കൊച്ചി: താരസംഘടന 'അമ്മ'യിലെ തർക്കങ്ങളെത്തുടർന്നുള്ള പരാതികളിൽ പരിഹാസവുമായി ഹൈക്കോടതി. സംഘടനയിലെ കേസുകൾക്കുവേണ്ടി പ്രത്യേക കോടതി വേണ്ടിവരുമല്ലോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഒരുപാട് പരിഗണിക്കാനുള്ളപ്പോൾ ഇത്തരം പ്രശ്‌നങ്ങൾ തീർക്കാനല്ലേ സമയമുള്ളൂവെന്ന് കോടതി ചോദിച്ചു. തനിക്കെതിരായ പരാതിയിൽ എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കവെയാണ് ചോദ്യം.

To advertise here,

ലക്ഷ്മിപ്രിയയുടെ ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കുശേഷം കോടതി കേസ് പരിഗണിക്കും. തനിക്കെതിരെ കോടതി നിർദേശപ്രകാരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ലക്ഷ്മിപ്രിയയുടെ ആവശ്യം.

സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ ലക്ഷ്മിപ്രിയയുടെ പേരിൽ പാലാരിവട്ടം പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

ALSO READ | അൻസിബയുടെ പരാതി: നടി ലക്ഷ്മിപ്രിയയുടെ പേരിൽ പോലീസ് കേസെടുത്തു

അൻസിബയുടെ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. തനിക്കെതിരെ ലക്ഷ്മിപ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചായിരുന്നു അൻസിബ പോലീസിനെ സമീപിച്ചത്. പരാതിയിൽ കേസെടുക്കാതിരുന്നതോടെ മജിസ്‌ട്രേറ്റ് കോടതിയെയും തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചു.

പരാതി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിർദേശം നൽകുകയായിരുന്നു. താരസംഘടനയായ 'അമ്മ'യുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയായിരുന്നു അൻസിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്‌നങ്ങൾ പുറത്തുവന്നത്.