ലൈം​ഗികാതിക്രമം നടത്തിയ കേസിൽ പ്രശസ്ത നൃത്തസംവിധായകൻ ​ഗണേഷ് ആചാര്യക്ക് ജാമ്യം. മുംബൈയിലെ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ​ഗണേഷ് ആചാര്യ അറസ്റ്റിലായിരുന്നില്ല. വ്യാഴാഴ്ച കോടതിയിൽ അദ്ദേഹം ഹാജരാവുകയായിരുന്നു. തന്നെ മർദിച്ചെന്നാരോപിച്ച് അസിസ്റ്റന്റ് കോറിയോ​ഗ്രാഫർ അംബോലി സ്റ്റേഷനിൽ പരാതി നൽകിയ സംഭവത്തിലാണ് ​ഗണേഷിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

To advertise here,

2020 ഫെബ്രുവരിയിലാണ് നൃത്തസംവിധാന സഹായിയായ യുവതി ​ഗണേഷിനെതിരെ പരാതിയുമായി രം​ഗത്തെത്തുന്നത്. 2009-2010 കാലത്ത് ​ഗണേഷിന്റെ ഓഫീസിൽ ചെല്ലുമ്പോൾ തന്നെ അശ്ലീല വീഡിയോ കാണാൻ നിർബന്ധിക്കാറുണ്ടായിരുന്നെന്നാണ് അവർ പരാതിയിൽ പറയുന്നത്. ഇതേ രീതിയിൽ ഇയാൾ മറ്റു പല സ്ത്രീകളോടും പെരുമാറിയിരുന്നെന്നും പരാതിയിലുണ്ട്. ഇതേ തുടർന്ന് ഈ വർഷം ഏപ്രിലിൽ ലൈം​ഗികാതിക്രമം അടക്കം നിരവധി കുറ്റങ്ങൾ ചുമത്തി മുംബൈ പോലീസ് കേസെടുക്കുകയായിരുന്നു.

​ഗണേഷ് ആചാര്യയും മറ്റ് രണ്ടുപേരും ചേർന്ന് 2020 ജനുവരി 26-ന് നടന്ന ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ കോറിയോ​ഗ്രാഫേഴ്സ് അസോസിയേഷൻ അന്ധേരിയിൽ നടത്തിയ ചടങ്ങിൽ വെച്ച് തന്നെ കയ്യേറ്റം ചെയ്തതായും പരാതിക്കാരി പറയുന്നു. അതേസമയം ആരോപണങ്ങളെല്ലാം ​ഗണേഷ് ആചാര്യ നിഷേധിച്ചിട്ടുണ്ട്.

1990-കളുടെ തുടക്കത്തിൽ കൊറിയോഗ്രാഫർ കമൽജിയുടെ സഹായിയായാണ് ​ഗണേഷ് തന്റെ കരിയർ ആരംഭിച്ചത്. 1992-ൽ അനാം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കോറിയോ​ഗ്രാഫറായെങ്കിലും 2001-ൽ പുറത്തിറങ്ങിയ ലജ്ജയിലെ ബഡി മുഷ്‌കിൽ എന്ന ഗാനമാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്. 2007-ൽ, മനോജ് ബാജ്‌പേയ്, ജൂഹി ചൗള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ്വാമി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ദേഹാത്തി ഡിസ്കോ എന്ന ചിത്രമാണ് ​ഗണേഷ് ആചാര്യയുടേതായി വരാനിരിക്കുന്ന ചിത്രം.