ചെന്നൈ: പ്രശസ്ത തമിഴ് സാഹിത്യകാരൻ ഇരാ മുരുകൻ (74) അന്തരിച്ചു. നോവലും കഥകളും കവിതയുമായി 30-ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള മുരുകൻ എൻ.എസ്. മാധവന്റെ ‘ലന്തൻബത്തേരിയിലെ ലുത്തീനിയകൾ’ എന്ന നോവൽ ‘പീരങ്കി പാടൽകൾ’ എന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

To advertise here,

തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ജനിച്ച മുരുകന് ബാങ്കിങ്, ഐ.ടി. മേഖലകളിലായിരുന്നു ജോലി. കവിതയിലൂടെ സാഹിത്യരംഗത്തെത്തിയ അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും തമിഴ്‌സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ചു. അരസൂർ വംശം, വിശ്വരൂപം, അച്ചുതം കേശവം, വാഴന്തു പോകീരേ എന്നിവയാണ് പ്രശസ്ത നോവലുകൾ. തമിഴകത്തിനൊപ്പം കേരളവും അദ്ദേഹത്തിന്റെ കഥകൾക്ക് പശ്ചാത്തലമായി.

അരസൂർ വംശത്തിന്റെ ഇംഗ്ലീഷ് വിവർത്തനമായ ‘ഗോസ്റ്റ്‌സ് ഓഫ് അരസൂർ’ ക്രോസ് വേഡ് പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. ലന്തൻ ബത്തേരിയുടെ വിവർത്തനവും പുരസ്‌കാരങ്ങൾ നേടി. കമൽ ഹാസന്റെ ‘ഉന്നൈപ്പോൽ ഒരുവൻ’ അജിത്തിന്റെ ‘ബില്ല-2’ എന്നീ സിനിമകളുടെ സംഭാഷണം എഴുതിയ മുരുകൻ ‘റെഡ് സ്ട്രീറ്റ്’ എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ബാങ്കിങ് ഓട്ടമേഷൻ വിദഗ്ധനായിരുന്ന മുരുകന്റെ ശാസ്ത്രകൃതികളും ശ്രദ്ധേയമാണ്. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: ഐ.പി.എൽ. ക്രിക്കറ്റ് താരം അശ്വിൻ മുരുകൻ, ഐശ്വര്യ. മുരുകന്റെ വിയോഗന്യൂത്തിൽ കമൽഹാസനുൾപ്പെടെയുള്ള പ്രമുഖർ അനുശോചിച്ചു.