ഛായാഗ്രാഹകൻ ഷാജികുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തങ്ങൾക്ക് നഷ്ടമായത് കേവലം ഒരു ഛായാഗ്രാഹകനെ മാത്രമല്ലെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. സിനിമയിൽ സ്‌നേഹിച്ച, തന്റെ ജോലിയോട് എന്നും ആത്മാർഥത പുലർത്തിയ സഹപ്രവർത്തകനെയാണ് നഷ്ടമായത്. ഓരോ കഥയുടെയും ആത്മാവും കഥാപാത്രത്തിന്റെ കരുത്തും വികാരങ്ങളുമായിരുന്നു ഷാജികുമാർ പകർത്തിയത്. പകർത്തിയ ഫ്രെയിമുകളിലൂടെ എന്നും ഷാജികുമാർ ജീവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

To advertise here,

ഷാജികുമാർ ഒടുവിൽ ക്യാമറ ചലിപ്പിച്ച റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്ന് സുരേഷ് ഗോപി നായകനായ 'ഒറ്റക്കൊമ്പൻ' ആണ്. 'ഒറ്റക്കൊമ്പന്റെ' നട്ടെല്ല് ഷാജികുമാറിന്റെ ദൃശ്യങ്ങളാണ്. സിനിമയുടെ ഓരോ ഫ്രെയിമിലും അദ്ദേഹത്തിന്റെ അധ്വാനവും ആത്മാർഥതയും സ്വപ്നവുമുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഷാജീ...

ചില വിയോഗങ്ങൾ അങ്ങനെയാണ്. എത്ര എഴുതിയാലും മനസിലെ വേദനയ്ക്ക് വാക്കുകളാകില്ല. ഷാജി ഇനിയില്ല എന്ന യാഥാർഥ്യം ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല.

സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ച നാളുകളിലെ ഓർമകൾ മനസിലേക്ക് ഓടിയെത്തുകയാണ്. ക്യാമറയ്ക്ക് പിന്നിൽ നിന്നുകൊണ്ട് ഷാജി പകർത്തിയത് വെറും ദൃശ്യങ്ങളായിരുന്നില്ല; ഓരോ കഥയുടെയും ആത്മാവും ഓരോ കഥാപാത്രത്തിന്റെയും കരുത്തും വികാരങ്ങളും ആയിരുന്നു. ഒരു മികച്ച ഛായാഗ്രാഹകൻ എന്നതിലുപരി, സിനിമയെ അതിന്റെ പൂർണതയിൽ മനസിലാക്കിയ, ഓരോ ഫ്രെയിമിലും സ്വന്തം കാഴ്ചപ്പാടും ആത്മാവും പകർന്നുനൽകിയ അപൂർവ പ്രതിഭയായിരുന്നു ഷാജി.

ഒറ്റക്കൊമ്പനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് ഷാജിയുടെ അതിമനോഹരമായ വിഷ്വലൈസേഷനാണ്. ആ സിനിമയുടെ നട്ടെല്ലായി നിൽക്കുന്നത് ഷാജിയുടെ ദൃശ്യസങ്കൽപ്പങ്ങളും ഛായാഗ്രഹണ മികവുമാണ്. ഒരു കഥാപാത്രത്തിന്റെ കരുത്തും കഥയുടെ വലിപ്പവും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിക്കാൻ ഷാജിയുടെ ക്യാമറയ്ക്ക് കഴിയുമായിരുന്നു. ആ സിനിമയുടെ ഓരോ ഫ്രെയിമിലും ഷാജിയുടെ അധ്വാനവും ആത്മാർഥതയും സ്വപ്‌നവുമുണ്ട്.

ഒരു കലാകാരൻ വിടപറയുമ്പോഴും അയാളുടെ കല മരിക്കുന്നില്ലെന്ന് ഷാജി പകർത്തിയ ഓരോ ഫ്രെയിമും വരുംതലമുറകളോട് പറഞ്ഞുകൊണ്ടിരിക്കും. പക്ഷേ, ഞങ്ങൾക്കിനി നഷ്ടമായത് ഒരു മികച്ച ഛായാഗ്രാഹകനെ മാത്രമല്ല; സിനിമയെ ഇത്രമേൽ സ്‌നേഹിച്ച, തന്റെ ജോലിയോട് അത്രമേൽ ആത്മാർഥത പുലർത്തിയ ഒരു പ്രിയപ്പെട്ട സഹപ്രവർത്തകനെയാണ്.

ഷാജീ... നിങ്ങളുടെ ക്യാമറ ഇനി ചലിക്കില്ലായിരിക്കാം. പക്ഷേ, ഷാജി പകർത്തിയ ഫ്രെയിമുകളിലൂടെ ആ പ്രതിഭ എന്നും ജീവിക്കും.

ഷാജിയുടെ അകാല വിയോഗത്തിൽ ഹൃദയത്തിന്റെ ഭാഷയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രിയപ്പെട്ട ഷാജിക്ക് ആദരാഞ്ജലികൾ.