മോഹൻലാലിന്റെ 368-ാം ചിത്രമാണ് അനൂപ് സത്യൻ ഒരുക്കുന്നതെന്നുപറഞ്ഞ സത്യൻ അന്തിക്കാട് ആ ലിസ്റ്റിൽ 20 എണ്ണം തന്റെയാണെന്നും അതൊരു വലിയ സന്തോഷമാണെന്നും പറഞ്ഞു.

മക്കളായ അനൂപും അഖിലും ചെയ്യുന്ന സിനിമകളുടെ സെറ്റിൽപ്പോലും പോകാത്തയാളാണ് താനെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽനിന്ന് മാറിനിൽക്കാറാണ് പതിവ്. എന്നാൽ ആന്റണി പെരുമ്പാവൂരിന്റെ സ്നേഹത്തോടെയുള്ള വാക്കുകളും നിർമാതാവ് ബിനുവിനോടുള്ള സ്നേഹംകൂടി കണക്കിലെടുത്താണ് അനൂപ് സത്യന്റെ ചിത്രത്തിന്റെ പൂജാ ചടങ്ങിനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹൻലാലിന്റെ 368-ാം ചിത്രമാണ് അനൂപ് സത്യൻ ഒരുക്കുന്നതെന്നുപറഞ്ഞ സത്യൻ അന്തിക്കാട് ആ ലിസ്റ്റിൽ 20 എണ്ണം തന്റെയാണെന്നും അതൊരു വലിയ സന്തോഷമാണെന്നും പറഞ്ഞു. തുടർന്ന് സംവിധായകൻ അനൂപ് സത്യനേക്കുറിച്ചുള്ള രസകരമായ ഓർമയും സത്യൻ അന്തിക്കാട് പങ്കുവെച്ചു.
"സ്കൂളിൽ പഠിക്കുന്ന സമയത്ത് വലിയ മോഹൻലാൽ ആരാധകനായിരുന്നു അനൂപ്. ഞാനും മോഹൻലാലും സിനിമ ചെയ്യാതിരുന്ന പത്ത് പന്ത്രണ്ട് വർഷക്കാലമുണ്ടായിരുന്നു. ഈ സമയത്ത് സ്കൂളിലേക്ക് പോകാൻ തയ്യാറായി, ബാഗൊക്കെ പാക്ക് ചെയ്ത് വന്നിട്ട് അനൂപ് ചോദിക്കും അടുത്ത സിനിമയിൽ മോഹൻലാലാണോ എന്ന്. ഞാൻ അല്ലെന്ന് പറയും. പിന്നെ രണ്ടുദിവസം എന്നോട് മിണ്ടില്ല. പിന്നെയും കുറേ സിനിമകൾ ചെയ്തു. അപ്പോഴും അവൻ വന്ന് മോഹൻലാലുണ്ടോ ആ ചിത്രത്തിലെന്ന് ചോദിക്കും. ഞാൻ അല്ലെന്ന് പറയും, അവൻ പിന്നെയും മിണ്ടില്ല. അത്രയും വലിയ മോഹൻലാൽ ഫാനായിരുന്നു അനൂപ്.
ഒരു ദിവസം ഇക്കാര്യം പറഞ്ഞ് വഴക്കുണ്ടാക്കി അവൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചു. എങ്ങോട്ട് പോകുന്നെന്ന് ചോദിച്ചപ്പോൾ മോഹൻലാലിന്റെ വീട്ടിലേക്കെന്നാണ് പറഞ്ഞു. അത്രയും വലിയ ആരാധകൻ മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യുന്നു എന്ന വ്യക്തിപരമായ സന്തോഷം എനിക്ക് കൂടുതലുണ്ട്. എല്ലാം നന്നായി വരട്ടെ. മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നിൽനിർത്തി കൊതി തീരാത്തയാളാണ് ഞാനെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്റെ അടുത്ത ചിത്രവും മോഹൻലാലിനെ വെച്ചാണ്." സത്യൻ അന്തിക്കാടിന്റെ വാക്കുകൾ.
മോഹൻലാൽ നായകനാകുന്ന ചിത്രത്തിന് L-368 എന്നാണ് താത്കാലികമായി നൽകിയിരിക്കുന്ന പേര്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനുശേഷം അനൂപ് ഒരുക്കുന്ന ചിത്രമാണിത്. മുകേഷ്, സംഗീത പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഷെഹ്നാദ് ജലാലാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്സ് ബിജോയ് സംഗീതസംവിധാനവും സ്റ്റണ്ട് സിൽവ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ താരനിരയേക്കുറിച്ചും മറ്റ് അണിയറപ്രവർത്തകരേക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബിനു ജോർജ് അലക്സാണ്ടറാണ് ചിത്രം നിർമിക്കുന്നത്.
Content Highlights: Speaking at the pooja ceremony for Mohanlal's 368th film directed by his son Anoop Sathyan, veteran filmmaker Sathyan Anthikad shared nostalgic memories of Anoop's childhood fandom for Mohanlal, while also confirming that his own next project will star Mohanlal as well.
Published: 30 Oct 2026, 01:41 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented