
ചെന്നൈ: പ്രമുഖ സംവിധായകൻ കെ. ബാലചന്ദറിന്റെ സിനിമാ കളരിയിൽ ഹരിശ്രീകുറിച്ച ഡൽഹി ഗണേശിന് ഏത് വേഷവും വഴങ്ങും. 1977-ൽ പുറത്തിറങ്ങിയ ‘പട്ടിണപ്രവേശം’ മുതൽ ഈവർഷം റിലീസ് ചെയ്ത ‘ഇന്ത്യൻ-2’ വരെയുള്ള സിനിമകൾ ഇത് അടിവരയിടുന്നു.
പിൽക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റ് രണ്ട് നടന്മാരുടെകൂടി ആദ്യ തമിഴ് സിനിമയാണ് ‘പട്ടിണപ്രവേശം’. ശിവചന്ദ്രനും ശരത്ബാബുവുമാണ് ഇൗ നടന്മാർ. ഇവരെപ്പോലെത്തന്നെ അധികം വൈകാതെ ഗണേശും തമിഴ്‌സിനിമയിലെ അവിഭാജ്യഘടകമായി മാറി.
തമിഴ് താരസംഘടനയായ നടികർസംഘം അടുത്തിടെ ആജീവാനന്ത അഭിനയമികവിനുള്ള പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഇതിന്റെപേരിൽ പ്രത്യേക ആഘോഷം നടത്താൻ കുടുംബം ഒരുങ്ങുന്നതിനിടെയാണ് മരണമെത്തിയത്. ‘ഇന്ത്യൻ 2’-ന് ശേഷം ഒരു ഹിന്ദി വെബ് സീരീസിലും അഭിനയിച്ചു. ഇത് പുറത്തിറങ്ങിയിട്ടില്ല.
സിനിമയിലെത്തി രണ്ട് വർഷത്തിനുശേഷം പുറത്തിറങ്ങിയ ‘പശി’യിലെ മുനിയാണ്ടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഗണേശിനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. 1981-ൽ പുറത്തിറങ്ങിയ ‘എങ്കമ്മാ മഹാറാണി’ എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. 1987-ൽ പുറത്തിറങ്ങിയ ‘നായകൻ’ ആണ് കമൽഹാസനൊപ്പം അഭിനയിച്ച ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രം. പിന്നീട് ഒട്ടേറെ കമൽച്ചിത്രങ്ങളിൽ ഹാസ്യവേഷങ്ങളിലും സ്വഭാവവേഷങ്ങളിലും അഭിനയിച്ചു.
കമലിന്റെതന്നെ അപൂർവ സഹോദരങ്ങൾ എന്ന ചിത്രത്തിലെ ഫ്രാൻസിസ് അൻപരശ് എന്ന പ്രതിനായകനെ അവതരിപ്പിച്ച് തന്റെ പ്രതിഭ ഒരിക്കൽക്കൂടി തെളിയിച്ചു. ‘മൈക്കിൾ മദന കാമ രാജനി’ലെ പാലക്കാട്ടുകാരനായ അയ്യർ കഥാപാത്രവും പ്രേക്ഷകരുടെ മനസ്സുകളിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നു. ‘കേടി ബില്ലാ കില്ലാഡി രംഗാ’ യിൽ ഹാസ്യരംഗങ്ങളിലും വൈകാരിക സീനുകളിലും കൈയടക്കത്തോടെ അഭിനയിച്ചു.
‘‘അവ്വൈ’ഷൺമുഖി’യിലെ സേതുരാം അയ്യരെയും സിനിമാപ്രേമികൾക്ക് മറക്കാനാകില്ല. ‘സിന്ധുഭൈരവി’, ‘ചിദംബരരഹസ്യം’, ആഹാ തുടങ്ങിയ ചിത്രങ്ങളിലും ഗണേശന്റെ അഭിനയമികവ് കാണാം. മലയാളത്തിൽ പല ചിത്രങ്ങളിലും തമിഴ് കഥാപാത്രമായിത്തന്നെയാണ് അഭിനയിച്ചത്.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാള താരങ്ങളും ഡൽഹി ഗണേശിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
Content Highlights: Delhi Ganesh was a prominent figure in Tamil cinema for over four decades
Published: 11 Nov 2024, 06:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented