ഗുവാഹത്തി: അസമിലെ കാസിരംഗയിൽ കണ്ടെയ്‌നർ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 24 പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

To advertise here,

വെള്ളിയാഴ്ച ദേശീയപാത 715-ൽ കാസിരംഗ ദേശീയോദ്യാനത്തിന് സമീപം രംഗജാനിലാണ് ദാരുണമായ അപകടമുണ്ടായത്. യാത്രക്കാരുമായി പോയ മിനിബസ് കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ മിനിബസ് പൂർണമായും തകർന്നു. പോലീസും നാട്ടുകാരും ചേർന്ന് അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

അപകടസമയത്ത് ബസ്സിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമായിട്ടില്ല. കാസിരംഗ ദേശീയോദ്യാന മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിച്ച് അമിതവേഗതയിലാണ് മിനിബസ് സഞ്ചരിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് മിനിബസ് കണ്ടെയ്‌നർ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നിഗമനം.

അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ കൊഹൊറ മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഭൂരിഭാഗം പേരെയും വിദഗ്ധ ചികിത്സയ്ക്കായി ജോർഹട്ട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.