നിതീഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' എന്ന ചിത്രത്തിൽ സീതാദേവിയായി എത്തുന്ന സായ് പല്ലവിയുടെ ആക്ഷൻ രംഗത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നടൻ മുകേഷ് ഖന്ന. ബോക്‌സ് ഓഫീസ് കളക്ഷനുവേണ്ടി പുരാണത്തിൽ വെള്ളം ചേർത്തുവെന്ന് ആരോപിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.

To advertise here,

'സീതാദേവി ഝാൻസി റാണിയെപ്പോലെയോ ഇന്നത്തെ നായികമാരെപ്പോലെ മാച്ചോ ആയോ യുദ്ധത്തിനിറങ്ങുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? ഞാൻ വാൽമീകിയുടെ രാമായണം വായിച്ചിട്ടുണ്ട്. അതിലൊരിടത്തും സീത യുദ്ധം ചെയ്തതായി എഴുതിയിട്ടില്ല.' മുകേഷ് ഖന്ന വ്യക്തമാക്കി.

സീതാദേവി മര്യാദാ പുരുഷോത്തമന്റെ (രാമൻ) ഭാര്യയായിരുന്നു. അവർ പോരാളിയായിരുന്നില്ല. പോരാളിയായിരുന്നുവെങ്കിൽ അവർ രാവണനോട് നേരിട്ട് പോരാടുമായിരുന്നു. എങ്ങനെയാണ് രാവണന് സീതയെ എളുപ്പത്തിൽ തട്ടിക്കൊണ്ടുപോകാൻ കഴിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.

രാമായണത്തിന്റെ മറ്റ് വകഭേദങ്ങളിൽനിന്നാണ് രംഗത്തിന് പ്രചോദനം ഉൾക്കൊണ്ടതെന്ന നിർമാതാവ് നമിത് മൽഹോത്രയുടെ വിശദീകരണത്തെ മുകേഷ് ഖന്ന തള്ളി. വാൽമീകി മഹർഷി എഴുതിയ ഒരു രാമായണം മാത്രമേയുള്ളൂവെന്ന് അദ്ദേഹം അവകാശപ്പെട്ടു. മറ്റു മതഗ്രന്ഥങ്ങളിൽ നടത്താത്ത ഇത്തരം പരീക്ഷണങ്ങൾ ഹിന്ദു പുരാണങ്ങളിൽ നടത്താൻ എങ്ങനെ ധൈര്യം വരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

4,000 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രത്തിന്റെ മുടക്കുമുതൽ തിരിച്ചുപിടിക്കാൻ പുരാണങ്ങളിൽ വെള്ളം ചേർക്കരുതെന്ന് മുകേഷ് ഖന്ന പറഞ്ഞു. താൻ സിനിമ കണ്ടിട്ടില്ല. പ്രൊമോഷണൽ മെറ്റീരിയലുകളും പ്രേക്ഷകരുടെ പ്രതികരണങ്ങളും അടിസ്ഥാനമാക്കിയാണ് തന്റെ വിമർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതാദേവിയായും യഷ് രാവണനായും വേഷമിട്ട ചിത്രം നവംബർ അഞ്ചിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2028-ൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.