മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്ത് ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫ്. ചരിത്രത്തിലാദ്യമായി സിനിമാ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് വ്യവസായപദവി കിട്ടുന്നതോടെ സിനിമയുടെ സമസ്തമേഖലകളിലും വളർച്ചയ്ക്ക് കളമൊരുങ്ങുമെന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയ്ക്കും സിനിമാ-സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥിനും നന്ദി അറിയിക്കുകയും ചെയ്തു.

To advertise here,

സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായുള്ള അവശ്യമാണെങ്കിലും ഇതുവരെ അത് ആരും ചെവിക്കൊണ്ടിരുന്നില്ല. എന്നാൽ പുതുയുഗ കേരളം ലക്ഷ്യമിടുന്ന, വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ആദ്യബജറ്റിൽ തന്നെ ആ ചരിത്രപ്രഖ്യാപനം നടത്തിയിരിക്കുന്നു. വ്യവസായ പദവി കിട്ടുന്നതോടെ സിനിമയുടെ സമസ്തമേഖലകളിലും വളർച്ചയ്ക്കുള്ള കളമൊരുങ്ങും -ആന്റോ ജോസഫ് പറഞ്ഞു.

Also Read: 'ബജറ്റിലെ തീരുമാനം മലയാള സിനിമയ്ക്ക് പുത്തനുണർവ് നൽകും'; സ്വാഗതം ചെയ്ത് മോഹൻലാൽ

മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനൊപ്പം കൊച്ചിയിൽ ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ സാംസ്‌കാരിക-സിനിമാവികസനത്തിനായി സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കും. കൂടാതെ, സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിന്റെ ഓർമയ്ക്കായി കൊച്ചിയിൽ സ്മാരകം നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെൽ തുടങ്ങിയവയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്റോ ജോസഫിന്റെ കുറിപ്പ്

ചരിത്രത്തിലാദ്യമായി സിനിമാമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ വി.ഡി. സതീശനും സിനിമാമന്ത്രി പി.സി. വിഷ്ണുനാഥിനും നന്ദിയോടെ അഭിവാദ്യങ്ങൾ. സിനിമയെ വ്യവസായം ആയി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി സിനിമാപ്രവർത്തകർ ഉയർത്തുന്ന ആവശ്യമായിരുന്നു. പക്ഷേ ആരും ഇതേവരെ അത് ചെവിക്കൊണ്ടിരുന്നില്ല. പക്ഷേ പുതുയുഗ കേരളം ലക്ഷ്യമിടുന്ന വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ആദ്യ ബജറ്റിൽ തന്നെ ആ ചരിത്രപ്രഖ്യാപനം നടത്തിയിരിക്കുന്നു.

വ്യവസായ പദവി കിട്ടുന്നതോടെ സിനിമയുടെ സമസ്തമേഖലകളിലും വളർച്ചയ്ക്കുള്ള കളമൊരുങ്ങും. നഷ്ടക്കണക്കുകളിൽ ഉഴലുന്ന ചലച്ചിത്രരംഗത്തിന് ജീവശ്വാസം കിട്ടും. ഈ ചുവടുവയ്പ് കാലത്തിന്റെ ആവശ്യം കൂടിയായിരുന്നു. ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല. അതുപോലെതന്നെ മലയാളസിനിമയുടെ പിതാമഹൻ ശ്രീ ജെ.സി. ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റിക്കായി 100 കോടി വകയിരുത്തിയ തീരുമാനവും സിനിമാമേഖലയോട് ഈ സർക്കാരിനുള്ള കരുതലിന്റെ മറ്റൊരു അടയാളമാണ്. നമ്മുടെ സിനിമകളൊരുക്കാൻ മറ്റ് നാടുകൾ തേടിപ്പോകേണ്ട അവസ്ഥ ഇതോടെ അവസാനിക്കും.

ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയും, ദേശീയ അന്തർദേശീയ സിനിമാ നിർമാണത്തെ ആകർഷിക്കുന്നതിനുള്ള അന്തരീക്ഷവും ഒരുക്കുമെന്ന പ്രഖ്യാപനവും ആന്റി പൈറസി സെൽ രൂപീകരിക്കുമെന്ന വാഗ്ദാനവും സിനിമാപ്രവർത്തകർക്ക് നല്കുന്ന ആത്മവിശ്വാസവും ആർജവവും ചെറുതല്ല. സിനിമയെ കൈവെള്ളയിലെന്നോണം കാത്ത സർക്കാരിന് ഒരിക്കൽകൂടി കടപ്പാട്,സ്‌നേഹം...