ഒരു വെറും സിനിമാതാരമായിരുന്നില്ല, സ്വയം ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ തന്നെയായിരുന്നു ധര്‍മേന്ദ്ര.

ധർമേന്ദ്രയും ഹേമാമാലിനിയും
ജീവിതത്തില്‍ രണ്ട് ബലഹീനതകളാണുണ്ടായിരുന്നതെന്ന് ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട് ധര്‍മേന്ദ്ര. മദ്യപാനവും പ്രണയവും. കരിയര്‍ തന്നെ അപകടത്തിലാക്കിയ അമിതമദ്യപാനത്തെക്കുറിച്ചുള്ളൊരു ചോദ്യത്തിന് പണ്ടൊരിക്കല്‍, കാവ്യാത്മകമായിരുന്നു നിത്യഹരിതനായകന്റെ വേദനയും കുറ്റബോധവും കലര്‍ന്ന മറുപടി. 'പ്രണയം എന്നെ കൊന്നു, മദ്യവും. മദ്യമില്ലെങ്കില്‍ പ്രണയവുമില്ല. ഇതില്ലായിരുന്നെങ്കില്‍ ഈ ജീവിതം തന്നെ മറ്റൊന്നാകുമായിരുന്നു.'
ഷോലേയുടെ സെറ്റിലിരുന്ന് നായകന്‍ വീരു രഹസ്യമായി പന്ത്രണ്ട് കുപ്പി ബിയര്‍ ഒറ്റയിരിപ്പിന് അകത്താക്കിയ കഥ പണ്ടേ പാട്ടാണ് ബോളിവുഡില്‍. ആനന്ദിലെ വേഷം രാജേഷ് ഖന്നയ്ക്ക് കൊടുത്തതിൽ പരിഭവിച്ച് മദ്യലഹരിയിൽ ഒരു രാത്രി മുഴുവൻ ഫോൺ ചെയ്ത് ഋഷികേശ് മുഖർജിയുടെ ഉറക്കം കെടുത്തിയത് ധർമേന്ദ്ര തന്നെ കുമ്പസരിച്ച കഥ. കലങ്ങിമറിഞ്ഞ ആ കാലം കടക്കാന്‍ പാടേറെപ്പെട്ടു ധര്‍മേന്ദ്ര. അതേ സെറ്റില്‍ ഹേമമാലിനിക്കൊപ്പമുള്ള ഷോട്ട് പലവട്ടം റീട്ടേക്കെടുക്കാന്‍ അണിയറയിലെ സഹായികള്‍ക്ക് കൈമടക്ക് കൊടുത്ത കഥയും ഷോലെ പോലെ തന്നെ ഹിറ്റാണ് നിറംപിടിപ്പിച്ച കഥകള്‍ക്ക് പഞ്ഞമൊട്ടുമില്ലാത്ത ബോളിവുഡില്‍. അരങ്ങേറ്റചിത്രമായ തും ഹസീന്‍ മേ ജവാന്റെ സെറ്റില്‍ തന്നെ മൊട്ടിട്ടിരുന്നു ആരാധനയില്‍ വിരിഞ്ഞ അനുരാഗം എന്നാണ് ബിയോണ്ട് ദി ഡ്രീം ഗേള്‍ എന്ന ജീവിതകഥയില്‍ ഹേമമാലിനിയുടെ സാക്ഷ്യം. സെറ്റില്‍ ആ പൗരുഷം കണ്ടമാത്രയില്‍ തന്നെ ആകര്‍ഷണം തോന്നിയെന്ന് പറഞ്ഞത് ഹേമമാലിനി മാത്രമല്ല, ജയ ബച്ചന്‍ കൂടിയാണ്. അരങ്ങേറ്റചിത്രമായ ഗുഡ്ഡിയില്‍ ആദ്യമായി കണ്ണില്‍ക്കണ്ണില്‍ കണ്ടനേരം ഉള്ളിലൊരു കൊള്ളിയാന്‍ മിന്നിയ കഥ പറയുമ്പോള്‍ ഹേമമാലിനിയുമുണ്ടായിരുന്നു ഒപ്പം. അങ്ങനെ പൗരുഷവും പ്രണയവും മാത്രമല്ല, സിനിമയ്ക്ക് അവിഭാജ്യമായ ചേരുവകള്‍ പലതിന്റെയും സഞ്ചയമായിരുന്നു ധര്‍മേന്ദ്ര കേവല്‍ കൃഷന്‍ ഡിയോള്‍ എന്ന ലുധിയാനക്കാരന്‍.
രണ്ട് വര്‍ഷം മുന്‍പ് ധര്‍മേന്ദ്രഎക്സിൽ ഇട്ട ഫോട്ടോയ്ക്ക് താഴെ ഒരാളൊരു കമന്റിട്ടു. സ്ട്രഗിളിങ് സ്റ്റാര്‍ എന്നായിരുന്നു കമന്റിലെ സഹതാപവും പരിഹാസവും കലര്‍ന്ന വിശേഷണം. അതിനൊരു മറുപടിയിട്ടു, ധര്‍മേന്ദ്രയിലെ പഴയ കവി. ''ജീവിതം എപ്പോഴും ഒരു യാതനാപൂര്‍ണമായ പോരാട്ടമാണ്. നീയും ഞാനുമൊക്കെ ഇങ്ങനെ പൊരുതുകയാണ്. അത് അവസാനിപ്പിച്ച് വിശ്രമിക്കുകയെന്നാല്‍ നിങ്ങള്‍ സ്വപ്നങ്ങളെ സ്നേഹിക്കുന്നത് അവസാനിക്കുന്നു എന്നാണ്. സുന്ദരമായ ഈ യാത്ര അവസാനിക്കുന്നു'. ബോളിവുഡ് കൊണ്ടാടിയ ഈ മറുപടി കുറിക്കുമ്പോള്‍ ധര്‍മേന്ദ്രയ്ക്ക് പ്രായം എണ്‍പത്തിയേഴായിരുന്നു. അത് കഴിഞ്ഞ് പിന്നെയുമെത്തി ക്യാമറയ്ക്ക് മുന്നില്‍. അതിലൊരു ചിത്രം മരണാനന്തരം പുറത്തിറങ്ങാന്‍ ഒരുങ്ങിനില്‍ക്കുന്നു. അതിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇറങ്ങിയ ദിവസം തന്നെ ഒരു ബോളിവുഡ് ചിത്രത്തെ വല്ലുന്ന ചേരുവകള്‍ കൊണ്ട് സമ്പന്നമായ ആ ജീവിതത്തിന് തിരശ്ശീല വീണത് വല്ലാത്തൊരു വിധിനിയോഗമായി.
ഇരുപത്തിയൊന്നാം വയസ്സില്‍ ലുധിയാനയില്‍ നിന്ന് വണ്ടികയറിവന്ന് ദില്‍ ഭി തേരാ ഹം ഭി തേരെയില്‍ അമ്പത്തിയൊന്ന് രൂപയ്ക്ക് മുഖം കാട്ടി അരങ്ങേറ്റം കുറിച്ചയാള്‍ എഴുപത് വര്‍ഷത്തിനുശേഷം അമിതാഭ് ബച്ചന്റെ കൊച്ചുമകന്‍ അഗസ്ത്യ നന്ദയ്‌ക്കൊപ്പമുള്ള അവസാന വേഷത്തിന് കൈപ്പറ്റിയത് ഒരു കോടി രൂപയാണ്. അതും എണ്‍പത്തിയൊന്‍പതാം വയസ്സില്‍. ഇതില്‍പ്പരം മറ്റെന്ത് ബഹുമതി കാത്തുവെക്കണം കാലമൊരു ലെജന്‍ഡിന്. മദ്യവും പ്രണയവും പോലെ സിനിമയോടുള്ള പ്രണയം തന്നെയായിരുന്നു അവസാനശ്വാസംവരെ ധര്‍മേന്ദ്രയുടെ പ്രാണന്‍.
ദിലീപ് കുമാറും ദേവ് ആനന്ദും രാജേന്ദ്രകുമാറും സുനില്‍ ദത്തുമെല്ലാം കത്തിനിന്ന കാലത്താണ് ദില്‍ ബി തേര ഹം ഭി തേരേയിലെ കുഞ്ഞുവേഷത്തില്‍ ധർമേന്ദ്ര ബോളിവുഡില്‍ മുഖം കാണിക്കുന്നത്. കണ്ണീരും പ്രണയവും വളമാക്കി വന്‍മരങ്ങള്‍ വേരൂന്നി, ശിഖരംവിരിച്ചുനില്‍ക്കുന്ന ആ കാലത്തെ അതിജീവിക്കുക എളുപ്പമായിരുന്നില്ല, ഗോഡ്ഫാദര്‍മാരില്ലാത്ത, വംശമഹിമയില്ലാത്ത ഇരുപത്തിയഞ്ചുകാരന്‍ പുതുമുഖത്തിന്. മിന്നിമായുന്ന കുഞ്ഞുവേഷങ്ങള്‍ ഒരുപാട് കടന്നുപോയി വിലകുറഞ്ഞ ലോഡ്ജുകളില്‍ അന്തിയുറങ്ങിയ അക്കാലത്തെ ജീവിതത്തില്‍. മെലോഡ്രാമയും ചരിത്രാഖ്യായികളും കളംനിറഞ്ഞ കാലത്ത് ധർമേന്ദ്രയുടെ മാത്രമല്ല, ബോളിവുഡിന്റെ തന്നെ ഭാഗധേയം മാറ്റിമറിച്ചത് മീനാകുമാരിയുടെ ദയാവായ്പില്‍ പ്രണയോപഹാരം പോലെ വീണുകിട്ടിയ ഫൂല്‍ ഓര്‍ പത്തറാണ്. അതുപക്ഷേ ഒരു ചരിത്രനിയോഗമായി. ബോളിവുഡിന്റെ ഒരു യുഗത്തിന്റെ പിറവിയായി. ചോക്ലേറ്റ്, കണ്ണീര്‍ കാമുകന്മാരെ കണ്ടുപരിചയിച്ച ബോളിവുഡിന് ഷാക്കയെന്ന ക്രിമിനലിലേയ്ക്കുള്ള ധര്‍മേന്ദ്രയുടെ പരകായപ്രവേശം ഒരു അദ്ഭുതമായിരുന്നു. തേച്ചുമിനുക്കി ചന്തം വരുത്താത്ത പരുക്കന്‍ നായകരെ ബോളിവുഡ് കണ്ടുതുടങ്ങിയത് അത് മുതലാണ്. ദിലീപ് കുമാറിന്റെ ദുരന്തനായകരില്‍ നിന്നും ദേവ് ആനന്ദിന്റെ ഗ്രിഗറി പെക്ക് മോഡല്‍ സ്റ്റൈലിഷ് കാമുകരില്‍ നിന്നുമെല്ലം ഷാക്ക തലപ്പൊക്കത്തോടെ വേറിട്ടുനിന്നു. അത് ധര്‍മേന്ദ്രയ്ക്ക് മുന്നില്‍ തുറന്നിട്ടത് അന്നോളമാരും സഞ്ചരിക്കാന്‍ ചങ്കൂറ്റം കാട്ടാതിരുന്ന പുതിയൊരു പാതയാണ്. സമ്മാനിച്ചത് കണ്ടുപരിചിതമല്ലാത്ത ഒരു പുതിയ പ്രതിച്ഛായയാണ്.
ഇടിമിന്നല്‍ പോലെയായിരുന്നു ആ വരവ്. നഗ്‌നമായ നെഞ്ച് പ്രദര്‍ശിപ്പിക്കുന്ന, മസില്‍ പെരുപ്പിച്ച പരുക്കന്‍ നായകനെ കണ്ട് തിയേറ്ററുകള്‍ ഇളകിമറിഞ്ഞു. ബോക്‌സ് ഓഫീസ് നിറഞ്ഞുകവിഞ്ഞു. രാഷ്ട്രീയ അസ്ഥിരതകളില്‍ ആശയറ്റൊരു തലമുറയ്ക്ക് അയാളുടെ നായകര്‍ വിശ്വസ്തരായ അഭയകേന്ദ്രമായി. രാഷ്ട്രീയ, സാമൂഹിക അസ്ഥിരതകള്‍ കലുഷമാക്കിയ കാലത്ത് യുവാക്കള്‍ കാത്തുനിന്ന നായകരൂപത്തിലേയ്ക്ക് ക്ഷണത്തില്‍ അയാള്‍ പരകായപ്രവേശം ചെയ്തു. അവരാ പൗരുഷത്തിന് മുന്നില്‍ വണങ്ങി അയാള്‍ക്ക് ബോളിവുഡിന്റെ ഹീ മാന്‍ എന്നൊരു വിശേഷണം ചാര്‍ത്തിക്കൊടുത്തു. നെഞ്ചുവിരിച്ച പൗരുഷം ചമച്ച അഭ്രഭാഷയിലേയ്ക്ക് ബോളിവുഡിന്റെ മെലോഡ്രാമ എളുപ്പം പരാവര്‍ത്തനം ചെയ്യുന്നതാണ് പിന്നീട് വെള്ളിത്തിര കണ്ടത്. ബോക്‌സ് ഓഫീസിന് അതൊരു അനിവാര്യ ചേരുവയായി. ഋഷി കപൂറിന്റെ പ്ലേ ബോയ് നായകര്‍ക്കും രാജേഷ് ഖന്നയുടെ പ്രണയനായകര്‍ക്കും ശശി കപൂറിന്റെ കണ്ണീര്‍ കുടുംബനാഥര്‍ക്കും മേലെ ധര്‍മേന്ദ്രയുടെ പൗരുഷം തലപ്പൊക്കത്തോടെ നിന്നു.
ബിമല്‍ റോയിയുടെ ബാന്ദിനിയിലെയും ഋഷികേശ് മുഖര്‍ജിയുടെ അനുപമയും സത്യകവും ഗുഡ്ഡിയുമെല്ലാമാണ് ഇന്ത്യന്‍ സിനിമയുടെ ഐക്കോണിക്ക് ചേരിയില്‍ ധര്‍മേന്ദ്രയിലെ അഭിനേതാവിന് ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. എന്നാല്‍, ധര്‍മേന്ദ്രയെന്ന താരത്തെ ബോളിവുഡിന്റെ അവിഭാജ്യ ഘടകമാക്കിയത് പൗരുഷം നിറഞ്ഞാടിയ ഷോലെയും ഫൂല്‍ ഓര്‍ പത്തറും മേരെ ഗാവോ മേര ദേശയും ധരം വീറും ലോഫറും പ്രതിഗ്യയും കാത്തിലോം കേ താത്തിലും ആംഖേനും ചരസും ഗുലാമിയും പോലെ പൗരുഷം നിറഞ്ഞാടിയ മാസ് മസാല ഹിറ്റുകളായിരുന്നു. ബോക്‌സ് ഓഫീസ് സമ്പന്നമായതോടെ അതൊരു ട്രെന്‍ഡ് സെറ്ററുമായി. സല്‍മാന്‍ ഖാനും ടൈഗര്‍ ഷ്രാഫും വരെയുള്ള മസില്‍മാന്മാരുടെ സമ്പന്നമായൊരു വംശാവലിക്കാണ് ഈ വേഷങ്ങള്‍ വിത്തിട്ടത്. ഏഴുപതുകളില്‍ ബിഗ് ബി അമിതാഭ് ബച്ചന്റെ ക്ഷുഭിതയൗവ്വനത്തിനുള്ള വിളനിലമൊരുക്കിയതും ധര്‍മേന്ദ്രയുടെ ഈ ആദ്യകാല വേഷങ്ങള്‍ തന്നെ.
മനോജ് കുമാറോ രാജേന്ദ്രകുമാറോ രാജേഷ് ഖന്നയെയോ അമിതാഭ് ബച്ചനെയോ പോലുള്ള സമകാലികരെ അപ്രസക്തരാക്കി ഏകഛത്രാധിപതിയായി വാണ താരമായിരുന്നില്ല ധര്‍മേന്ദ്ര. ഈ ന്യൂനത സ്വന്തമായൊരു സിനിമ ഹിറ്റാക്കാന്‍ ശേഷിയില്ലെന്ന് പില്‍ക്കാല പഴിക്ക് വഴിവെച്ചത് ചരിത്രം. എന്നാല്‍, ഈഗോയോ സഹതാരങ്ങളുമായി താരഭാരത്തിന്റെയോ ഏച്ചുകൂട്ടലില്ലാതെ ഇത്രമേല്‍ ഇഴുകിച്ചേര്‍ന്നൊരാള്‍ ബോളിവുഡില്‍ വേറെയില്ല എന്നതിന് എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും പിറന്ന മള്‍ട്ടിസ്റ്റാര്‍ നിത്യഹരിത ക്ലാസിക്കുകള്‍ സാക്ഷ്യം. ഷോലെ (അമിതാഭ് ബച്ചന്‍), യാദോം കി ഭാരത് (വിജയ് അറോറ), ചുപ്‌കെ ചുപ്‌കെ (ഓം പ്രകാശ്), ബേണിങ് ട്രെയിന്‍ (ജിതേന്ദ്ര), രാജ്പുത് (രാജേഷ് ഖന്ന)... ദൃഷ്ടാന്തങ്ങള്‍ ഏറെയാണ് ഹിറ്റ്ചാര്‍ട്ടില്‍. പ്രതാപകാലം കഴിഞ്ഞ് മുതിര്‍ന്ന വേഷങ്ങള്‍ ചെയ്ത കാലത്ത് ഗോവിന്ദയ്ക്കും സല്‍മാന്‍ ഖാനും സഞ്ജയ് ദത്തിനും മക്കളായ ബോബിക്കും സണ്ണിക്കും ബച്ചന്‍ കുടുംബത്തിലെ ഇളമുറക്കാരന്‍ അഗസ്ത്യ നന്ദയ്‌ക്കൊപ്പം പോലും സ്വാഭാവികമായി ഇഴചേരാന്‍ ധര്‍മേന്ദ്രയ്ക്ക് കഴിഞ്ഞു. താരപ്പകിട്ടിന്റെ കഴുത്തറപ്പന്‍ മത്സരങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ബോളിവുഡില്‍ ഇത് വേറിട്ടൊരു രസതന്ത്രമായി. ധര്‍മേന്ദ്ര-ബച്ചന്‍ ടീമിന്റെ വീരു-ജയ് കോമ്പോ വെട്ടിമാറ്റിയാല്‍ ഷോലെ എത്രമാത്രം ശൂന്യമായിപ്പോകുമായിരുന്നുവെന്ന് അമ്പതാണ്ടിനിപ്പുറം ചിന്തിക്കുന്നത് കൗതുകകരമാണ്.
ഇതേ നൈസര്‍ഗികമായ ഇഴുകിച്ചേരലും ലയവും നടികള്‍ക്കൊപ്പവും സാധ്യമായതാണ് നിതഹ്യഹരിത കാമുകന്റെ കുപ്പായം അത്രമേല്‍ ധര്‍മേന്ദ്രയ്ക്ക് പാകമാവാന്‍ കാരണം. വിഭജനം വെട്ടിമുറിച്ച ആദ്യാനുരാഗത്തിന്റെ വേദന ഉള്ളിലൊതുക്കി ബോളിവുഡിലേയ്ക്ക് വണ്ടികയറുംമുന്‍പേ തന്നെ വിവാഹിതനായിരുന്നു ധരം. എന്നിട്ടും സ്‌ക്രീനിലും പുറത്തും ആരാധകരുടെ മാത്രമല്ല, സഹതാരങ്ങളുടെ പോലും ഹൃദയം കവരാനും ധര്‍മേന്ദ്രയ്ക്ക് കഴിഞ്ഞു. ഫൂല്‍ ഓര്‍ പത്തറിലെ വേഷത്തിന് പുതുക്കക്കാരനായ ധര്‍മേന്ദ്രയെ ശുപാര്‍ശ ചെയ്യാന്‍ ദുരന്തനായിക മീന കുമാരിയെ പ്രേരിപ്പിച്ചത് ഉള്ളില്‍ മൊട്ടിട്ട പ്രണയമായിരുന്നുവെന്നത് ചൂടുള്ളൊരു അടക്കംപറച്ചിലായിരുന്നു കാലങ്ങളോളം. സംവിധായകന്‍ കമാല്‍ അംറോഹിയുമായുള്ള ദാമ്പത്യം തകര്‍ന്നുതുടങ്ങിയ വിരഹകാലത്താണ് ഈ ബന്ധം ഊഷ്മളമായത്. യാസിര്‍ അബ്ബാസിയുടെ ഉന്‍ ദിനോന്‍ കി ബാത്ത് ഹൈ എന്ന പുസ്തകത്തില്‍ നര്‍ഗീസ് ഈ ബന്ധത്തെ വികാരനിര്‍ഭരമായി വിവരിച്ചിട്ടുണ്ട്. മീന ആരെയെങ്കിലും അത്രയും ആര്‍ദ്രമായി പ്രണയിച്ചിട്ടുണ്ടെങ്കില്‍ അത് ധര്‍മേന്ദ്രയെയാണ്. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ സമയം എന്നാണ് അവര്‍ ആ കാലത്തെ വിശേഷിപ്പിച്ചതെന്നും എഴുതി നര്‍ഗീസ്.
ഫൂല്‍ ഓര്‍ പത്തര്‍, ചന്ദന്‍ ക പാല്‍ന, മജില്‍ ദീദി, പൂര്‍ണിമ തുടങ്ങിയ ഒന്നിച്ചുള്ള ചിത്രങ്ങളിലൂടെ ആ ബന്ധം വളര്‍ന്നു. ധര്‍മേന്ദ്രയോടുള്ള കമാല്‍ അംറോഹിയുടെ വിദ്വേഷത്തിനും ഈ ബന്ധം തന്നെയായിരുന്നു കാരണം. മീനാകുമാരിയുടെ മരണശേഷം റസിയ സുല്‍ത്താന എന്ന അംറോഹിയുടെ പില്‍ക്കാല ചിത്രത്തില്‍ ഒരു അടിമയുടെ ഗ്ലാമറില്ലാത്ത വേഷം കൊടുത്ത് ധര്‍മേന്ദ്രയെ മാനംകെടുത്താന്‍ വരെ ശ്രമിച്ചു, കമാല്‍. ദേഹമാകെ മണ്ണും കറുത്ത ചായവും തേച്ച് പൊരിവെയിലില്‍ നിര്‍ത്തിയായിരുന്നുവത്രെ ചിത്രീകരണം. ആ ബന്ധം ഏറെ നീണ്ടില്ല. മീനാകുമാരിയുടെ ജീവിതം ഒടുവില്‍ ഏകാന്ത ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു.
വേഷമിട്ട് സിനിമകളെപ്പോലും കടത്തിവെട്ടുന്നതായിരുന്നു ഹേമമാലിനിയുമായുള്ള പ്രണയവും വിവാഹവും. ഒന്നിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയ ആദ്യ ചിത്രമായ തും ഹസീന്‍ മേ ജവാന്റെ സെറ്റിലെ സൗഹൃദത്തില്‍ തുടങ്ങി പ്രണയമായി വളര്‍ന്നതാണ് ഡ്രീം ഗേളുമായുള്ള ബന്ധം. നയാ സമാന, സീത ഓര്‍ ഗീത, രാജ ജട്ടനി, ജുഗ്‌നു, പത്തര്‍ ഓര്‍ പായല്‍, പ്രതിഗ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡ് ആഘോഷിച്ച, സ്വപ്‌നം കണ്ട രസതന്ത്രം പ്രണയമായി വളര്‍ന്നു. ഷോലെയില്‍ എത്തിയപ്പൊഴേയ്ക്കും അത് ക്ലൈമാക്‌സിലെത്തിക്കഴിഞ്ഞിരുന്നു.
ഷോലെയിലെ താക്കൂര്‍ സഞ്ജീവ് കുമാറുമായി ഹേമ അടുത്ത ബന്ധം പുലര്‍ത്തുന്ന കാലംകൂടിയായിരുന്നു അത്. സഞ്ജീവിന്റെ അമ്മയായിരുന്നു വിവാഹത്തിന് തടസ്സം. സിനിമ ഉപേക്ഷിക്കുകയെന്ന അമ്മയുടെ കടുംപിടിത്തത്തില്‍ ആ ബന്ധം ഉലഞ്ഞുതകര്‍ന്നു. ഇതോടെ ധര്‍മേന്ദ്രയ്ക്ക് മുന്നില്‍ ആ ഹൃദയവാതില്‍ മലര്‍ക്കെ തുറക്കപ്പെട്ടു. ഷോലെയില്‍ മറ്റാരെങ്കിലും ഹേമയുമായി അടുക്കാതിരിക്കാന്‍ സദാ ജാഗരൂകനായിരുന്നുവെന്നുമുണ്ടായിരുന്നു അക്കാലത്തൊരു കഥ.
ധര്‍മേന്ദ്രയുമായുള്ള അടുപ്പത്തിന് ശക്തമായി എതിരായിരുന്നു ഹേമയുടെ അമ്മ ജയ ചക്രവര്‍ത്തി. ജീതേന്ദ്രയെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു അവരുടെ ഉള്ളില്‍. എന്നാല്‍, ബാല്യകാല സുഹൃത്തായ ശോഭയുമായി പ്രണയത്തിലായിരുന്ന ജിതേന്ദ്ര പിടികൊടുത്തില്ല. എങ്കിലും അക്കാലത്ത് ഹേമ ജിതേന്ദ്രയുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനോട് വലിയ താത്പര്യമുണ്ടായിരുന്നില്ല ധര്‍മേന്ദ്രയ്ക്ക്.
ഒടുവില്‍ ഹേമ തന്നെയാണ് വിവാഹത്തിന് മുന്‍കൈയെടുത്തത്. വലിയ എതിര്‍പ്പായിരുന്നു സിനിമാലോകത്തും പുറത്തും. ഫസ്റ്റ് ലേഡി ഓഫ് സെക്കന്‍സ് മാര്യേജസ് എന്നായിരുന്നു തനിക്ക് അക്കാലത്ത് ലഭിച്ച പരിഹാസവിശേഷണമെന്ന് സിമി ഗ്രേവാളിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഹേമ പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായും ധര്‍മേന്ദ്രയുടെ വീട്ടിലും എതിര്‍പ്പുകള്‍ക്ക് ക്ഷാമമുണ്ടായില്ല. ഈ വിവാദങ്ങളില്‍ നിന്നെല്ലാം അവസാന കാലം വരെ വിട്ടുനില്‍ക്കുകയായിരുന്നു ഭാര്യ പ്രകാശ് കൗര്‍. 'ധര്‍മേന്ദ്ര നല്ലൊരു ഭര്‍ത്താവായിരുന്നില്ല, പക്ഷേ നല്ലൊരു അച്ഛനായിരുന്നു-സ്റ്റാര്‍ ഡസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ഒരിക്കല്‍ പറഞ്ഞു.
ഇതിനിടെ ആദ്യഭാര്യയുമായി നിയമപരമായി പിരിയാതെ രണ്ടാമതും വിവാഹം കഴിക്കാനായി ധര്‍മേന്ദ്രയും ഹേമമാലിനിയും മതംമാറിയെന്നും വാര്‍ത്ത പരന്നു. 2004ലെ പൊതുതിരഞ്ഞെടുതില്‍ ബികാനിറില്‍ നിന്ന് മത്സരിക്കാനൊരുങ്ങിയപ്പോള്‍ കഥ വീണ്ടും ചൂടുപിടിക്കുകയും ചെയ്തു. മാസികകളില്‍ തെളിവടക്കം നിരത്തപ്പെട്ടു. എന്നാല്‍, മരണം വരെ ധര്‍മേന്ദ്ര ഈ കഥകളൊന്നും സ്ഥിരീകരിച്ചിരുന്നില്ല.
വിവാഹിതരായിന്നെങ്കിലും അവര്‍ പലപ്പോഴും ഒന്നിച്ചായിരുന്നില്ല താമസം. ധര്‍മേന്ദ്രയുടെ കുടുംബം ശിഥിലമാകാതിരിക്കാന്‍ ഹേമമാലിനി ആ ജീവിതത്തില്‍ നിന്ന് ബോധപൂര്‍വം തന്നെ മാറിനടന്നു. ഇതിനെക്കുറിച്ച് വേദനയോടെ ഒരിക്കല്‍ ഹേമ തുറന്നുപറഞ്ഞിട്ടുണ്ട്.
രാഖിയും അനിത രാജുമായിരുന്നു സ്‌ക്രീനിലെ ധര്‍മേന്ദ്രയുടെ ശ്രദ്ധേയരായ മറ്റ് രണ്ട് ജോഡികള്‍. ജീവന്‍മൃത്യുവും ബ്ലാക്ക്‌മെയിലും പോലുള്ള ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ മനംകവര്‍ന്ന ജോഡികളായി അവര്‍. എന്നാല്‍, അതായിരുന്നില്ല നൗക്കര്‍ ബീവി കാ, ജീനെ നഹീ ദംഗാ, കരിഷ്മ കുദ്രത് കാ തുടങ്ങിയ ചിത്രങ്ങളിലെ സഹതാരം അനിത രാജിന്റെ കഥ. ഹേമാമാലിനിയെ വിവാഹം കഴിച്ചതിനുശേഷമാണ് ധര്‍മേന്ദ്ര അനിതയുമായി ബന്ധത്തിലാവുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍ ബോളിവുഡ് ഗോസിപ്പുകളിലെ ചൂടേറിയ വിഭവമായിരുന്നു ഇവരുടെ ബന്ധം. ധര്‍മേന്ദ്രയെക്കാള്‍ ഇരുപത്തിയേഴ് വയസ്സിന് ഇളയതായിരുന്നു അനിത. ഒന്നിച്ച് യാത്ര ചെയ്യുന്നതെല്ലാം അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. ധര്‍മേന്ദ്ര അനിതയെ പല ചിത്രങ്ങള്‍ക്കും ശുപാര്‍ശ ചെയ്തുവെന്നും അക്കാലത്ത് ഗോസിപ്പ് പരന്നു. ഒടുവില്‍ ഹേമമാലിനി തന്നെ നേരിട്ട് ഇടപെട്ടാണ് ആ ബന്ധത്തിന് അറുതിവരുത്തിയത് എന്നാണ് കഥ. ധര്‍മേന്ദ്രയുമായി പിരിഞ്ഞ അനിത കരിഷ്മ കുദ്രത് കായുടെ സംവിധായകന്‍ സുനിലിനെ വിവാഹം കഴിച്ചതോടെയാണ് കഥകളൊക്കെ കെട്ടടങ്ങിയത്.
ആശാ പരേഖായിരുന്നു സ്‌ക്രീനില്‍ ധര്‍മേന്ദ്രയുടെ മറ്റൊരു രാശിയുള്ള പ്രണയനായിക. മേരാ ഗാവോന്‍ മേരാ ദേശും ആയാ സാവാന്‍ ജൂം കേയും പോലുള്ള ചിത്രങ്ങളില്‍ വെള്ളിത്തിരയിലെ അവരുടെ പ്രണയം ബോളിവുഡ് കൊണ്ടാടിയെങ്കിലും ഈ സൗഹൃദം സ്‌ക്രീനിന് പുറത്തേയ്ക്ക് വഴിവിട്ട് വളരാതിരിക്കാനുള്ള കരുതലെടുത്തിരുന്നു ഇരുവരും. ജീവിതത്തിലുടനീളം അവിവാഹിതയായി തുടര്‍ന്ന ആശ അവസാന വരെ പഴയ നായകനോടുള്ള സ്‌നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കുകയും ചെയ്തു. ആശയുടെ നിര്‍ബന്ധം കാരണമാണ് ധര്‍മേന്ദ്ര ജീവിതം തന്നെ മാറ്റിമറിച്ച മദ്യപാനത്തോട് വിടപറഞ്ഞതെന്നും ഒരു കഥയുണ്ട്.
ഇന്ത്യന്‍ സിനിമ ഹിറ്റുകളായും ഫ്‌ളോപ്പുകളായും പലവിധത്തില്‍ കൊണ്ടാടിയവയാണ് ധര്‍മേന്ദ്രയുടെ ലഹരികളും ബലഹീനതകളുമെല്ലാം. ഒരു വെറും സിനിമാതാരമായിരുന്നില്ല, സ്വയം ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ തന്നെയായിരുന്നു ധര്‍മേന്ദ്ര.
Content Highlights: life story of bollywood actor dharmendra, love life, hema malini
Published: 24 Nov 2025, 08:36 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented