താരസംഘടന 'അമ്മ'യിലെ ചേരിപ്പോര് പരോക്ഷമായി സൂചിപ്പിച്ച് നടൻ റോണി ഡേവിഡ് രാജിനെതിരെ ട്രോളുമായി ധ്യാൻ ശ്രീനിവാസൻ. 'വിസിറ്റർ' എന്ന ചിത്രത്തിന്റെ പൂജാച്ചടങ്ങിന് 'എസ്' എന്നെഴുതിയ ടീഷർട്ട് ധരിച്ചെത്തിയ റോണിയെയാണ് ധ്യാൻ പരിഹസിച്ചത്. റോണിയുടെ ടീഷർട്ടിലെ 'എസ്', സൂപ്പർമാന്റേത് അല്ലെന്നും ശ്വേതാ മേനോനെ സൂചിപ്പിക്കുന്നതാണെന്നും ധ്യാൻ പറഞ്ഞു.
'റോണി ചേട്ടൻ 'എസ്' എന്ന് എഴുതിയ ഷർട്ട് ഇട്ടിട്ടാണ് വന്നത്. അത് സൂപ്പർമാൻ അല്ല, ശ്വേത ചേച്ചിയാണ്. ശ്വേതയുടെ എസ്', എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ. നടന്റെ വാക്കുകൾ സദസ്സിൽ ചിരിപടർത്തി.
പിന്നാലെ പ്രസംഗിച്ച റോണി, ധ്യാനിന് മറുപടിയുമായെത്തി. സൂപ്പർമാൻ എന്ന വാക്കിന് പകരം ശ്വേതാ മേനോൻ എന്ന് വിപുലീകരിച്ച ലോകത്തെ ആദ്യത്തെ വ്യക്തി ധ്യാൻ ശ്രീനിവാസൻ ആയിരിക്കുമെന്ന് റോണി പറഞ്ഞു.
'എ മുതൽ ഇസഡ് വരെ 26 അക്ഷരങ്ങളിൽ ഏതോ കഷ്ടകാലത്തിന് എസ് ഇട്ടു. പക്ഷേ, സൂപ്പർമാൻ എന്ന വാക്കിന് പകരം ശ്വേതാ മേനോൻ എന്ന് പറഞ്ഞ ലോകത്തെ ആദ്യത്തെ വ്യക്തി ധ്യാൻ ശ്രീനിവാസൻ ആയിരിക്കും', റോണിയുടെ വാക്കുകൾ.
താരസംഘടനയിലെ ഭരണപ്രതിസന്ധിയിൽ ശ്വേതാ മേനോൻ പക്ഷത്തിനൊപ്പമാണ് റോണി. രാജിവെച്ച ശ്വേതയ്ക്ക് പിന്തുണയുമായി റോണി രംഗത്തെത്തിയിരുന്നു. ശ്വേത പ്രസിഡന്റ് ആയ ഭരണസമിതിയിൽ എക്‌സിക്യൂട്ടീവ് അംഗമാണ് റോണി.
അതേസമയം, 'അമ്മ' പ്രസിഡന്റാവാൻ താനില്ലെന്ന് ചടങ്ങിൽ ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. 'അമ്മ' നേതൃത്വത്തിലേക്ക് ധ്യാൻ വരണമെന്ന ആവശ്യം പരസ്യമായി ഉയരുന്നതിനിടെയാണ് നടൻ നിലപാട് വ്യക്തമാക്കിയത്.
'ഓസ്‌ട്രേലിയയിലിരിക്കുമ്പോഴാണ് ഞാൻ 'അമ്മ'യുടെ നേതൃസ്ഥാനത്തേക്ക് വന്നേക്കും എന്ന തരത്തിലുള്ള വാർത്തകളൊക്കെ വരുന്നത്. അയർലൻഡിൽ ലാലേട്ടൻ ഷോയ്ക്ക് തയാറെടുത്ത് നിൽക്കുമ്പോൾ കാണുന്ന വാർത്ത അമ്മ പ്രസിഡന്റാവാൻ ഞാൻ സന്നദ്ധത അറിയിച്ചു എന്നാണ്', ധ്യാൻ പറഞ്ഞു.
'അതിനിടയിൽ എന്റെ അമ്മ പറഞ്ഞു, മോനേ നീ 'അമ്മ' സംഘടനയുടെ പ്രസിഡന്റാകാൻപോകുകയാണെന്ന് കേട്ടു. അതൊരിക്കലും പാടില്ലെന്ന്. അച്ഛൻ ഒരിക്കലും അതാകാതിരുന്നതിനുള്ള കാരണം സ്‌ട്രെയിറ്റ് ഫോർവേർഡ് ആയ ആളുകൾക്ക് ആ സ്ഥാനത്തിരിക്കാൻ പറ്റില്ല. കാരണം ചില കാര്യങ്ങളിൽ നമ്മൾ കണ്ണടക്കേണ്ടി വരുമെന്നും അമ്മ പറഞ്ഞു. ഒരിക്കലും ആകണമെന്ന് ആഗ്രഹിക്കാത്ത അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഞാൻ രാജിവെക്കുന്നു', നടൻ കൂട്ടിച്ചേർത്തു.
ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന പുതിയ ചിത്രമാണ് 'വിസിറ്റർ'. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഔറിക ഫിലിംസ് ബാനറിൽ അബ്ദുൽ ഗഫൂറാണ്. അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവര് ചിത്രത്തിന്റെ സഹനിർമാതാക്കൾ. നീതു മാത്യു ആണ് ചിത്രം രചിച്ചിരിക്കുന്നത്. ഹൊറർ ചിത്രമായാണ് 'വിസിറ്റർ' ഒരുക്കുന്നത്.
സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി. വാര്യർ, കെ.പി.എ.സി. ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായാണ് ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുന്നത്.
Content Highlights: Actor Dhyan Sreenivasan humorously trolled Rony David Raj during the pooja ceremony of their upcoming movie 'Visitor' by linking the 'S' alphabet on Rony's t-shirt to actress Shwetha Menon. The joke directly referenced the ongoing internal friction within the Malayalam movie artists' association, 'AMMA', where Rony strongly supports Shwetha Menon's faction. Replying to the troll, Rony wittily remarked that Dhyan might be the first person in the world to expand the word 'Superman' into 'Shwetha Menon'. During the same event, Dhyan firmly rejected rumors of him becoming the next 'AMMA' president, revealing that his mother strictly advised him against it due to the compromises the post demands. The movie 'Visitor', directed by Rahul Muralidharan, is a horror flick that marks the first-ever on-screen collaboration of powerhouse talents Urvashi, Navya Nair, and Dhyan Sreenivasan
Published: 16 Jul 2026, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented