ന്യൂഡൽഹി: രാജ്യത്തെ സുപ്രധാന പ്രതിരോധ വിവരങ്ങളും അതീവരഹസ്യ രേഖകളും പാകിസ്താനുവേണ്ടി ചോർത്തിയ സംഭവത്തിൽ അറസ്റ്റിലായ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെതിരേ കുറ്റപത്രം സമർപ്പിച്ചു. ഗുരുതര വിവരങ്ങളാണ് കുറ്റപത്രത്തിൽ ഉള്ളത്. നിർണായക രേഖകളടക്കം ഇയാൾ പാകിസ്താന് കൈമാറിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
പാകിസ്താന് സുപ്രധാന വിവരങ്ങൾ ചോർത്തി നൽകിയതിനെത്തുടർന്ന് വിങ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചിരുന്നെങ്കിലും ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗവും ചേർന്നായിരുന്നു പ്രാഥമികാന്വേഷണം നടത്തിയത്.
പിന്നിൽ ഹണിട്രാപ്പ് ആണെന്നാണ് കരുതപ്പെടുന്നത്. ഓൺലൈൻ വഴി പരിചയപ്പെട്ടയാൾക്കാണ് ഇയാൾ വിവരങ്ങൾ ചോർത്തിനൽകിയത്. ഇന്ത്യൻ സേനയുടെ സുപ്രധാന തയ്യാറെടുപ്പുകൾ, ഡ്രോൺ വിവരങ്ങൾ, യുദ്ധവിമാനങ്ങളുടെ നീക്കങ്ങൾ, സേനയുടെ തന്ത്രപ്രധാനമായ നിർമ്മിതികൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളടക്കം ഇയാൾ കൈമാറിയതായാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്.
2026 ജനുവരി 12-നും ഏപ്രിൽ ഒന്നിനും ഇടയിലാണ് ഇയാൾ രഹസ്യ വിവരങ്ങൾ കൈമാറാൻ തുടങ്ങിയതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. വാട്സാപ്പ് വഴിയായിരുന്നു വിവരക്കൈമാറ്റം. 3008 ടെക്സ്റ്റ് മെസ്സേജുകൾ, 65 ഫോട്ടോകൾ, 65 മറുപടികൾ, 42 വോയ്സ് കോളുകൾ, നാല് വീഡിയോ കോളുകൾ, പരസ്പരം കൈമാറിയ യുആർഎൽ വിവരങ്ങൾ തുടങ്ങിയവയടക്കം അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടെടുത്തിട്ടുണ്ട്.
'സീക്രട്ട് വാർ പ്ലാൻ' എന്ന രേഖയുടെ ഒരു പേജും ഉദ്യോഗസ്ഥൻ ഓൺലൈൻ വഴി കൈമാറിയിരുന്നു. മറുവശത്തുള്ളയാളിൽ നിന്ന് നഗ്ന ദൃശ്യം കൈപ്പറ്റിയ ശേഷമായിരുന്നു ഉദ്യോഗസ്ഥൻ ഇത്തരത്തിൽ അതീവ രഹസ്യ രേഖകൾ കൈമാറ്റം ചെയ്യപ്പെട്ടിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടുതൽ നഗ്നഫോട്ടോകൾ അയച്ചു തരികയാണെങ്കിൽ ഇനിയും രേഖകൾ അയച്ചുതരാമെന്നും ഇയാൾ മറുവശത്തുള്ളയാളോട് പറയുന്നതിന്റെ തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ഓരോ ഫോട്ടോകൾ അയക്കുമ്പോഴും ഓരോ പേജ് എന്ന രീതിയായിരുന്നു ഉദ്യോഗസ്ഥൻ മറുവശത്തുള്ളയാളോട് പറഞ്ഞിരുന്നത്.
നിർണായക ഡ്രോൺ വിവരങ്ങളും ഉദ്യോഗസ്ഥൻ ചോർത്തി നൽകിയെന്നും റിപ്പോർട്ടിൽ ഉണ്ട്. ഡ്രോണിന്റെ നിർമ്മിതി, പ്രവർത്തന രീതി, ശേഷി, ടാർഗറ്റിങ് മെക്കാനിസം, ശക്തി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളടക്കം ഇയാൾ പാക് ചാരന് ചോർത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. യുദ്ധസമയത്ത് സൈനിക വിന്യാസത്തിനായി സജ്ജീകരിച്ച സ്ഥലങ്ങൾ, ലേയിലെ യുദ്ധവിമാനങ്ങളുടെ സ്ഥാനം, സൂറത്ത്ഗഡിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടത്തിയ സൈനികാഭ്യാസം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ചോർത്തി നൽകിയവയിൽ പെടുമെന്നാണ് വിവരം.
മേലുദ്യോഗസ്ഥന്റെ ഡിവൈസിലേക്ക് മാൽവെയർ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്താണ് വിവരങ്ങൾ പലതും ചോർത്തിയിരിക്കുന്നത്. ഇയാളുടെ കീഴിൽ ജോലിചെയ്തിരുന്ന അഞ്ച് ഉദ്യോഗസ്ഥരുടെ ആശയവിനിമയ ഉപകരണങ്ങളിലും ഇത്തരത്തിലുള്ള മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യോമസേനാധികൃതരുടെ പരാതിയെത്തുടർന്നാണ് ഐഎഎഫ് ഉദ്യോഗസ്ഥനെ മേയ് മാസത്തിൽ അറസ്റ്റ് ചെയ്തത്. തുടർന്ന് തിഹാർ ജയിലിലേക്ക് മാറ്റുകയായിരുന്നു. പാക് രഹസ്യാന്വേഷണ ഏജൻസികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സ്ത്രീ സോഷ്യൽ മീഡിയ വഴി ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ കുടുക്കിയതാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
വ്യക്തിജീവിതം പ്രതിസന്ധിയിലൂടെ പോകുന്നതിനിടയിലാണ് ഓൺലൈൻ വഴി യുവതിയുമായി ഉദ്യോഗസ്ഥൻ അടുപ്പത്തിലാകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഓൺലൈൻ ചാറ്റിൽനിന്ന് പതിയെ വോയിസ് കോളിലേക്കും പിന്നെ വീഡിയോ കോളിലേക്കും മാറുകയായിരുന്നു. ക്രമേണ ഇയാൾ യുവതിയോട് ഫോട്ടോകളും വീഡിയോകളും ചോദിച്ചുതുടങ്ങി. ഇത് മുതലെടുത്താണ് മറുവശത്തുള്ളയാൾ യുദ്ധതന്ത്രങ്ങളടക്കം ആവശ്യപ്പെട്ടു തുടങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
Content Highlights: An IAF Wing Commander is chargesheeted for leaking classified defense secrets to Pakistan., The officer fell victim to a honeytrap involving explicit photos exchanged via WhatsApp., Classified documents including 'Secret War Plan' and drone details were shared between January and April 2026., Malware apps were installed on devices to extract sensitive military communication and data., The officer was arrested in May 2026 following an internal probe by intelligence agencies and IAF.
Published: 13 Nov 2026, 07:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented