യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തീരുമാനം സിനിമാ മേഖലയ്ക്ക് പുത്തനുണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന് പറഞ്ഞ മോഹൻലാൽ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനും സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും നന്ദി പറഞ്ഞു.

To advertise here,

മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനൊപ്പം കൊച്ചിയിൽ ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ സാംസ്‌കാരിക-സിനിമാവികസനത്തിനായി സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കും. കൂടാതെ, സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിന്റെ ഓർമയ്ക്കായി കൊച്ചിയിൽ സ്മാരകം നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെൽ തുടങ്ങിയവയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പുതിയ ബജറ്റിൽ, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സർക്കാരിന്റെ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീർച്ചയാണ്. ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന ഈ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി.