനമുണ്ട്; ഗുൽസാർ എഴുതി ഭുപേൻ ഹസാരിക ഈണമിട്ട് പാടിയ രുദാലിയിലെ വിശ്രുത ഗാനത്തിന്റെ.
"ദിൽ ഹൂം ഹൂം കരേ ഘബ് രായേ
ഘന് ധം ധം കരേ ഗർജായേ
ഏക് ബൂന്ദ് കഭി പാനി കി
മോരി അഖിയോം സേ ബർസായേ.."
കവിതകളിലും ഗാനങ്ങളിലും ഹൃദയം ധക് ധക് എന്ന് സ്പന്ദിച്ചുകേട്ടാണ് നമുക്ക് ശീലം. ‘രുദാലി’യിൽ അത് ഹൂം ഹൂം എന്നായതിന് പിന്നിലെ കഥ ഹൺഡ്രഡ് ലിറിക്സ് എന്ന ഗാനസമാഹാരത്തിൽ രസകരമായി വിവരിച്ചിട്ടുണ്ട് ഗുൽസാർ.
ഭുപേൻ ഹസാരികയുടെ അസമിയ ഗാനമായ ‘ബുകു ഹം ഹം കരേ മുർ ആയീ’യിൽ നിന്നാണ് ‘ദിൽ ഹൂം ഹൂം കരേ’യുടെ പിറവി. ഹസാരികയുടെ വരികൾ ഹിന്ദിയിലേക്ക് പദാനുപദം മൊഴിമാറ്റം നടത്തുകയല്ല ഗുൽസാർ ചെയ്തത്. പകരം പല്ലവിയിലെ ആദ്യ വരി നിലനിർത്തിക്കൊണ്ട് കഥാസന്ദർഭത്തിന് അനുസൃതമായി അവ മാറ്റിയെഴുതി. തികച്ചും സ്വതന്ത്രമായ ഒരു രചന.
കാമുകനോട് ഒരു സ്ത്രീക്ക് തോന്നുന്ന അഭിനിവേശമാണ് 'രുദാലി'യിലെ ഗാനത്തിന്റെ കാതൽ. "ഹൃദയത്തിന് മോഹങ്ങൾ പലതുണ്ടാകും. പക്ഷേ അത് മിടിക്കുക ഒരേ താളത്തിലാണ് - ധക് ധക് എന്നിങ്ങനെ. ഭാഷ മാറിയേക്കാം, വികാരങ്ങൾ മാറിവന്നേക്കാം, പക്ഷേ ശബ്ദവും താളവും ഒന്നുതന്നെ. പൊതുവേ സിനിമാഗാനങ്ങളിൽ ഹൃദയം മിടിച്ചു കേട്ടിട്ടുള്ളത് ധക് ധക് താളത്തിലാണ്. അതുകൊണ്ടുതന്നെ ഈ പാട്ടിൽ "ഹം ഹം'' എന്ന് ഭുപേൻദാ എഴുതിയത് വായിച്ചപ്പോൾ എനിക്ക് കൗതുകം തോന്നി. ധക് - ധക് ശബ്ദത്തേക്കാൾ റൊമാന്റിക്ക് അല്ലേ ഹം ഹം? പലരും എതിർത്തെങ്കിലും ചെറിയൊരു മാറ്റത്തോടെ എന്റെ ഗാനത്തിന്റെ ആദ്യ വരിയിൽ ഹൂം ഹൂം എന്ന് പ്രയോഗിക്കാൻ തീരുമാനിച്ചത് അതുകൊണ്ടാണ്..'' - ഗുൽസാർ എഴുതുന്നു.
ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് പുറപ്പെടുന്ന ശബ്ദത്തിൽ ദിൽ ഹൂം ഹൂം കരേ എന്ന് ഹസാരിക പാടുമ്പോൾ, ആരുടെ ഹൃദയമാണ് ആ താളത്തിനൊത്ത് മിടിക്കാതിരിക്കുക?
പ്രിയസുഹൃത്ത് ഹസാരിക 1960 കളുടെ തുടക്കത്തിൽ എഴുതി ചിട്ടപ്പെടുത്തി പാടിയ വിഖ്യാത അസമിയ ഗാനത്തിന്റെ ഈണം സ്വന്തം സിനിമയിൽ ഉൾപ്പെടുത്തണമെന്നത് 'രുദാലി'യുടെ സംവിധായിക കൽപ്പന ലാജ്മിയുടെ മോഹമായിരുന്നു. ട്യൂണിനൊത്ത് ഹിന്ദിയിൽ പാട്ടെഴുതാനുള്ള ദൗത്യം കൽപ്പന ഏൽപ്പിച്ചത് കവിയും പടത്തിന്റെ സംഭാഷണ രചയിതാവുമായ ഗുൽസാറിനെ. മൂലകൃതിയുടെ ശക്തിസൗന്ദര്യങ്ങൾ ചോർന്നുപോകാതെ തന്നെ ആ ദൗത്യം നിറവേറ്റി ഗുൽസാർ. 'രുദാലി'യിൽ നായികയായ ശനിചരിയെ അവതരിപ്പിക്കുന്ന ഡിംപിൾ കപാഡിയ പാടേണ്ട പാട്ടാണ്. ലതാ മങ്കേഷ്കർ വേണം ഡിംപിളിന് പിന്നണി പാടാൻ എന്ന കാര്യത്തിൽ സംശയമില്ലായിരുന്നു കൽപ്പനയ്ക്കും ഭുപേനും ഗുൽസാറിനും.
ഇനിയാണ് കഥയിലെ ട്വിസ്റ്റ്. റെക്കോർഡിംഗിന് മുൻപ് കേട്ട് പഠിക്കാൻവേണ്ടി ഭുപേൻ ഹസാരികയോട് പാട്ട് പാടി കാസറ്റിലാക്കി അയച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നു ലത. കഴിയുന്നത്ര ഭംഗിയായിത്തന്നെ ഗാനം പാടിക്കൊടുത്തു ഭുപേൻ. റെക്കോർഡിംഗ് സമയത്ത് ഭുപേന്റെ പാട്ട് കേട്ട ലതാജിക്കും സൗണ്ട് എഞ്ചിനീയർ അനിൽ സൂദിനും വിസ്മയം: എന്തൊരു ഭാവഗാംഭീര്യം. പാട്ട് കാസറ്റിൽ നിന്ന് മായ്ച്ചുകളയുന്നതിനെ കുറിച്ചു സങ്കൽപ്പിക്കാൻപോലും വയ്യ സൂദിന്. സിനിമയിൽ ചിത്രീകരിക്കപ്പെടുക ലതയുടെ വേർഷൻ ആണെങ്കിലും 'രുദാലി'യുടെ ഓഡിയോ കാസറ്റിൽ ഈ പാട്ടും ഉൾപ്പെടുത്തണമെന്ന് ഭവ്യതയോടെ നിർദ്ദേശിക്കുന്നു സൂദ്. ഒട്ടും വിരോധമുണ്ടായിരുന്നില്ല കൽപ്പന ലാജ്മിക്ക്. ഭുപേന്റെ ഏറ്റവും വലിയ ആരാധികയായിരുന്നല്ലോ അവർ; "ലിവ്-ഇൻ'' പങ്കാളിയും.
തീർന്നില്ല. ഷൂട്ടിംഗിന് മുൻപ് ശ്രദ്ധിച്ചു കേൾക്കാനും ഗാനത്തിന്റെ ഭാവതീവ്രത ഉൾക്കൊള്ളാനുംവേണ്ടി ഡിംപിൾ കപാഡിയയ്ക്ക് കാസറ്റ് അയച്ചുകൊടുക്കുന്നു കൽപ്പന. ജയ്‌സാൽമീറിലെ ലൊക്കേഷനിലേക്കുള്ള യാത്രാമദ്ധ്യേ ഗാനങ്ങൾ ആവർത്തിച്ചു കേട്ട ഡിംപിളിന് ഭുപേൻ ഹസാരികയുടെ "ദിൽ ഹൂം ഹൂം കരേ" എത്ര കേട്ടിട്ടും മതിയാകുന്നില്ല. "എന്തുവന്നാലും ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയേ പറ്റൂ; അതിനുവേണ്ടി മാത്രമായി ഒരു സിറ്റുവേഷൻ തന്നെ സൃഷ്ടിക്കേണ്ടി വന്നാൽ പോലും.''- സംവിധായികയോട് നായിക പറഞ്ഞു. സ്ത്രീശബ്ദത്തിലുള്ള പാട്ടിനേ സിനിമയിൽ പ്രസക്തിയുള്ളൂ എന്ന് കൽപ്പന. ഡിംപിളുണ്ടോ വിടുന്നു. ഒടുവിൽ മനസ്സില്ലാമനസ്സോടെയെങ്കിലും ഭുപേൻ ഹസാരികയുടെ ആലാപനം 'രുദാലി'യിൽ പശ്ചാത്തലഗാനമായി ഉൾപ്പെടുത്താൻ തീരുമാനിക്കുന്നു സംവിധായിക.
ഡിംപിളിന്റെ കഥാപാത്രം വിധവയായി മാറുമ്പോഴാണ് ഭുപേന്റെ ഗാനം സിനിമയിൽ കടന്നുവരുക. "അർദ്ധമനസ്സോടെ ചിത്രീകരിച്ച രംഗമാണത്."- പിന്നീട് ഒരു അഭിമുഖത്തിൽ കൽപ്പന ലാജ്മി പറഞ്ഞു. "ഒരൊറ്റ കട്ട് പോലുമില്ലാതെ ഒറ്റയടിക്ക് ഷൂട്ട് ചെയ്ത രംഗം. പുലർച്ചെ നാല് മണിക്കായിരുന്നു അതിന്റെ ചിത്രീകരണം. രുദാലി കണ്ടവർ സിനിമയിലെ ഏറ്റവും മികച്ച രംഗമായി അത് എടുത്തുപറഞ്ഞപ്പോൾ അദ്ഭുതം തോന്നി. ഭുപേന്റെ ആലാപനത്തിന്റെ മാജിക് ആ രംഗത്തിന്റെ ഭാവതീവ്രത കൂട്ടിയിരിക്കാം..'' ഗുൽസാറും ഭുപേൻ ഹസാരികയും ചേർന്ന് സൃഷ്ടിച്ച വേറെയും പാട്ടുകൾ ഉണ്ടായിരുന്നു 'രുദാലി'യിൽ എങ്കിലും കാലത്തെ അതിജീവിച്ചത് "ദിൽ ഹൂം ഹൂം കരേ'' തന്നെ.
ഹസാരികയുടെ അസമിയ രചനയിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ദിൽ ഹൂം ഹൂം കരേ എന്ന ഹിന്ദി ഗാനത്തിന് ഗുൽസാർ നൽകിയിട്ടുള്ള കാൽപനിക ഭാവം. ഹൃദയം ഹൂം ഹൂം എന്ന് മിടിക്കുമ്പോഴും അസ്വസ്ഥതയുടെ കാർമേഘങ്ങൾ ഇരമ്പുമ്പോഴും ഞാൻ കാത്തിരിക്കുന്നു, എന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണീരെങ്കിലും ഇറ്റുവീഴാൻ.. എന്ന പല്ലവിയിൽ വിലക്കപ്പെട്ട പ്രണയത്തിന്റെ വേദന മുഴുവനുണ്ട്. "ആയിരക്കണക്കിന് പാട്ടുകൾ രചിക്കുകയും സ്വരപ്പെടുത്തുകയും പാടുകയും ചെയ്തിട്ടുണ്ട് ഞാൻ. എങ്കിലും ഇന്ത്യ മുഴുവൻ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത് ഈ ഒരൊറ്റ പാട്ടിലൂടെയാണ്..." - ഭുപേൻ ഒരിക്കൽ പറഞ്ഞു. വർണ്ണ-വർഗ വിവേചനങ്ങൾക്കും സാമൂഹ്യമായ ഉച്ചനീചത്വങ്ങൾക്കും എതിരേ പൊരുതാൻ അര നൂറ്റാണ്ടോളം സ്വന്തം ഗാനങ്ങളെ ശക്തമായ ആയുധങ്ങളാക്കി മാറ്റിയ ഭുപേൻദായ്ക്ക് മരണശേഷമാണ് രാഷ്ട്രം ഭാരതരത്നം പ്രഖ്യാപിച്ചത്.
2011 നവംബർ അഞ്ചിന് ഭുപേൻ ഹസാരിക ഓർമ്മയായി. 2018 സെപ്തംബർ 23-ന് കൽപ്പന ലാജ്മിയും. പക്ഷേ അവരുടെ സൃഷ്ടി ഇന്നും ഇന്ത്യക്കാരന്റെ ഹൃദയത്തിൽ സ്പന്ദിച്ചുകൊണ്ടിരിക്കുന്നു - ഹൂം ഹൂം എന്ന മോഹിപ്പിക്കുന്ന താളത്തിൽ.
Content Highlights: The legendary song 'Dil Hoom Hoom Kare' from the movie Rudaali holds a fascinating history—born from Bhupen Hazarika's original Assamese track Buku Hum Hum Kare, poet Gulzar adapted the lyrics by replacing the conventional 'Dhak Dhak' heartbeat with the soulful 'Hoom Hoom', creating an enduring musical masterpiece that defined Hazarika's nationwide legacy.
Published: 05 Nov 2026, 11:46 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented