തന്നെ അധിക്ഷേപിക്കാൻ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് ട്രാൻസ് വ്യക്തി എന്നതാണെന്ന് നടി ഖുശ്ബു സുന്ദറിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മകൾ അനന്ദിത സുന്ദർ. ട്രാൻസ് വ്യക്തി എന്നത് അധിക്ഷേപവാക്കായി താൻ കരുതുന്നില്ലെന്നും അവർ വ്യക്തമാക്കി. അനന്ദിതയുടെ നിലപാടിന് കൈയടിച്ച് ഖുശ്ബുവും രംഗത്തെത്തി.

To advertise here,

ഒരു യൂട്യൂബ് അഭിമുഖത്തിലാണ് അനന്ദിത തന്റെ നിലപാട് പറഞ്ഞത്. തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയതിൽവെച്ച് ഏറ്റവും ദയയുള്ള വ്യക്തികൾ ട്രാൻസ് വിഭാഗത്തിൽപ്പെട്ടവരുമായിരുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. 'ട്രാൻസ്‌ജെൻഡർ വ്യക്തികൾ വളരെ നല്ല സ്വഭാവമുള്ളവരാണെന്ന് ഞാൻ കരുതുന്നു. ഞാൻ ജീവിതത്തിൽ കണ്ടുമുട്ടിയതിൽവെച്ച് ഏറ്റവും ദയയുള്ളവർ ട്രാൻസ് വിഭാഗങ്ങളിൽനിന്നുമുണ്ട്. എന്നാൽ, ഇൻസ്റ്റഗ്രാം തുറന്നാൽ എന്നെ അധിക്ഷേപിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് ട്രാൻസ് വ്യക്തിയെപ്പോലെയാണ് എന്നതാണ്. ഇതെന്നെ സങ്കടപ്പെടുത്താൻ വേണ്ടി മാത്രമല്ല ചെയ്യുന്നത്. അവരുടെ ഹോമോഫോബിയയും വിവരമില്ലായ്മയും ഒപ്പം പുറത്തുവരികയാണ്', അനന്ദിതയുടെ വാക്കുകൾ.

ട്രാൻസ് വ്യക്തി എന്ന് വിളിക്കുന്നത് അധിക്ഷേപമല്ലെന്ന് അനന്ദിത വ്യക്തമാക്കി. 'ഞാൻ ഒരു സ്ത്രീയാണ്. പരമാവധി ദയയോടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മറ്റുള്ളവരെ എനിക്ക് നിയന്ത്രിക്കാനാവില്ല. ഞാൻ ഒരു ചിത്രം പങ്കുവെച്ചാൽ അതിന് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും ഞാൻ എത്രത്തോളം വിരൂപയാണ് എന്ന് പറയുന്നവയാണ്. ഇപ്പോൾ ഞാൻ അതിനെയെല്ലാം പ്രതിരോധിക്കാൻ പഠിച്ചു', അനന്ദിത കൂട്ടിച്ചേർത്തു.

അഭിമുഖം പുറത്തുവന്നതിന് പിന്നാലെ മകളെ പ്രശംസിച്ച് ഖുശ്ബു രംഗത്തെത്തി. അനന്ദിതയുടെ അഭിമുഖം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചാണ് പ്രശംസ. 'നിന്നെയോർത്ത് ഏറെ അഭിമാനിക്കുന്നു എന്റെ ബൊമൈ', എന്ന് ഖുശ്ബു കുറിച്ചു.

അനന്ദിതയും സിനിമാ മേഖലയിൽ സജീവമാണ്. ഖുശ്ബുവും എ.സി.എസ്. അരുൺ കുമാറും ചേർന്ന് നിർമിച്ച് അശ്വിൻ കന്തസാമി സംവിധാനം ചെയ്ത 'ഡബിൾ ഒക്യുപൻസി' എന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറാണ് അനന്ദിത. 23-കാരിയായ ഇവർ മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 2, തഗ് ലൈഫ് എന്നീ ചിത്രങ്ങളുടെയും ഭാഗമായിരുന്നു.