
മൈക്രോസോഫ്റ്റ് 365 സേവനങ്ങളിലുണ്ടായ തടസ്സം ഘട്ടംഘട്ടമായി പരിഹരിച്ചുവരികയാണെന്ന് കമ്പനി. എന്നാൽ, സെർവീസ് ബാക്ക്ലോഗുകളും പെൻഡിങ് ഇമെയിലുകളും കൈകാര്യം ചെയ്യുന്നതിനാൽ ഉപയോക്താക്കൾക്ക് പ്രശ്നങ്ങൾ നേരിടുന്നത് തുടരുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. ചില സേവനങ്ങളുടെ പ്രവർത്തനത്തിൽ പുരോഗതിയുണ്ടെങ്കിലും സംവിധാനങ്ങൾ സാധാരണ നിലയിലുള്ള പ്രവർത്തനശേഷിയിലേക്ക് തിരിച്ചെത്തിയിട്ടില്ല.
വൈകിയെത്തുന്ന ഇമെയിലുകൾ നഷ്ടപ്പെടാതിരിക്കാൻ, ടൈം ഔട്ട് പരിധി 48 മണിക്കൂറായി വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ പെൻഡിങ് ഇമെയിലുകൾ ലഭിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം. മറ്റ് സേവനങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമ്പോഴും ഇമെയിൽ വിതരണത്തിൽ കാലതാമസം തുടർന്നേക്കാം.
നവംബർ 12-ന് തുടങ്ങിയ തകരാർ ബാധിച്ചത് ഔട്ട്ലുക്ക്, ടീംസ്, കോപൈലറ്റ് ഉൾപ്പെടെയുള്ള സേവനങ്ങളെ
നവംബർ 12 വ്യാഴാഴ്ചയാണ് മൈക്രോസോഫ്റ്റ് 365 സേവനങ്ങളിലെ തടസ്സം ആരംഭിച്ചത്. ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ്, കോപൈലറ്റ്, വൺഡ്രൈവ്, ഷെയർപോയിന്റ് തുടങ്ങിയ സേവനങ്ങളെയാണ് പ്രധാനമായും ബാധിച്ചത്. ഇമെയിൽ ഇൻബോക്സുകൾ തുറക്കാനും സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും ഫയലുകൾ കാണാനും കലണ്ടർ വിവരങ്ങൾ പരിശോധിക്കാനും കഴിയുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 74 രാജ്യങ്ങളിൽനിന്നായി ഔട്ട്ലുക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഏകദേശം 1.4 ലക്ഷം പരാതികളാണ് ഡൗൺഡിറ്റക്ടറിൽ (Downdetector) രേഖപ്പെടുത്തിയത്. ലോകമെമ്പാടുമായി 43 കോടിയിലധികം ഉപയോക്താക്കളാണ് മൈക്രോസോഫ്റ്റ് 365-നുള്ളത്.
സൈബർ ആക്രമണമല്ലെന്ന് മൈക്രോസോഫ്റ്റ്
സെർവറുകളിൽ ചിലത് അപ്രതീക്ഷിതമായി പ്രവർത്തനരഹിതമായതോടെ ശേഷിക്കുന്ന സെർവറുകളിലേക്ക് അധിക ട്രാഫിക് എത്തുകയും ലോഡ് വർധിക്കുകയും ചെയ്തതാണ് സേവനതടസ്സം നേരിടാൻ കാരണമെന്നാണ് മൈക്രോസോഫ്റ്റിന്റെ വിശദീകരണം. ഇത് സൈബർ ആക്രമണത്തിന്റെ ഫലമാണെന്ന് കരുതുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.
Content Highlights: Microsoft has initiated a phased recovery for the massive global Microsoft 365 outage that disrupted Outlook, Teams, Copilot, OneDrive, and SharePoint across 74 countries starting November 12.
Published: 13 Nov 2026, 07:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented