സിനിമകളിലെ വൈകാരികരംഗങ്ങൾ തന്നെ ചിലപ്പോൾ മാനസികമായി ബാധിക്കാറുണ്ടെന്ന് നടി അഞ്ജലി. സംവിധായകൻ കട്ട് പറഞ്ഞതിന് ശേഷവും താൻ നിർത്താതെ കരഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. തമിഴ് സിനിമയിലാണ് ഇത്തരത്തിലുള്ള കൂടുതൽ അനുഭവങ്ങളുണ്ടായിട്ടുള്ളതെന്നും അവർ പറഞ്ഞു. റാം സംവിധാനം ചെയ്ത് നിവിൻ പോളി, സൂരി എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന യേഴ് കടൽ യേഴ് മലൈ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി എസ്.എസ്. മ്യൂസിക്ക് യുട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അഞ്ജലി. അങ്ങാടി തെരു എന്ന ചിത്രത്തിലെ അനുഭവം ചൂണ്ടിക്കാട്ടിയാണ് അഞ്ജലി വൈകാരികരംഗങ്ങൾ തന്നെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് വിശദീകരിച്ചത്.

To advertise here,

"സംവിധായകൻ കട്ട് പറഞ്ഞതിന് ശേഷവും ആ കഥാപാത്രത്തിന്റെ അതേ ഇമോഷനിൽ ഞാൻ നിന്നുപോയിട്ടുള്ള കുറേ സംഭവങ്ങളുണ്ടായിട്ടുണ്ട്. അങ്ങാടി തെരു എന്ന സിനിമയുടെ ക്ലൈമാക്സ് അത്തരത്തിലൊന്നാണ്. എന്റെ കഥാപാത്രത്തിന് കാല് നഷ്ടമായതിന് ശേഷം നായകൻ എന്റെ അടുത്ത് വന്ന് കരയുന്ന സീനുണ്ട്. അത് നമ്മൾ ശരിക്കും ഗവൺമെന്റ് ആശുപത്രിയിൽതന്നെയായിരുന്നു ഷൂട്ട് ചെയ്തത്. ആ സീനിൽ നിങ്ങൾ കാണുന്ന ആളുകളിൽ കൂടുതലും അവിടെയുണ്ടായിരുന്ന രോഗികളായിരുന്നു.

സീൻ ചിത്രീകരിക്കുമ്പോൾ എനിക്ക് ഭക്ഷണം കഴിക്കാനെ വിശ്രമിക്കാനോ പറ്റില്ല. ആ ബെഡിൽ നിന്ന് താഴെ ഇറങ്ങാൻ പോലും പറ്റില്ലായിരുന്നു. കാരണം എന്താണെന്നു വച്ചാൽ. എന്റെ കാല് മടക്കി കെട്ടി വച്ചിരിക്കുകയാണ്. കാല് പോയ സീൻ ആണല്ലോ അത്. ബെഡിന് താഴെ ഒരു ദ്വാരമുണ്ടാക്കി അവിടെ ഗ്രീൻമാറ്റ് വച്ച് മേക്കപ്പ് ഒക്കെ ചെയ്താണ് കാലിന്റെ രംഗങ്ങളെടുത്തത്. എനിക്ക് പക്ഷേ അവിടെ ഒന്നും ചെയ്യാൻ പറ്റില്ല, കാരണം അത് സർക്കാർ ആശുപത്രിയാണ്, ഒറിജിനൽ ലൊക്കേഷനാണ്. രാവിലെ മുതൽ വൈകുന്നേരം വരെ കാൽ അങ്ങനെ മടക്കി കെട്ടിവെച്ചിരിക്കുകയാണ്. അത് മാറ്റാനേ പാടില്ലായിരുന്നു. എനിക്കത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എനിക്കുണ്ടായ ബുദ്ധിമുട്ടുകളായിരുന്നോ ആ ഷോട്ടിലുണ്ടായിരുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷേ ആ ഷോട്ട് എന്റെ നിയന്ത്രണങ്ങൾക്കപ്പുറമായിരുന്നു. ഞാൻ കരയാൻ തുടങ്ങി. ക്യാമറ കട്ട് പറഞ്ഞതിനുശേഷവും ഞാൻ കര‍ഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. മതിയെന്ന് അവർ പറഞ്ഞിട്ടും ഞാൻ കരച്ചിൽ നിർത്തിയില്ല." അഞ്ജലിയുടെ വാക്കുകൾ.

തെലുങ്കിൽ ഒരു വെബ്സീരീസ് ചെയ്യുമ്പോഴും കരച്ചിൽ നിർത്താൻ കഴിയാതിരുന്ന സംഭവവും അഞ്ജലി ഓർത്തുപറഞ്ഞു. താനവതരിപ്പിക്കുന്ന കഥാപാത്രത്തെ അനുവാദമില്ലാതെ ഒരാൾ കയറിപ്പിടിക്കുന്ന രംഗമായിരുന്നു അത്. തിരിഞ്ഞ് ക്യാമറയിലേക്ക് നോക്കുമ്പോൾ കട്ട് പറഞ്ഞിരുന്നു. പക്ഷേ താനപ്പോഴേക്കും കരയാൻ തുടങ്ങിയെന്നും അതൊരിക്കലും മുൻകൂട്ടി പ്ലാൻ ചെയ്ത കാര്യമായിരുന്നില്ലെന്നും അഞ്ജലി വ്യക്തമാക്കി.

"സ്ക്രിപ്റ്റിൽ അങ്ങനെയൊരു സീനേ ഇല്ല. ആ ഷോട്ട് ഇപ്പോഴും ആ സീരിസിലുണ്ട്. ഞാൻ എന്തിനാണ് നിയന്ത്രണംവിട്ട് കരഞ്ഞതെന്ന് എനിക്കിപ്പോഴും അറിയില്ല. എവിടുന്നൊക്കെയാണ് ആ ട്രോമ നമ്മുടെ മനസിലേക്ക് വരുന്നതെന്ന് നമുക്കറിയില്ല. പക്ഷേ, എന്റെ കൂടെ അഭിനയിച്ച നടൻ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, എല്ലാം ഓക്കെയാണ്, ഞാൻ നിന്നെ ഒന്നും ചെയ്തിട്ടില്ലെന്ന്. ഞാൻ കരയുന്നത് കണ്ടിട്ട് അദ്ദേഹം പേടിച്ചു പോയിരുന്നു. അത് സംവിധായകന്റെയോ കൂടെ അഭിനയിക്കുന്നവരുടെയോ ഒന്നും കുഴപ്പമല്ല. ചില ട്രോമകൾ ആ സമയത്ത് നമ്മുടെ ഉള്ളിലൂടെ കടന്നുവരും. അത് പുറത്തേക്ക് വരും. അത്രയേ ഉള്ളൂ", അഞ്ജലി കൂട്ടിച്ചേർത്തു.

തമിഴ് സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി അഞ്ജലിയുടേത്. എങ്കേയും എപ്പോതും, അങ്ങാടിതെരു തുടങ്ങിയ സിനിമകളാണ് തമിഴ് നടി അ‍ഞ്ജലിയെ മലയാളികൾക്ക് സുപരിചിതയാക്കിയത്. പയ്യൻസ്, റോസാപ്പൂ, ഇരട്ട എന്നീ മലയാള ചിത്രങ്ങളിലും അവർ വേഷമിട്ടിട്ടുണ്ട്. നടൻ വിശാൽ സംവിധാനം ചെയ്ത മകുടം എന്ന ചിത്രമാണ് അഞ്ജലി നായികയായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.