കൊച്ചി: ശത്രുക്കളെ താൻ ഇല്ലാതാക്കുന്നത് അവരെ മിത്രങ്ങളാക്കിയാണെന്ന് നടൻ മമ്മൂട്ടി. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ശ്രേഷ്ഠ ബാവാ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'എന്റെ അഭിനയപ്രകടനത്തിൽ നിങ്ങളിൽ പലർക്കും തൃപ്തിയും അതൃപ്തിയുമുണ്ടാവാം. ഇങ്ങനെയൊരു പുരസ്കാരം എനിക്ക് നൽകാൻ തീരുമാനിച്ചതിൽ ഒരുപാട് അർഥങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ എന്നോട് ഒരുപാട് സഹകരിച്ചിട്ടുള്ള വ്യക്തിയാണ് ശ്രേഷ്ഠ ബാവാ തിരുമേനി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വേർപാട് എനിക്ക് നഷ്ടമായി തോന്നി ഞാൻ ഇവിടെയെത്തിയത്', മമ്മൂട്ടി പറഞ്ഞു.

'പരസ്പരം വെറുക്കുന്ന, മനസ്സിലേക്ക് വെറുപ്പ് കുത്തിക്കയറ്റുന്ന, വിദ്വേഷം പകർന്നുതരുന്ന, അപരവിദ്വേഷം ഉളവാക്കുന്ന ഒരുപാട് കാര്യങ്ങൾ നമ്മൾ രാവിലെ എഴുന്നേറ്റാൽ കണ്ടുകൊണ്ടും കേട്ടുകൊണ്ടുമിരിക്കുകയാണ്. പരസ്പരം ശത്രുക്കളായി കാണുന്നവരാണ് പലരും. നമ്മുടെ ശത്രു തിന്മയാണ്, നന്മയല്ല. തിന്മയെ നമ്മൾ പല പേരിട്ടുവിളിക്കും, എന്തുപേരിട്ടു വിളിച്ചാലും തിന്മ തിന്മ തന്നെയാണ്. വെറുപ്പ് തിന്മയുടെ മറ്റൊരു വാക്കാണ്', അദ്ദേഹം അഭിപ്രായപ്പെട്ടു.

'നമുക്ക് ഒരാൾ ശത്രുവാവുന്നതോടുകൂടിയാണ് വെറുപ്പ് തോന്നുന്നത്. ശത്രുക്കളെ ഇല്ലാതാക്കാൻ, നശിപ്പിക്കാൻ ഞാൻ ചെറിയ വിദ്യ പ്രയോഗിക്കാറുണ്ട്. ബോംബിട്ടുകൊല്ലുകയോ, ആളെവിട്ട് തല്ലിക്കുകയോ, വെടിവച്ചുകൊല്ലുകയോ അല്ല. അറിയുന്ന എല്ലാ ശത്രുക്കളെയും ഞാൻ ഇല്ലാതാക്കുന്നത് അവരെ എന്റെ മിത്രങ്ങളാക്കിയാണ്. എല്ലാ ശത്രുക്കളെയും നമുക്ക് മിത്രങ്ങളാക്കാം. അവർ മുൻകൈ എടുത്തില്ലെങ്കിലും നമ്മൾ മുൻകൈ എടുക്കണം', മമ്മൂട്ടി കൂട്ടിച്ചേർത്തു.