ഗോത്രഭാഷകളിൽ സിനിമകൾ ചെയ്ത് ഓസ്‌കർ ചുരുക്കപട്ടികയിൽ ഇടംപിടിക്കുകയും ദേശീയ- അന്തർദേശീയ അവാർഡുകളും നേടി ശ്രദ്ധേയനേടുകയും ചെയ്ത സംവിധായകൻ വിജീഷ് മണി അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി ഒരുക്കിയ 'അട്ടപ്പാടി: ദി വാലി ഓഫ് ഡിവൈൻ ഹീലിങ്' എന്ന ഡോക്യൂഫിക്ഷൻ സിനിമ 57-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്. ചിത്രം ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു.

To advertise here,

അട്ടപ്പാടി താഴ്വരയിൽ മറഞ്ഞു കിടക്കുന്ന ദൈവിക സാന്ത്വനമായ ഗോത്ര വൈദ്യവിജ്ഞാനം ലോകത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമ ഒരുക്കിട്ടുള്ളതെന്ന് സംവിധായകൻ വിജീഷ് മണി പറഞ്ഞു. സിനിമ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലെ സന്തോഷം അഗളി ഐ.ടി.ഡി.പി. ഓഫീസിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ഐ.ടി.ഡി.പി. അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ എം. കന്തസ്വാമി, അഗളി പഞ്ചായത്ത് അധ്യക്ഷൻ ഷിബു സിറിയക് ഷോളയൂർ, പഞ്ചായത്ത് അംഗം ജി. ഷാജു, സംവിധായകൻ വിജീഷ് മണി, അജിത്ത് ഷോളയൂർ, വഞ്ചിയമ്മ, വടുകിയമ്മ, കെ. ശിവാനി എന്നിവർക്കൊപ്പം മറ്റു ഗോത്രകലാക്കാരും ചടങ്ങിൽ പങ്കെടുത്തു.

സിനിമ 27-ന് ഗോവ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ഒമാനി കവിയും നടനുമായ സുൽത്താൻ അഹമ്മദ് അൽ മെഹ്‌മൂദി, വിജീഷ് മണി, തങ്കരാജ് കട്ടെക്കാട്, മധുസുദനൻ, മുരുകൻ, അയ്യപ്പൻ, വടികിയമ്മ, നഞ്ചിയമ്മ, വഞ്ചിയമ്മ, ശിവാനി, കൃഷ്ണവേണി, ശെൽവി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.

മൂന്നാം തവണയാണ് വിജീഷ് മണിയുടെ ചിത്രം ഐ.എഫ്.എഫ്.ഐയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. വിജീഷ് മണിയുടെ സിനിമകളിലെ പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന വിഷയങ്ങൾ മഖൻലാൽ ചതുർവേദി സർവകലാശാല വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പഠനവിഷയമാക്കി, ഗവേഷണപ്രബന്ധം യു.ജി.സി. കെയർ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.

ഛായാഗ്രഹണം: ശരത്, കുമാർ, മുരുകേഷ്, ജിമോൻ ജോർജ്, എഡിറ്റിങ്: ബി. ലെനിൻ, സൗണ്ട് ഡിസൈൻ: ഗണേഷ് മാരാർ, തിരക്കഥ: അജിത് ഷോളയൂർ, ഗാനരചന: സുൽത്താൻ അഹമ്മദ് അൽ മെഹ്‌മൂദി, സംഗീതം: വിജീഷ് മണി, പശ്ചാത്തല സംഗീതം: മിഥുൻ മലയാളം, പ്രൊഡക്ഷൻ കൺട്രോളർ: റോജി പി. കുര്യൻ, ലൊക്കേഷൻ മാനേജർ: രാമദാസ് അട്ടപ്പാടി, പി.ആർ.ഒ: എ.എസ്. ദിനേശ്.