ജയിലർ 2 ഇറങ്ങിയ ദിവസം ജോബി കൊടകര പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ ചർച്ചയായിരുന്നു.

ജയിലർ 2 എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഡ്യൂപ്പ് ആയത് താനാണെന്ന് വെളിപ്പെടുത്തിയ മിമിക്രി താരം ജോബി കൊടകരയ്ക്കെതിരെ വിമർശനവുമായി നടനും പ്രൊഡക്ഷൻ കൺട്രോളറുമായ ആസാദ് കണ്ണാടിക്കൽ. സിനിമ റിലീസ് ചെയ്ത അന്നുതന്നെ ഇക്കാര്യം വെളിപ്പെടുത്തുന്ന ഇത്തരക്കാരെ സിനിമാക്കാർ ഒരിക്കലും അടുപ്പിക്കരുതെന്ന് സോഷ്യൽ മീഡിയാ കുറിപ്പിൽ ആസാദ് പറഞ്ഞു. ഓരോ സിനിമയിലും സൂപ്പർ താരങ്ങൾക്ക് ലോങ് ഷോട്ടിൽ മുഖം മനസ്സിലാകാതെ വരുന്ന ഷോട്ടുകളിൽ അവരുടെ അതേ രൂപത്തിൽ ഉള്ളവരെ വിളിച്ച് ചെയ്യിക്കുന്നത് സാധാരണമാണ്. രജനീകാന്തിനും ഡ്യൂപ്പുണ്ട്. അയാൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യാതിരുന്നതെന്ന് ചിന്തിക്കണമെന്നും ആസാദ് പറയുന്നു.
ആസാദ് കണ്ണാടിക്കലിന്റെ കുറിപ്പ് ഇങ്ങനെ:
ലോകത്തെ ആദ്യത്തെ സംഭവമാണ് ഒരു താരത്തിന് ഡ്യൂപ്പ് ഇടുന്നത് എന്ന് കരുതി, സിനിമ റിലീസ് ചെയ്ത ദിവസം തന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇട്ട ഇതുപോലെ ഉള്ള ആൾക്കാരെ ഒന്നും സിനിമാക്കാർ ഇനി മുതൽ അടുപ്പിക്കരുത്. ഓരോ സിനിമയിലും സൂപ്പർ താരങ്ങൾക്ക് ലോങ് ഷോട്ടിൽ മുഖം മനസ്സിലാകാതെ വരുന്ന ഷോട്ടുകളിൽ അവരുടെ അതേ രൂപത്തിൽ ഉള്ളവരെ വിളിച്ച് ചെയ്യിക്കുന്നതാണ്. അതിന് വേണ്ടി ഒരേ പോലെയുള്ള രണ്ട് ഡ്രസ്സ് സ്ഥിരമായി ഉണ്ടാവുന്നതാണ് അതിൽ ഒന്ന് ഡ്യൂപ്പിന് കൊടുക്കാറുമുണ്ട് അത് ചെയ്യുന്നവർക്ക് 2000 രൂപ മുതൽ 10000 രൂപ വരെ ശമ്പളവും കൊടുക്കാറുണ്ട്.
എന്നാൽ 350 കോടി രൂപ മുടക്കി ഇറങ്ങിയ ഒരു സിനിമ റിലീസ് ചെയ്ത ദിവസം തന്നെ ആ സിനിമയിൽ വേഷം ചെയ്ത മോഹൻലാലിന്റെ ഡ്യൂപ്പ് ഡ്രസ്സ് ഇട്ട ഈ വ്യക്തി ആ സിനിമയിൽ ഇല്ലാത്തതും ഉള്ളതുമായ വേഷത്തിൽ മോഹൻലാൽ ചെയ്ത വേഷത്തിന്റെ ഡ്യൂപ്പ് ചെയ്തത് ഞാൻ ആണെന്ന് അറിയിക്കാൻ വേണ്ടി ചെയ്തത് തെണ്ടിത്തരമാണ്.
ഒരു സിനിമയിൽ ഒരാളെ അഭിനയിക്കാൻ വിളിക്കുമ്പോൾ ആ താരം പറയുന്ന പണം എത്രയാണോ അത് വാങ്ങിയിട്ടാണ് അവർ അഭിനയിക്കുന്നത്. ആ സിനിമയിൽ അഭിനയിച്ച് അവർ ഡബ്ബ് ചെയ്ത് പോയി കഴിഞ്ഞാൽ ആ സിനിമയിൽ ഏതൊക്കെ സീൻ വേണം ഏതൊക്കെ സീൻ വേണ്ട എന്ന് തീരുമാനിക്കുന്നത് ആ സിനിമയുടെ സംവിധായകനും എഡിറ്ററുമാണ്. അവർക്ക് ആ സിനിമയിൽ ആവശ്യമില്ല എന്ന് തോന്നുന്ന ഏത് സീനും കട്ട് ചെയ്ത് ഒഴിവാക്കാൻ ഉള്ള പൂർണ്ണ സ്വാതന്ത്രം അവർക്കുണ്ട്. അങ്ങനെ കട്ട് ചെയ്ത് പോയതിൽ മോഹൻലാലിനെയും സംവിധായകനെയും കുറ്റം പറയാൻ പാടില്ല. അതൊക്കെ സർവ്വ സാധാരണമാണ്.
എന്നാൽ ജയിലർ 2 സിനിമയിൽ മോഹൻലാൽ അഭിനയിച്ച ഭാഗങ്ങൾ എല്ലാം ഡ്യൂപ്പ് ആണ് ഉള്ളത് എന്ന് സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യാൻ കാരണം ഈ വ്യക്തിയാണ്. ഇയാൾക്ക് ചെയ്ത ജോലിക്ക് ശമ്പളം കൊടുത്തിട്ടുമുണ്ടാകും. അതും വാങ്ങി ഇതുപോലെയുള്ള മോശം കാര്യങ്ങൾ ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. രജനി കാന്തിന്റെ മുഖം കാണുന്ന ഷോട്ടിൽ മാത്രമേ അദ്ദേഹം നിൽക്കാറൊള്ളൂ. ബാക്കി എല്ലാം ഡ്യൂപ്പിനെ വെച്ചാണ് ഷൂട്ട് ചെയ്തത്. എന്തുകൊണ്ടാണ് രജനികാന്തിന്റെ ഡ്യൂപ്പ് ഇതേപോലെയുള്ള തെണ്ടിത്തരം ചെയ്യാത്തത്, എന്തുകൊണ്ടാണ്, അതാണ് ഉണ്ട ചോറിന് കാണിക്കേണ്ട മര്യാദ.
ഒരു സിനിമയിൽ ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട്. അത് വലിയ സംഭവം ഒന്നുമല്ല എല്ലാ ലൊക്കേഷനിലും ഉള്ള കാര്യമാണ്. അതിന്റെ ഒരു ഫോട്ടോ കൂടെ വെക്കുന്നുണ്ട്.
ജയിലർ 2 ഇറങ്ങിയ ദിവസം ജോബി കൊടകര പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ ചർച്ചയായിരുന്നു. ചിത്രത്തിന്റെ വളരെ ചെറിയ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ചിത്രങ്ങൾക്കൊപ്പം ജോബി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്.
Content Highlights: Actor and production controller Azad Kannadikkal strongly criticized mimicry artist Joby Kodakara for revealing on release day that he served as Mohanlal's body double in Jailer 2, calling the social media disclosure unprofessional and disrespectful to the filmmaking process.
Published: 17 Oct 2026, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented