ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത 'ഓം' സിനിമയിലെ സായ് പല്ലവിയുടെ കഥാപാത്രത്തിന് പ്രചോദനമായത് കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥ മെറിൻ ജോസഫാണെന്ന് സംവിധായകൻ രാജ്കുമാർ പെരിയസാമി. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ധനുഷിനും സായ് പല്ലവിക്കും പുറമെ മമ്മൂട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. നിത്യ റെഡ്ഡി എന്ന പോലീസ് ഓഫീസറുടെ വേഷമാണ് സായ് പല്ലവി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്

To advertise here,

ചിത്രത്തിലെ കഥാപാത്രത്തെ പരമാവധി തനിമയോടെ അവതരിപ്പിക്കാൻ സായ് പല്ലവിക്ക് റഫറൻസായി മെറിൻ ജോസഫിന്റെ ചിത്രങ്ങൾ നൽകിയിരുന്നതായി രാജ്കുമാർ പെരിയസാമി പറഞ്ഞു. മെറിൻ ജോസഫിനെ 'മികച്ചൊരു പോലീസ് ഉദ്യോഗസ്ഥ' എന്ന് വിശേഷിപ്പിച്ച സംവിധായകൻ, അവരുടെ ജീവിതകഥയും ഏറെ ശ്രദ്ധേയമാണെന്ന് അഭിപ്രായപ്പെട്ടു. സായ് പല്ലവിയുടെ കഥാപാത്രം മെറിൻ ജോസഫിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതല്ലെങ്കിലും, നടിയുടെ ലുക്കിനായി അവരെ മാതൃകയാക്കിയിരുന്നതായി സംവിധായകൻ വ്യക്തമാക്കി.

സായ് പല്ലവി മുൻപ് ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് 'ഓം' സിനിമയിലെ വേഷത്തെ വ്യത്യസ്തമാക്കാനാണ് മെറിൻ ജോസഫിനെ റഫറൻസായി ഉപയോഗിച്ചതെന്ന് രാജ്കുമാർ പറഞ്ഞു. 'സായിക്ക് അവരുടേതായ നിറവും സവിശേഷതകളും മുൻകാല കഥാപാത്രങ്ങളുടെ തുടർച്ചയുമുണ്ട്. മുൻപ് ചെയ്ത വേഷങ്ങളിൽനിന്ന് വ്യത്യസ്തമായി സ്വയം കാണാൻ അവരെ ആദ്യം അത് വിശ്വസിപ്പിക്കേണ്ടിയിരുന്നു. അതുകൊണ്ടാണ് ഞാൻ മെറിൻ ജോസഫ് മാഡത്തെ അവർക്ക് കാണിച്ചുകൊടുത്തത്,' സംവിധായകൻ പറഞ്ഞു. മെറിൻ ജോസഫിന്റെ ലുക്ക് പരിചയപ്പെടുത്താൻ മാത്രമാണ് താൻ ഉദ്ദേശിച്ചതെങ്കിലും, കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സായ് പല്ലവി അവരെ വിളിച്ച് നേരിൽപ്പോയി കണ്ട് സമയം ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി.

2015-ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം' എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായാണ് സായ് പല്ലവി അരങ്ങേറ്റം കുറിച്ചത്. 2024-ൽ രാജ്കുമാർ പെരിയസാമി തന്നെ സംവിധാനം ചെയ്ത 'അമരൻ' എന്ന ചിത്രത്തിൽ, ശിവകാർത്തികേയൻ അവതരിപ്പിച്ച മേജർ മുകുന്ദ് വരദരാജന്റെ മലയാളി ഭാര്യ ഇന്ദു റബേക്ക വർഗീസായും സായ് പല്ലവി വേഷമിട്ടിരുന്നു. സീതയായെത്തിയ 'രാമായണ'യാണ് സായ് പല്ലവിയുടെ ഒടുവിലിറങ്ങിയ ചിത്രം.

തിരുവനന്തപുരം സ്വദേശിയായ മെറിൻ ജോസഫ് ഐ.പി.എസ്. ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. നിലവിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയാണ്. 2013-ൽ ഐ.പി.എസ്. കരസ്ഥമാക്കിയ മെറിൻ ജോസഫ് 2015 മുതൽ കേരളത്തിൽ പലയിടത്തായി ഔദ്യോഗിക ചുമതല വഹിച്ചിട്ടുണ്ട്.