
ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ ചായ കുടിക്കാനെത്തിയ നൂറ്റാണ്ടുകൾ പഴക്കമുള്ള മുംബൈയിലെ കൊളാബയിലുള്ള ഒളിമ്പിയ കോഫി ഹൗസിന് പൂട്ടിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ്. റെസ്റ്ററന്റിൽ നടത്തിയ പരിശോധനയിൽ ശുചിത്വമില്ലായ്മയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കിയത്.
ഒഡീസിയുടെ മുംബൈ പ്രീമിയറിന് മുന്നോടിയായി നോളനും മാറ്റ് ഡാമണും ടോം ഹോളണ്ട് എന്നിവരും ചായയും ബൺ മസ്‌കയും കഴിക്കാൻ നോളനൊപ്പം അന്നെത്തി. ഇതോടെയാണ് കോഫി ഹൗസ് അന്താരാഷ്ട്ര തലത്തിൽത്തന്നെ ശ്രദ്ധനേടിയത്. നോളന്റെ സന്ദർശനത്തിന് ശേഷം വിദേശികളടക്കം ആയിരക്കണക്കിന് ചലച്ചിത്ര പ്രേമികളാണ് 'നോളൻ ചായ കുടിച്ച മേശ' കാണാനും അവിടെ ഇരുന്ന് ചിത്രം പകർത്താനും ഇവിടെ എത്തിയിരുന്നത്.
സേഫ് ഫുഡ് സേഫ് മഹാരാഷ്ട്ര പ്രചാരണത്തിന്റെ ഭാഗമായി ലഭിച്ച ഉപഭോക്തൃ പരാതിയെതുടർന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ റെസ്റ്റോറന്റിൽ മിന്നൽ പരിശോധന നടത്തിയത്. തുക്കാറാം മുണ്ഡെയുടെ നേതൃത്വത്തിലാണ് നടപടി. അടുക്കളയിലെയും ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നയിടങ്ങളിലെയും കടുത്ത അഴുക്കും വൃത്തിഹീനമായ അന്തരീക്ഷവുമാണ് ലൈസൻസ് റദ്ദാക്കാൻ പ്രധാന കാരണമായത്. പാചകക്കാരും വിളമ്പുകാരും പ്രാഥമിക ആരോഗ്യ-ശുചിത്വ നിയമങ്ങൾ പാലിക്കുന്നില്ലെന്നും പരിശോധനയിൽ തെളിഞ്ഞു. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തിന് സമീപമായി ശുചിമുറി, റഫ്രിജറേറ്ററിനുള്ളിൽ മാംസത്തിന്റെ രക്താവശിഷ്ടങ്ങൾ, പാറ്റകളും ഈച്ചകളും കൂടാതെ തറയിൽവെച്ച് ഭക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നു. പാചകം ചെയ്യാൻ വൃത്തിഹീനമായ വെള്ളം ഉപയോഗിക്കുന്നു. വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ വെവ്വേറെ സൂക്ഷിക്കുന്നതിൽ വീഴ്ചവരുത്തി. കേടായതും വൃത്തിഹീനവുമായ മരത്തിന്റെ ചോപ്പിംഗ് ബോർഡുകൾ ഉപയോഗിക്കുന്നു. സ്ഥാപനത്തിലെ 35 ഭക്ഷ്യ ജീവനക്കാരിൽ 34 പേർക്കും ഭക്ഷ്യ സുരക്ഷയെക്കുറിച്ച് യാതൊരു പരിശീലനവും ലഭിച്ചിട്ടില്ല, ജല പരിശോധനയുടെയും ശുചിത്വത്തിന്റെയും കൃത്യമായ രേഖകൾ ഉണ്ടായിരുന്നില്ല.
തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് സുരക്ഷാവീഴ്ചയായി കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റെസ്റ്ററന്റിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും, മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്നതുവരെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തു.
2026 മെയ് മാസത്തിൽ മഹാരാഷ്ട്ര എഫ്.ഡി.എ കമ്മീഷണറായി ചുമതലയേറ്റ 2005 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ തുക്കാറാം മുണ്ഡെയാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. വിട്ടുവീഴ്ചയില്ലാത്ത നടപടികൾ കാരണം വകുപ്പിന്റെ സിങ്കം എന്നറിയപ്പെടുന്ന മുണ്ഡെ, മുംബൈയിലെ പ്രശസ്തമായ കെ. റുസ്തം ആൻഡ് കോ ഐസ്‌ക്രീം പാർലറും ഷാലിമാർ ഹോട്ടലും ഉൾപ്പെടെ ആയിരക്കണക്കിന് പരിശോധനകൾക്കും ലൈസൻസ് സസ്‌പെൻഷനുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.
മുംബൈയിലെ ഐക്കണിക് ഇറാനി ശൈലിയിലുള്ള റെസ്റ്റോറന്റുകളിൽ ഒന്നാണ് കൊളാബയിലെ ഒളിമ്പിയ കോഫി ഹൗസ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കഫേയ്ക്ക് സിനിമാ-സാംസ്‌കാരിക മേഖലകളിൽ വലിയൊരു ആരാധകവൃന്ദമുണ്ട്. ഒരുകാലത്ത് നാനൂറിലധികം ഇറാനി കഫേകൾ ഉണ്ടായിരുന്നെങ്കിൽ ഇന്നത് 40 എണ്ണമായി ചുരുങ്ങിയിരിക്കുകയാണ്.
Content Highlights: Olympia coffee house in Mumbai closed due to hygiene issues after Christopher Nolan's visit, drawing international attention to the iconic café.
Published: 18 Sept 2026, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented