അന്തരിച്ച സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹനനെ അനുസ്മരിച്ച് മോഹൻലാൽ. തന്റെ ഇഷ്ട ഫോട്ടോഗ്രാഫറായിരുന്നു മോഹൻ എന്ന് മോഹൻലാൽ അനുസ്മരിച്ചു. കൊല്ലം മോഹൻ എന്ന അതുല്യപ്രതിഭ തനിക്ക് മോഹൻ ചേട്ടനാണ്. ചേട്ടന്റെ ക്യാമറാക്കണ്ണുകൾ നിശ്ചലമായാലും അദ്ദേഹം പകർത്തിയ വർണ ചിത്രങ്ങൾ മലയാളിയുടെ മനസിൽനിന്ന് മായില്ലെന്നും മോഹൻലാൽ കുറിച്ചു.

To advertise here,

'ഒരുകാലത്ത്, നാന സിനിമ വാരികയിലൂടെ പുറത്തുവരുന്ന ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന സിനിമ പ്രേമികൾ ധാരാളം ഉണ്ടായിരുന്നു. താരവിശേഷങ്ങളും ചിത്രങ്ങളും നിറഞ്ഞ ഓർമകളുടെ കാഴ്ചാവസന്തം. ആ ചിത്രങ്ങൾക്ക് ദൃശ്യചാരുതയേകിയ കൊല്ലം മോഹൻ എന്ന അതുല്യ പ്രതിഭ, എനിക്ക് മോഹൻ ചേട്ടനാണ്', മോഹൻലാൽ കുറിച്ചു.

'എന്റെ ഇഷ്ട ഫോട്ടോഗ്രാഫർ കൂടിയായിരുന്നു മോഹൻ ചേട്ടൻ. സെറ്റിലും പുറത്തും ഒട്ടേറെ രസകരമായ അനുഭവങ്ങൾ നിറഞ്ഞ നാളുകൾ. നേരിൽ കാണുമ്പോൾ ചേർത്തുപിടിച്ചു സംസാരിക്കുന്ന രീതി. എന്നെക്കുറിച്ചുള്ള സചിത്ര പുസ്തകം ഞങ്ങളുടെ ആത്മബന്ധത്തിന്റെ കഥകൂടിയാണ്. ചേട്ടന്റെ ക്യാമറാക്കണ്ണുകൾ നിശ്ചലമായാലും മലയാളിയുടെ മനസ്സിൽനിന്ന് മായില്ല അദ്ദേഹം പകർത്തിയ ഒട്ടേറെ വർണചിത്രങ്ങൾ. എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ | ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ തീവണ്ടിയിൽനിന്ന് വീണുമരിച്ചു

തീവണ്ടിയിൽനിന്ന് വീണായിരുന്നു കൊല്ലം മോഹനന്റെ അന്ത്യം. മാർത്താണ്ഡം കുഴിത്തുറ വെസ്റ്റിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സഹോദരങ്ങൾക്കൊപ്പം മാർത്താണ്ഡത്തുള്ള കുടുംബക്ഷേത്രത്തിൽ പോകവേയാണ് അപകടം.

1953 ഓഗസ്റ്റ് അഞ്ചിന് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്താണ് ജനിച്ചത്. കൊല്ലത്ത് മാധ്യമപ്രവർത്തകനായെത്തിയശേഷമാണ് കൊല്ലം മോഹൻ എന്ന പേരിൽ പ്രശസ്തനായത്. അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖം, അനന്തരം, മതിലുകൾ എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രാഹകനായിരുന്നു. ബാലചന്ദ്രമേനോൻ സംവിധാനംചെയ്ത രാധ എന്ന പെൺകുട്ടി, കലിക, ഹരികുമാറിന്റെ സ്‌നേഹപൂർവം മീര, രവിഗുപ്തന്റെ ബലൂൺ തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ലോഹിതദാസ് സംവിധാനംചെയ്ത സൂത്രധാരനിൽ ചെറിയ വേഷവും ചെയ്തു.

ദേശീയ, അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരങ്ങളിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടി. മാക്ടയിലെ ആജീവനാന്ത അംഗമാണ്. ഫെഫ്ക- ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ അംഗവുമാണ്. 'സൂംലെൻസിലൂടെ മോഹൻലാൽ', 'ക്യാമറയ്ക്കു മുന്നിലും പിന്നിലും' എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.